ജോര്‍ജ് ഏബ്രഹാം

പ്രമുഖ രത്‌നബിസിനസുകാരനും സെലിബ്രിറ്റികളുടെ ഇഷ്ട വ്യാപാരിയുമായിരുന്ന നീരവ് മോദി നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പു കേസ് ഇന്ത്യ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പും, ധനികരായ ആളുകള്‍ ഭാരതമണ്ണില്‍ സാമ്പത്തിക അഴിമതി നടത്തിയതിന്റെ പ്രത്യക്ഷമായ ഒരു തെളിവും ആണ്. നീരവ് മോദിയും, അയാളുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇപ്പോള്‍ സി.ബി.ഐ.യുടെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും പിടികിട്ടാപ്പുള്ളികളാണ്. ഇരുവരും ചേര്‍ന്ന് വിവിധ വിദേശസ്ഥാപനങ്ങളുടെ പേരില്‍ 2000 മില്യന്‍ ഡോളറാണ് വായ്പയെടുത്തിരിക്കുന്നത്. മുംബൈ ബ്രാഞ്ചിലെ രണ്ടു ജൂനിയര്‍ ഓഫീസര്‍മാര്‍ മോദിയ്ക്കും ചോക്‌സിയ്ക്കും പണം കടം കൊടുക്കുന്നതിനുള്ള നടപടിക്കത്ത് ഇന്ത്യയ്ക്കു പണം കടംകൊടുക്കുന്ന വിദേശ ബ്രാഞ്ചുകള്‍ക്ക് കൈമാറി എന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരാതി.

എന്‍.ഡി.റ്റി.വി അടുത്തകാലത്തു നടത്തിയ ഒരന്വേഷണത്തില്‍ ഇന്ത്യന്‍ ബാങ്കുകളും നീരവ് മോദിയുടെ അമേരിക്കന്‍ കമ്പനികളും തമ്മിലുള്ള ധനവിനിമയങ്ങളിലെ അസ്വാഭാവികതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. സി.ബി.ഐ.യുടെ അനുമാനം. മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തന്റെ വിദേശ വ്യാപാരികള്‍ക്കു നല്കുവാനെന്ന വ്യാജേന എടുത്ത പണം മറ്റേതെങ്കിലും ഇടത്തേയ്ക്കു മാറ്റിയിട്ടുണ്ടാകാം എന്നാണ്.

നീരവ് മോദിയുടെ ന്യൂയോര്‍ക്കിലെ രജിസ്റ്റര്‍ ചെയ്ത ബിസിനസ് സംരംഭമായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് കടക്കാരില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചാപ്റ്റര്‍ 11 സ്വമേധയാ പരാതി നല്കിയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്കില്‍നിന്നുള്ള ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സംരക്ഷകന്‍ എന്നവകാശപ്പെടുന്ന പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ഒരു ഒഴുക്കന്‍ പ്രസ്താവന നടത്തി രക്ഷപ്പെടുകയാണ് ചെയ്തത്.

ഇന്ത്യയിലെ ഒരു വ്യാപാരിക്ക് ഇത്ര വലിയ തുക ഒരു ബാങ്കില്‍നിന്നും അടിച്ചുമാറ്റാന്‍ എങ്ങനെയാണ് സാധിക്കുക? തിരിച്ചടവു സംവിധാനങ്ങള്‍ക്കുള്ള സാധ്യത വിലയിരുത്തുന്നതില്‍ ധാര്‍മ്മിക വീഴ്ച സംഭവിച്ചില്ലേ? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉറക്കത്തിലായിരുന്നോ? ഇത്രയും ഭീമമായ കരുതല്‍ ധനം മാറ്റം ചെയ്യപ്പെട്ടപ്പോള്‍ സാമ്പത്തിക മന്ത്രാലയം എന്തുകൊണ്ട് ഒരു മേല്‍നോട്ടം നടത്തിയില്ല? മോദി ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം എവിടെ?

