ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആസ്റ്റൺ വില്ലയുമായുള്ള മത്സരത്തിൽ ഇസ്രായേലി ഫുട്ബോൾ ആരാധകരെ വിലക്കാൻ ഉപയോഗിച്ച ഇന്റലിജൻസ് വിവരങ്ങൾ എങ്ങനെ ശേഖരിച്ചതെന്ന കാര്യത്തിൽ വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ചീഫ് കോൺസ്റ്റബിൾ ക്രെയ്ഗ് ഗിൽഡ്ഫോർഡ് എംപിമാർക്ക് തെറ്റായ വിവരം നൽകിയതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു . ഇതേ തുടർന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ചീഫ് കോൺസ്റ്റബിൾ ക്രെയ്ഗ് ഗിൽഡ്ഫോർഡിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു . ഇസ്രായേലി ഫുട്ബോൾ ക്ലബ്ബായ മക്കാബി ടെൽ അവീവ്–ആസ്റ്റൺ വില്ല മത്സരത്തിൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട്, പാർലമെന്ററി സമിതിക്ക് തെറ്റായ വിവരം നൽകിയെന്നതാണ് പ്രധാന ആരോപണം. കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് മൈക്രോസോഫ്റ്റ് കോപൈലറ്റ് ഉപയോഗിച്ചതായി ഇദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നിരുന്നു . ഇതിനെ തുടർന്ന് ഹോം സെക്രട്ടറി ശബാന മഹ്മൂദ് പോലീസിന് “നേതൃത്വ പരാജയം” നടന്നുവെന്ന് വ്യക്തമാക്കി.

കാബിനറ്റിലെ മറ്റ് മന്ത്രിമാരും ഗിൽഡ്ഫോർഡ് രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഒരാൾ സ്ഥാനത്ത് തുടരുന്നത് “അവിശ്വസനീയം” ആണെന്ന് പറഞ്ഞു. കൾച്ചർ സെക്രട്ടറി ലിസ നാൻഡി സംഭവങ്ങൾ യഹൂദ സമൂഹത്തിലും പൊതുജന വിശ്വാസത്തിലും ദോഷകരമായ സ്വാധീനം ചെലുത്തിയതായി ചൂണ്ടിക്കാട്ടി. ജനുവരി 27ന് പൊലീസ് ആൻഡ് ക്രൈം കമ്മീഷണർ സൈമൺ ഫോസ്റ്ററുടെ മുന്നിൽ ഗിൽഡ്ഫോർഡ് ഹാജരാകേണ്ടതുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പൊലീസ് മേൽനോട്ട സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ, സുരക്ഷാ ഉപദേശക സമിതിക്ക് നൽകിയ റിപ്പോർട്ടിൽ നിരവധി തെറ്റുകൾ ഉണ്ടായിരുന്നുവെന്നും തീരുമാനങ്ങൾ പക്ഷപാതപരമാണെന്നും വ്യക്തമാക്കി. നിലവിലില്ലാത്ത മത്സരത്തെ കുറിച്ചുള്ള പരാമർശം വരെ റിപ്പോർട്ടിലുണ്ടായിരുന്നു. എഐയും ഗൂഗിള് തിരച്ചിലുമുപയോഗിച്ച് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചതിനെ വിദഗ്ധർ വിമർശിച്ചു. എന്നാൽ സ്വതന്ത്ര എംപി അയൂബ് ഖാൻ, രാഷ്ട്രീയ ഇടപെടലോ പക്ഷപാതമോ ഉണ്ടായിട്ടില്ലെന്നും ഗിൽഡ്ഫോർഡ് സ്ഥാനത്ത് തുടരണമെന്നും അഭിപ്രായപ്പെട്ടു. പൊലീസും ചീഫ് കോൺസ്റ്റബിളും പിഴവിന് മാപ്പ് പറഞ്ഞ് വിശ്വാസം വീണ്ടെടുക്കുമെന്ന് അറിയിച്ചു.











Leave a Reply