ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ സോഷ്യൽ കെയറിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി യുകെ ഗവൺമെന്റ് ക്യാമ്പെയ്‌ൻ ആരംഭിച്ചു. നിലവിൽ ഈ മേഖലയിൽ ഒരു ലക്ഷത്തിലധികം ജോലി ഒഴിവുകളുണ്ട്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെയാണ് പ്രചാരണം നടക്കുന്നത്. “കെയർ വർക്കർ ആകാൻ ഇതിലും നല്ലൊരു സമയമില്ല” എന്നതാണ് പരസ്യ വാചകം. എന്നാൽ സോഷ്യൽ കെയറിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പ്രചാരണം മതിയാകില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്ന ജോലിയിലേയ്ക്ക് കൂടുതൽ പേരെ എത്തിക്കാൻ ഇത്തരം പരസ്യങ്ങൾ സഹായിക്കുമെന്ന് മന്ത്രിമാർ വിശ്വസിക്കുന്നു.

‘മെയ്ഡ് വിത്ത് കെയർ’ എന്നു പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌നിലൂടെ കൂടുതൽ ആളുകളെ സോഷ്യൽ കെയർ മേഖലയിലേയ്ക്ക് ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓൺലൈൻ പ്രചാരണം അഞ്ച് മാസം നീണ്ടുനിൽക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (ഡിഎച്ച്എസ്‌സി) അറിയിച്ചു. ബുധനാഴ്ച പ്രീമിയർ ചെയ്ത ടിവി പരസ്യം നവംബർ 21 വരെ ഐടിവി, സ്കൈ, ചാനൽ 4 എന്നിവയിൽ സംപ്രേഷണം ചെയ്യും. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ ഇപ്പോൾ 112,000-ത്തിലധികം ജോലി ഒഴിവുകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

സോഷ്യൽ കെയറിലേയ്ക്കുള്ള നിലവിലെ ഫണ്ടിംഗ് ക്യാമ്പെയ്‌നെ ദുർബലപ്പെടുത്തുകയാണെന്ന പരാതി ഉയരുന്നുണ്ട്. സുരക്ഷിതമായ പരിചരണം നൽകാൻ ഈ മേഖല ബുദ്ധിമുട്ടുകയാണ്. ജീവനക്കാരുടെ കുറവ് കാരണം സേവനങ്ങൾ പലതും അവസാനിപ്പിക്കേണ്ടതായി വരുന്നു. കോവിഡിന്റെ അധിക സമ്മർദം താങ്ങാനാവാതെയാണ് പലരും ജോലി ഉപേക്ഷിച്ചത്. ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതും ജോലി ഉപേക്ഷിക്കാൻ കാരണമായി. കഴിഞ്ഞ പതിനെട്ട് മാസമായി സർക്കാർ നടത്തിവരുന്ന റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകളിൽ ഏറ്റവും പുതിയതാണ് ഇത്. ലക്ഷ്യം ഒന്നേ ഉള്ളൂ – കൂടുതൽ ജീവനക്കാരെ തിരഞ്ഞെടുത്ത് സോഷ്യൽ കെയർ ശക്തിപ്പെടുത്തുക.