വഞ്ചനക്കേസുകളുടെ ഏറ്റവും വലിയ നിഗൂഢത, നീരവ് മോദി ഉള്‍െപ്പടെയുള്ള ഇത്തരം കള്ളന്മാരെ നാടുവിട്ടുപോകുവാന്‍ അനുവദിക്കുന്നു എന്നതാണ്. 2018 ജനുവരി 29ന് പഞ്ചാബ് നാഷണല്‍ ബാങ്ക്, സി.ബി.ഐക്ക് പരാതി നല്‍കുന്നതിനു തൊട്ടുമുമ്പ് നീരവ് മോദിയും സഹചാരികളും ഇന്ത്യ വിട്ടിരുന്നു. 2016 ജൂലൈ 22 വരെ 42 എഫ്.ഐ.ആറുകള്‍ നല്കിയ ഈ കേസിനെപ്പറ്റി പ്രധാനമന്ത്രിയടക്കം ഉള്ള ഉന്നത ഉദ്യോഗസ്ഥാര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നിട്ടും എന്തുകൊണ്ടാണ് ചോക്‌സി (നീരവിന്റെ അമ്മാവനും ഗീതാഞ്ജലി ജെംസ് ഉടമയും) അടക്കമുള്ളവര്‍ രാജ്യം വിട്ടുപോകാന്‍ അനുവദിച്ചത്? ചോക്‌സിയുടെ നീക്കങ്ങള്‍ സംശയദൃഷ്ടിയോടെ നിരീക്ഷിക്കെപ്പട്ടിരുന്നതായും പറയെപ്പടുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യമായിട്ടല്ല ഇപ്രകാരം കോടീശ്വരന്മാര്‍ രാജ്യത്തെ വെട്ടിച്ചു വിദേശത്തേക്കു മുങ്ങുന്നതും പിടിക്കെപ്പടാതെ രക്ഷെപ്പടുന്നതും. മദ്യരാജാവ് വിജയ് മല്യ 2016 മാര്‍ച്ചില്‍ വിദേശത്തേയ്ക്കു രക്ഷപ്പെടുമ്പോള്‍ 1.4 ബില്യന്‍ രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. ഈ കപടനാട്യക്കാര്‍ക്കെല്ലാം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും രക്ഷെപ്പടുന്നതിന് ഉന്നതന്മാരുടെ സഹായവും അനുമതിയും ലഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പബ്ലിക് സെക്ടര്‍ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭൂരിഭാഗം ഷെയറുകളും ഗവണ്‍മെന്റിന്റേതാണ്. അതായത് ഇപ്രകാരം ബാങ്ക് വരുത്തിവയ്ക്കുന്ന തിരിച്ചടയ്ക്കെപ്പടാത്ത കിട്ടാക്കടങ്ങള്‍ ഇന്ത്യയിലെ ഷെയര്‍ഹോള്‍ഡര്‍മാരും, ടാക്‌സ് അടയ്ക്കുന്നവരും നല്കുന്ന പണമാണ്.

2012-2013, 2016-2017 വര്‍ഷങ്ങള്‍ക്കിടയില്‍ 22,949 ബാങ്ക് തട്ടിപ്പുകേസുകളിലൂടെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 10.8 ബില്യന്‍ ഡോളറുകളുടെ നഷ്ടമുണ്ടായിട്ടുള്ളതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ 51,000 കോടി രൂപയുടെ മൂലധനമാണ് ഗവണ്‍മെന്റ് പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 2.11 ലക്ഷം കോടി രൂപകൂടി നിക്ഷേപിക്കാമെന്നാണ് പ്രതീക്ഷ. 2017 ജൂണ്‍ വരെ പബ്ലിക് സെക്ടര്‍ ബാങ്കുകളിലെ കിട്ടാക്കടം മാത്രം 7.33 ലക്ഷം കോടി രൂപയാണ്. 2015 മാര്‍ച്ചില്‍ ഇത് 2.78 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കിട്ടാക്കടം നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതില്‍ നല്ല പങ്കും മേല്‍പറയപ്പെട്ട വിധം കോര്‍പറേറ്റുകള്‍ കടമെടുത്തതും തിരിച്ചുകിട്ടാന്‍ സാദ്ധ്യതയില്ലാത്തതും ആണ്. അടുത്ത കാലത്ത് ഏണസ്റ്റ് & യങ്ങ് കമ്പനി നടത്തിയ ഗവേഷണത്തില്‍ പറയുന്നത് ”സാമ്പത്തിക മാന്ദ്യത്തെപഴിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ഒഴിവുകഴിവു പറയുമ്പോള്‍ ഇവരുടെ കണക്കുകള്‍ സമയബന്ധിതമായി ഓഡിറ്റു ചെയ്യുമ്പോള്‍ മനസിലാകുന്നത് കടമെടുത്ത പണം വകമാറ്റി മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചു എന്നതാണ് പ്രതിസന്ധിക്കു വഴിവയ്ക്കുന്നത് അത്തരം നടപടികളാണ്.”

ധനികരും സ്വാധീനമുള്ളവരും ഇപ്രകാരം മനഃപൂര്‍വ്വം നടത്തുന്ന തട്ടിപ്പു നടത്തുന്നതോടൊപ്പം വമ്പിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ വളര്‍ത്തുന്ന ഇത്തരം സംവിധാനങ്ങളെ നമുക്ക് എങ്ങനെയാണു വിശദീകരിക്കുവാന്‍ സാധിക്കുന്നത്?

