കൊച്ചിയിൽ നിപ ബാധ സംശയിക്കുന്ന യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 16 പേര്‍ തൃശൂരിലുണ്ട്, ബാക്കിയുളളവര്‍ മറ്റ് ജില്ലകളില്‍ നിരീക്ഷണത്തിലാണ്. എന്നാൽ തൃശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. ശക്തമായ പനിയുണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും തൃശൂർ ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ യുവാവിന് വൈറസ് ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് ഡിഎംഒ അറിയിച്ചു.
ഇതിനിടെ, യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന വിവരം പുറത്തുവന്നു. നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപതികരമെന്ന് എറണാകുളം ഡി.എംഒ അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.
നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.
കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറിയും ആരോഗ്യ ഡയറക്ടറും ക്യാംപ് ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്റെ സേവനവും സര്‍ക്കാര്‍ തേടി. എറണാകുളം കലക്ടറുടെ സാന്നിധ്യത്തില്‍ രാവിലെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശൂരില്‍ ഡി.എം.ഒയുടെ നേതൃത്വത്തില‍്‍ ഒരുക്കങ്ങള്‍ തുടരുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുള്‍പെടെ അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.വരുന്നത് അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരുടെ സംഘമാണ്. നിപ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ചികിത്സയ്ക്കായാണ് സംഘം എത്തുന്നത്. കഴിഞ്ഞ വർഷം ആരോഗ്യമേഖലയ്ക്ക് വൻ വെല്ലുവിളി ഉയർത്തിയ നിപയെ ഫലപ്രദമായി പ്രതിരോധിച്ച ഡോക്ടറുമാരുടെ സംഘമാണ് എത്തുന്നത്.
യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ഥി താമസിച്ച തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണ്.
Leave a Reply