കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ റിമാന്‍ഡില്‍ 50 ദിവസം പൂര്‍ത്തിയാക്കിയ താരം ജയിലില്‍ തന്നെ തുടരും എന്ന് ഉറപ്പായി. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. സാക്ഷികലെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി പറഞ്ഞത്. ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്നും വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനനാണ് ദിലീപ് അറസ്റ്റിലായത്. ആലുവ സബ്ജയിലിലാണ് ദിലീപ് റിമാന്‍ഡില്‍ കഴിയുന്നത്.
പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറുകളില്‍ നല്‍കിയ തെളിവുകളാണ് ജാമ്യാപേക്ഷ തള്ളാന്‍ കാരണമായതെന്നാണ് സൂചന. ജാമ്യം അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി നടന്ന വാദത്തില്‍ ദിലീപിനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.രാമന്‍പിള്ള ഉന്നയിച്ചത്. എന്നാല്‍ നടി ആക്രമണത്തിനിരയായതിനു പിന്നാലെ തന്നെ ഇതില്‍ ദിലീപിനുള്ള പങ്ക് പോലീസിന് ബോധ്യമായിരുന്നുവെന്ന് പ്രോസിക്യൂഷനും പറഞ്ഞു.
ദിലീപിനെതിരെ 15 രഹസ്യമൊഴികളും 223 തെളിവുകളും 169 രേഖകളുമുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. വാദത്തില്‍ ദിലീപിനെ കിംഗ് ലയര്‍ എന്നാണ് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയാണ് തള്ളിയിരിക്കുന്നത്. ആദ്യ ഹര്‍ജി ഗുരുതരമായ പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് തള്ളിയത്. ഈ സാഹചര്യത്തില്‍ ഉടനെ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് ആദ്യം വാദിച്ച അഡ്വ.രാംകുമാര്‍ പറഞ്ഞെങ്കിലും രണ്ടാഴ്ചക്കു ശേഷം പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യഹര്‍ജി നല്‍കുകയായിരുന്നു.
Leave a Reply