ലണ്ടന്‍: 9കാരനായ ചെസ് സൂപ്പര്‍താരത്തെ നാടുകടത്തിലെന്ന് യുകെ. താരത്തിനും കുടുംബത്തിനും രാജ്യത്ത് തന്നെ തുടരാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ വംശജനായ ശ്രേയസ് റോയല്‍ തന്റെ പ്രായത്തിലുള്ളവരുടെ ലോക റാങ്കിംഗില്‍ 4-ാം സ്ഥാനക്കാരനാണ്. 3 വയസ് പ്രായമുള്ളപ്പോഴാണ് ശ്രേയസ് ഐടി പ്രൊഫഷണലായ പിതാവ് ജിതേന്ദ്ര സിംഗിനൊപ്പം യുകെയിലെത്തുന്നത്. 2018 സെപ്റ്റംബറില്‍ സിംഗിന്റെ വിസാ കാലാവധി അവസാനിക്കുന്നതോടെ ശ്രേയസും രാജ്യം വിട്ടുപോകേണ്ടി അവസ്ഥയിലായി. ഹോം ഓഫീസ് നടപ്പിലാക്കുന്ന കടുത്ത നിയമങ്ങള്‍ പ്രകാരം സിംഗിന് വിസ പുതുക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല.

ഫിഡെ(FIDE) ടൈറ്റില്‍ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് കളിക്കാരനാണ് ശ്രേയസ്. തന്റെ എഴാമത്തെ വയസില്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ ആയിട്ടുള്ള വ്യക്തി കൂടിയാണ് ശ്രേയസ്. യു.കെ ചെസ് ഫെഡറേഷന്‍ അദ്ഭുത പ്രതിഭാസമെന്നാണ് ഒരിക്കല്‍ ഈ യുവതാരത്തിനെ വിശേഷിപ്പിച്ചത്. യു.കെയുടെ അഭിമാനമായി വളരുന്ന തന്റെ മകന്റെ കരിയര്‍ കൂടി കണക്കിലെടുത്ത് വിസ നീട്ടിനല്‍കുന്ന നിയമ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് സിംഗ് ഹോം ഓഫീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ കുടുംബത്തെയും ശ്രേയസിനെയും നിലനിര്‍ത്താനുള്ള സാധ്യതകളൊന്നുമില്ലെന്നാണ് ഹോം ഓഫീസ് പ്രതികരിച്ചത്. പിന്നീട് വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഹോം ഓഫീസ് തീരുമാനം മാറ്റുകയായിരുന്നു. ലോകത്തിലെ മികച്ച ഇമിഗ്രേഷന്‍ പോളിസികള്‍ നിലനില്‍ക്കുന്നത് യുകെയിലാണെന്നും ഇത്തരം കഴിവുള്ളവരെ നിലനിര്‍ത്തുമെന്നും ഹോം സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. 5-ാം വയസില്‍ ചെസ് പരിശീലനം ആരംഭിച്ച ശ്രേയസ് 7 വയസില്‍ പ്രധാനപ്പെട്ട പല ഇംഗ്ലീഷ് ചെസ് ടെറ്റിലുകള്‍ നേടുകയും ചെയ്തു. 21-ാം വയസില്‍ ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കണമെന്നാണ് ശ്രേയസിന്റെ ആഗ്രഹം. അതിനായി കഠിന ശ്രമം നടത്തുമെന്നും പിതാവ് സിംഗ് പ്രതികരിച്ചു.