പ്രാണേശ്വര്‍

നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്നും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ വന്നിരിക്കയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം വീണ്ടും സത്യന്‍ അന്തിക്കാടും ഫഹദും ഒരുമിച്ചിരിക്കയാണ്. ഈ സിനിമ ഫഹദിനെ കുടുംബ പ്രേക്ഷകരിലേക്ക് കൂടുതലടുപ്പിക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. എങ്കിലും ഫഹദില്‍ നിന്ന് പ്രകാശനിലേക്കുള്ള ദൂരം വളരെ കുറവായത് പോലെയാണ് എനിക്കനുഭവപ്പെട്ടത്. സത്യന്‍ അന്തിക്കാട് സിനിമയുടെ പതിവ് രീതിയോട് ഒരുപാട് മാറ്റം അനുഭവപ്പെടുന്നു എന്ന വാദത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ പറ്റുന്നില്ല. കാരണം സാധാരണ ജീവിത പരിസരങ്ങളില്‍ നിന്ന് ഒട്ടും വളച്ചുകെട്ടില്ലാതെ കഥയെ നയിക്കുന്നയാളിന്റെ ജീവിത പ്രതിസന്ധികളെയും ജയപരാജയങ്ങളെയും തമാശയുടെ കണ്ണുകളിലൂടെ നോക്കിക്കാണാറുള്ള സംവിധായകനെ തന്നെയാണ് ഞാനീ സിനിമയിലും കണ്ടത്.

മറ്റൊരു പ്രധാന ചട്ടുകം കാസ്റ്റിംഗാണ്. ആദ്യപകുതിയില്‍ നായികയായി വന്ന നിഖില വിമലും സിനിമയെ വലുതായിത്തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടാം പകുതിയിലെ പത്താം ക്ലാസ്സുകാരിയായി വേഷമിട്ട ദേവിക സഞ്ജയും സിനിമ പറയാന്‍ സംവിധായകനെ സഹായിച്ച നല്ല ഉപകരണങ്ങളില്‍ പെട്ടവയാണ്. പണം ജീവിതത്തിന്റെ മുകളില്‍ കയറിനിന്നു കൊണ്ട് ഒരുതരം ശൂന്യതയില്‍ അകപ്പെട്ടുപോകുന്ന പുതിയ തലമുറയുടെ വാര്‍പ്പ് മാതൃകയായിത്തന്നെ പി ആര്‍ ആകാശ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പ്രകാശിനെ കാണാം. പ്രൊഫഷന് ഒട്ടും വില കല്‍പ്പിക്കാതെ കാശിനുവേണ്ടി ഏതു നിലവാരത്തിലേക്ക് പോകാനും മടിക്കാത്ത പ്രകാശനെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് ജര്‍മനിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന പ്രകാശനെ മേക്കാട്ടു പണിക്കു മലയാളികളെ സപ്ലൈ ചെയ്യുന്ന ഗോപാല്‍ജി യുടെ അടുത്ത് എത്തിച്ചുകൊണ്ടു തന്റെ ആക്ഷേപഹാസ്യത്തിന്റെ കുന്തമുന ഇപ്പോഴും യൗവനയുക്തമായിത്തന്നെ നില്‍ക്കുന്നു എന്ന് തെളിയിക്കുകയാണ്.

ഇതേ പ്രകാശനെ നഴ്‌സിംഗ് എന്ന പ്രൊഫഷന്റെ വില മനസ്സിലാക്കിക്കൊടുത്തു ഗസറ്റില്‍ പബ്ലിഷ് ചെയ്തു പി ആര്‍ ആകാശ് എന്ന് പേര് മാറ്റി പ്രകാശന്‍ എന്ന് പേര് പറയിപ്പിക്കുന്നിടത്തു വീണ്ടും ആക്ഷേപഹാസ്യത്തിന്റെ ശ്രീനിവാസന്‍ ടച്ച് പ്രകടമാണ. വളരെ മികച്ച രീതിയില്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള ആര്‍ട്ടും പിന്നെ പ്രകാശന്റെ ചലനങ്ങള്‍ക്കൊപ്പം നടന്ന ക്യാമറയും ഞാന്‍ പ്രകാശനിലെ എടുത്തു പറയേണ്ട ഘടകങ്ങളാണ്. പ്രൊഫഷന് ഒട്ടും വില കല്‍പ്പിക്കാതെ പോകുന്ന പഴയ, പുതിയ തലമുറകളിലെ മനുഷ്യര്‍ക്ക് ഒരു നല്ല സന്ദേശം കാഴ്ചവച്ചു വൈന്‍ഡ് അപ്പ് ചെയ്യുന്ന സിനിമ തീര്‍ച്ചയായും സിനിമയെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട ഒന്നാണ്. റേറ്റിംഗ് 7.5/10.