വജ്രവ്യാപാര സംബന്ധമായ കാര്യങ്ങളെക്കുറിച്ച് വളരെ കുറച്ചു വിദഗ്ധര്‍ മാത്രമുള്ള ബാങ്കില്‍ നിന്നും 12,000 കോടി രൂപ മാറ്റികൊടുക്കുവാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലെ രണ്ടു ജൂനിയര്‍ ഓഫീസര്‍മാര്‍ തീരുമാനിച്ചു എന്ന് നമ്മള്‍ വിശ്വസിച്ചുകൊള്ളണം എന്നാണു പറയുന്നത്. ഈ വായ്പാസംവിധാനത്തിലുള്ള മറ്റൊരു വിരോധാഭാസം, ഒരു സാധാരണക്കാരനായ ഇന്ത്യന്‍ പൗരന് ഇത്തരം പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ ഒരു ചെറിയ തുകയുടെ വ്യക്തിഗത ലോണിന് അപേക്ഷിച്ചാല്‍ അനേക കടമ്പകളാണ് മുന്നിലുള്ളത് എന്നതാണ്. കര്‍ഷകര്‍ പോലും ഒരു ചെറിയ തുകയ്ക്ക് പേക്ഷിച്ചാല്‍ ഭീമമായ സെക്യൂരിറ്റിയും ധാരാളം രേഖകളും നല്‌കേണ്ടതുണ്ട്. തിരിച്ചടവില്‍ ഒരു തവണ മുടങ്ങിയാല്‍ അവര്‍ക്ക് വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വരികയും ചില തവണകള്‍ക്കു മുടക്കം വരുമ്പോള്‍ ജപ്തിനടപടി വരെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സംഘര്‍ഷാവസ്ഥയിലാണ് പലരും ആത്മഹത്യ ചെയ്യാന്‍പോലും നിര്‍ബന്ധിതരാകുന്നത്. പൗരന്മാര്‍ കരമടയ്ക്കുന്ന പണം ബാങ്കിംഗ്, രാഷ്ട്രീയ തലങ്ങളിലുള്ള സ്വാധീനമുപയോഗിച്ച് വന്‍ പ്രോജക്ടുകള്‍ക്കും പദ്ധതികള്‍ക്കുമായി വ്യാജമായി കവര്‍ന്നെടുത്തുകൊണ്ട് തട്ടിപ്പുകാര്‍ വിദേശരാജ്യങ്ങളില്‍ സുഖജീവിതം നയിക്കുകയാണ്.

റോട്ടോമാക് പേനയുടെ നിര്‍മ്മാതാവ് വിക്രം കോത്താരി പബ്ലിക് സെക്ടര്‍ ബാങ്കില്‍നിന്നും 3695 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സംഭവവും അടുത്തകാലത്ത് പുറത്തുവന്ന വാര്‍ത്തയാണ്. പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ ഇങ്ങനെ പ്രതിസന്ധിയിലാകുമ്പോള്‍ ഗവണ്‍മെന്റ് എടുക്കുന്ന ഒരു നടപടിയാണ് റീകാപ്പിറ്റലൈസേഷന്‍. അത് ഇപ്രകാരമാണ്. ബജറ്റ് വിഹിതമായി ഗവണ്‍മെന്റിന്റെ കോടിക്കണക്കിനു ഷെയറുകള്‍ വാങ്ങുന്നതോടൊപ്പം ബാങ്കുകളും മാര്‍ക്കറ്റില്‍നിന്നും ഷെയറുകള്‍ വാങ്ങി മൂലധനം വര്‍ദ്ധിപ്പിക്കുന്നു. ബാങ്കുകള്‍ക്ക് കൂടുതല്‍ ഷെയറുകള്‍ വാങ്ങുവാന്‍ പണം ബോണ്ടായി നല്കുവാനും ഗവണ്‍മെന്റ് തയ്യാറാകുന്നു.

മോദി ഭരണകൂടത്തിന്റെ കീഴില്‍ ധനികരായ ആളുകളുടെ കൂട്ടുകെട്ട് ശക്തിെപ്പടുകയും, സാധാരണക്കാരുടെ കരമടവു തുക ധനികരായ കോടീശ്വരന്മാര്‍ക്ക് കണക്കില്ലാതെ കടംകൊടുക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇവരില്‍ അനേകരും മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നുള്ളവരാണ്. അതേസമയം പാവപ്പെട്ടവന്‍ നിര്‍ബന്ധിത മിനിമം ബാലന്‍സ് വ്യവസ്ഥ തെറ്റിച്ചുപോയാല്‍ അവന്റെ പണം ബാങ്ക് കവര്‍ന്നെടുക്കും. പൗരന്മാരുടെ നില ഭദ്രമാക്കുന്നതിനായി സ്‌കൂളുകളോ, പാലങ്ങളോ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളോ ലഭ്യമാക്കുന്നതിനുള്ള പൊതുഖജനാവിലെ പണമാണ് ഇങ്ങനെ മുതലാളിമാര്‍ തട്ടിയെടുക്കുന്നതെന്നോര്‍ക്കണം.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുഖസൗകര്യങ്ങള്‍ക്കും ശവക്കുഴി തോണ്ടുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും അറുതി വരുത്തുന്നതിന് മോദി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം രംഗത്തുവരാന്‍ സമയമായി. നിലവില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 137 രാജ്യങ്ങളുടേതിലും കൂടുതലാണ്. ഭീമമായ ലോണെടുക്കുന്നവരുടെ സ്ഥാപനങ്ങള്‍ ശരിയായ ഓഡിറ്റിംഗിനു വിധേയമാക്കി തിരിച്ചടവിനുള്ള സാധുത വിലയിരുത്തേണ്ടതാണ്. ഗവണ്‍മെന്റിന് ഈ പ്രതിസന്ധിയെ നേരിടുന്നതിനുള്ള വ്യക്തമായ പരിഹാരമാര്‍ഗ്ഗം ഉണ്ടോ എന്നതാണ് ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം.