നോട്ടിംഗ്ഹാം: രോഗീ പരിചരണത്തിലെ മികവിന് ഡെയ്‌സി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അംഗീകാരം ഇത്തവണ ലഭിച്ചത് മലയാളി നഴ്സിന്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗമായ നിഷ തോമസ്‌ ആണ് സ്നേഹമസൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാര്‍ഹമായ അവാര്‍ഡ് നേടിയത്.  ഒരു പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്ന നിഷയ്ക്ക് ഇത് അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമാണ്. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെ ഡെയ്‌സി അവാര്‍ഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഈ ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്തു ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999 ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളില്‍ വച്ചിരിക്കുന്ന ബാലറ്റ് ബോക്‌സില്‍ രോഗികള്‍ നിക്ഷേപിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപം കൊള്ളുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.

മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ, പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്.