പുതിയൊരു വീടു വാങ്ങാന്‍ വേണ്ടി സ്ഥലം നോക്കുന്നവരോ അല്ലെങ്കില്‍ നിര്‍മ്മിച്ച വീട് വാങ്ങിക്കുന്നവരോ ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വീടിന്റെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള അറിവാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീടിന് അടുത്തുണ്ടാകുന്നതില്‍ തുടങ്ങി വൈകുന്നേരം വിശ്രമിക്കാനുള്ള ഗാര്‍ഡന്‍ വരെ വീടുകളുടെ മൂല്യം നിര്‍ണയിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. സ്‌കൂളുകള്‍, മാര്‍ക്കറ്റ്, ട്രെയിന്‍ സ്റ്റേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വീടിനടുത്തായുണ്ടെങ്കില്‍ നിങ്ങളുടെ വീട് ആയിരക്കണക്കിന് പൗണ്ടിലേറെ അധികമൂല്യമുള്ളവയാണെന്ന് ചുരുക്കം.

നിങ്ങളുടെ വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന 9 ഘടകങ്ങളെ പരിചയപ്പെടാം.

സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സാമീപ്യം

സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാമീപ്യം പ്രോപ്പര്‍ട്ടികളുടെ വിലയെ സ്വാധീനിക്കാറുണ്ട്. ബ്രിട്ടനിലെ ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് ഏതാണ്ട് 22,000 പൗണ്ടിന്റെ അധികമൂല്യമുള്ളതായി വ്യക്തമാക്കുന്നു. സെയിന്‍സ്ബറീസ് സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള വീടുകളുടെ അധികമൂല്യം ഏതാണ്ട് 28,000 പൗണ്ടോളം വരും. വെയിറ്റ്‌റോസ് സൂപ്പര്‍ മാര്‍ക്കറ്റുകളാണ് അടുത്തുള്ളതെങ്കില്‍ അധികമൂല്യം 40,000 പൗണ്ടായി ഉയരും. ആള്‍ഡി സ്റ്റോറുകളാണ് അടുത്തുള്ളതെങ്കില്‍ മൂല്യം 1,300 പൗണ്ട് മാത്രമാണെന്നും പഠനം പറയുന്നു.

പാര്‍ക്ക് ലൈഫ്

ഒഴിവുസമയം ചെലവഴിക്കാനും ഒന്ന് റിലാക്‌സ് ചെയ്യാനും പാര്‍ക്കുകളില്‍ പോകാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പാര്‍ക്കുകള്‍ക്ക് സമീപമാണ് വീടുകളെങ്കില്‍ അവയുടെ വില കൂടുന്നത് സ്വാഭാവികം മാത്രം. ഒട്ടേറെ പാര്‍ക്കുകളുള്ള മാഞ്ചസ്റ്റര്‍ നഗരത്തിലെ ലാന്‍ഡ് രജിസ്ട്രി ഡേറ്റയയനുസരിച്ച് പാര്‍ക്കുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് 65000 പൗണ്ട് വരെ മൂല്യം ഉയരാറുണ്ട്. പാര്‍ക്കിന് സമീപ പ്രദേശത്തായി ജിവിക്കുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള ഫെസ്റ്റിവലുകളുടെയും ഇതര ആഘോഷങ്ങളുടെയും ഭാഗമാകാന്‍ കഴിയും.

സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍

പുതിയ സ്റ്റേഡിയങ്ങള്‍ വരുമ്പോള്‍ സമീപപ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണ്. സാമ്പത്തിക വിദ്ഗദ്ധര്‍ നടത്തിയ പഠനത്തില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് ക്യാംപസ് പ്രദേശത്തെ വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല(ZOOPLA) നടത്തിയ മറ്റൊരു പഠനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തിനടുത്തുള്ള വീടുകളുടെ വിലയില്‍ 2017ല്‍ 6 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രീമിയര്‍ ലീഗ് സ്റ്റേഡിയങ്ങള്‍ക്കടുത്തും വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ട്.

ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം

ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം വീടുകളുടെ മൂല്യത്തില്‍ 56 ശതമാനം വര്‍ദ്ധനവുണ്ടാക്കുമെന്ന് പ്രൈം ലോക്കേഷന്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ട്, വീട് മാര്‍ക്കറ്റില്‍ മറ്റെല്ലാ പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടികളും നഷ്ടത്തിലേക്ക് കൂപ്പു കൂത്തിയ സമയത്തും ഗോള്‍ഫ് കോഴ്‌സുകള്‍ക്കടുത്തുള്ള പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 7 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒറ്റസംഖ്യാ ഘടകം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരട്ടസംഖ്യകള്‍ വീട്ടുനമ്പറായുള്ള പ്ലോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റസംഖ്യ നമ്പറുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 538 പൗണ്ടിന്റെ അധിക മൂല്യമുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല (ZOOPLA) നടത്തിയ പഠനത്തില്‍ പറയുന്നു. 13 നമ്പര്‍ എടുക്കാന്‍ ധൃതി കാണിക്കുന്നവര്‍ സൂക്ഷിക്കുക അന്ധവിശ്വാസങ്ങള്‍ നിങ്ങളുടെ വീടിന്റെ മൂല്യം കുറച്ചേക്കും. 6500 പൗണ്ടിന്റെ മൂല്യനഷ്ടം ഇതുകൊണ്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കനാലുകള്‍

കനാലുകള്‍ക്കും ജല സ്രോതസുകള്‍ക്കും സമീപത്ത് വസിക്കുന്നവരുടെ ജീവിതം മാനസികോല്ലാസം നിറഞ്ഞതായിരിക്കുമെന്ന് കനാല്‍ ആന്റ് റിവര്‍ ട്രസ്റ്റ് വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ വീടുകളുടെ മൂല്യത്തില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നും ട്രസ്റ്റ് വ്യക്തമാക്കുന്നു. പ്രദേശിക സാമ്പത്തിക മേഖലയ്ക്കും കനാലുകള്‍ ഗുണം ചെയ്യുമെന്നത് വീടുകളുടെ വിലവര്‍ദ്ധനവിന് പ്രധാന കാരണമായി ഉയര്‍ത്തി കാണിക്കപ്പെടുന്നു.

മാര്‍ക്കറ്റുകള്‍

ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വീടുകളുടെ മൂല്യം 30,788 പൗണ്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ ശരാശരി പ്രോപ്പര്‍ട്ടി മൂല്യത്തേക്കാളും 12 ശതമാനം കൂടുതലാണിത്. റാംസ്‌ബോട്ടം, സാഡില്‍വെര്‍ത്ത് എന്നീ സ്ഥലങ്ങളാണ് താമസത്തിന് ഏറ്റവും കൂടുതല്‍ അനുയോജ്യമായ സ്ഥലമെന്നും പഠനം പറയുന്നു. ഇരു സ്ഥലങ്ങളും മാര്‍ക്കറ്റുകളെ അടിസ്ഥാനപ്പെടുത്തി വികസിച്ചവയാണ്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആള്‍ട്രിന്‍ചാം ടൗണാണ് രാജ്യത്തിലെ ഏറ്റവും ചെലവേറിയ ആറാമത്തെ സ്ഥലം. മാര്‍ക്കറ്റിന്റെ സ്വാധീനമാണ് ഇവിടുത്തെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലയുടെ കാരണം.

ഒരു പേരിലെന്തിരിക്കുന്നു

വീടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രദേശങ്ങളുടെ പേരുകള്‍ വിലയെ സ്വാധീനിച്ചേക്കാം. വാറണുകളാണ് രാജ്യത്തെ ഏറ്റവും വിലകൂടിയ റോഡുകളെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല(ZOOPLA) പറയുന്നു. ഇവിടങ്ങളില്‍ രാജ്യത്തിന്റെ ശരാശരി മൂല്യത്തേക്കാള്‍ ഇരട്ടിയാണ് വീടുകളുടെ വില. അതേസമയം സ്ട്രീറ്റുകള്‍ ഇതിനേക്കാളും അഫോഡബിളായിട്ടുള്ളവയാണ്. 100,000 പൗണ്ടിനേക്കാളും കുറവാണ് സ്ട്രീറ്റുകളിലെ വീടുകളുടെ മൂല്യം.

മരങ്ങള്‍

വീടുകള്‍ക്കടുത്തുള്ള തെരുവുകളിലെ മരങ്ങള്‍ ഇല്ലാതാകുന്നത് പ്രോപ്പര്‍ട്ടിയുടെ മൂല്യത്തില്‍ ഇടിവു വരാന്‍ കാരണമാകും. മരങ്ങളുടെ അഭാവം ഏതാണ്ട് 5 ശതമാനത്തോളം മൂല്യത്തകര്‍ച്ചയുണ്ടാക്കും. മരങ്ങളുടെ സാന്നിദ്ധ്യം പ്രദേശത്ത് ശുദ്ധവായു ലഭ്യമാക്കുകയും നഗരങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലെ വീടുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്ന് ലോകത്തെമ്പാടും നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.