ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞവർഷം ജൂലൈ 4-ാം തീയതി നടന്ന വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ നയ തീരുമാനങ്ങളുടെ പേരിൽ കടുത്ത പ്രതിസന്ധി നേരിടുന്നതായുള്ളറിപ്പോർട്ടുകൾ പുറത്തു വന്നു. അധികാരമേറ്റപ്പോൾ ഭരണപക്ഷത്തിന്റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരുന്ന കെയർ സ്റ്റാർമറിന് അടിതെറ്റുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷ തൊഴിലാളി ആഭിമുഖ്യ പാർട്ടിയായി അറിയപ്പെടുന്ന ലേബർ പാർട്ടിയുടെ പുതിയ പല നയ തീരുമാനങ്ങളും അടിസ്ഥാന വർഗ്ഗത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്ന വിമർശനങ്ങൾ ആണ് പ്രധാനമായും ഉയർന്നുവരുന്നത്.
ഏറ്റവും പുതിയതായി ക്ഷേമ പദ്ധതികളിൽ പണം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടികളിൽ നിന്ന് പ്രധാനമന്ത്രിക്ക് പിന്നോക്കം പോകേണ്ടി വന്നത് പാർട്ടിയിലെ ശക്തമായ എതിർപ്പിനെ തുടർന്നാണ്. ക്ഷേമ പദ്ധതികളിൽ 5 ബില്യൺ പൗണ്ട് വെട്ടി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിമതരുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി പല തീരുമാനങ്ങളിൽ നിന്നും മലക്കം മറിയേണ്ട അവസ്ഥയിലാണ് പ്രധാനമന്ത്രി. വൻഭൂരിപക്ഷത്തിൽ അധികാരമേറ്റ ലേബർ പാർട്ടി സർക്കാരിൻ്റെ പല നടപടികളും കടുത്ത തൊഴിലാളി വിരുദ്ധ മനോഭാവത്തിലാണെന്ന വിമർശനം ശക്തമാണ്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,000 പൗണ്ടോ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ്സിന്റെ പരിതാപകരമായ അവസ്ഥ, ജീവിത ചിലവ് വർദ്ധനവ്, പൊതു വേതനവും കാര്യക്ഷമതയില്ലായ്മയും തുടങ്ങി വിവിധ കാരണങ്ങളാൽ ജനങ്ങൾ ലേബർ പാർട്ടിയിൽ നിന്ന് അകലുന്നതായി ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പാർട്ടിയിൽ കെയർ സ്റ്റാർമറിനെതിരെ ശക്തമായ വിമത മുന്നേറ്റമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൂലൈ 4 – ന് സർക്കാരിൻറെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ ഭരണ തലപ്പത്ത് അധിക നാൾ കെയർ സ്റ്റാർമർ ഉണ്ടാവുകയില്ലെന്നാണ് രാഷ്ട്രീയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ. സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.
Leave a Reply