ഒന്നരമാസം മുമ്പ് കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാന്‍ കഴിയാതെ കണ്ണീരോടെ ഒരു കുടുംബം. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിന് വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.
ആ പെൺകുട്ടിയെ കണ്ടവരുണ്ടോ? കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുകയാണ്… ബുക്ക് വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ പാലക്കാട് ആലത്തൂരിലെ ആ പെൺകുട്ടി എവിടെപ്പോയി? വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്ത് അവളുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ബുക്ക് സ്റ്റാളിൽ ഏറെനേരം നിന്നെങ്കിലും അവളെ കാണാനായില്ല. പിന്നീടിതുവരെ ആ അച്ഛൻ മകളെ കണ്ടിട്ടില്ല. ആ പെൺകുട്ടി എവിടെപ്പോയി? ഗോവയിലും തമിഴ്നാട്ടിലും കേരളത്തിലും പൊലീസ് അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. 21 വയസ്സുകാരി സൂര്യ കൃഷ്ണയെ കാണാതായിട്ട് 44 ദിവസങ്ങൾ പിന്നിടുന്നു. അവൾ എവിടെ? ഒരു സിസിടിവി മാത്രം കണ്ടു അവളെ…
2020 ഓഗസ്റ്റ് 30നാണ് ആലത്തൂർ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവൾ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടിൽ നിന്നിറങ്ങിയപ്പോൾ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചു.
15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെയുമില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണൻ ആലത്തൂർ പൊലീസിൽ പരാതിയും നൽകി.
എല്ലാ വിഷയങ്ങളിലും എ പ്ലസ്
അവൾ പുസ്തകപ്പുഴുവായിരുന്നു. ആലത്തൂരിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പാലായിൽ എൻട്രൻസ് കോച്ചിങ്ങിനു ചേർന്നത്. ഡോക്ടറാകണമെന്നായിരുന്നു മോഹം. പരിശീലനം നടത്തിയെങ്കിലും റാങ്ക് ലിസ്റ്റിൽ അവളെത്തിയില്ല. വീട്ടിൽ തിരിച്ചെത്തി ബിരുദത്തിനു പാലക്കാട്ടെ കോളജിൽ ചേർന്നു. അതിനുശേഷം അവൾ പുസ്തകങ്ങളെ സ്നേഹിക്കുന്നത് അച്ഛനമ്മമാർ കണ്ടില്ല. ടിവിയും മൊബൈലുമായിരുന്നു പിന്നീടു കൂട്ട്.
പാലായിൽ പോകുന്നതിനു മുൻപുവരെ വീട്ടുകാർക്കൊപ്പം പുറത്തു പോകാൻ അവൾ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആലത്തൂരിൽ എത്തിയ ശേഷം അവൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെയായി. അച്ഛനമ്മമാരോടും അനുജനോടും ദേഷ്യപ്പെട്ടുതുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് അവളിൽ വേദനയുണ്ടാക്കിയെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. പഠനത്തിന്റെ പേരിൽ ഇതുവരെ മകളെ നിർബന്ധിച്ചിട്ടില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുന്നു.
പാലക്കാട്ട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേർന്നെങ്കിലും ലോക്ഡൗൺ കാരണം ഓൺലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ കോളജിൽ പോയിരുന്നുള്ളൂ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനുജനും സൂര്യയ്ക്കും ഓൺലൈൻ പഠനത്തിന് ഒരു ഫോൺ മാത്രമാണുണ്ടായിരുന്നത്. സൂര്യ ഏറെനേരം ഫോണിൽ സമയം ചെലവഴിക്കുമായിരുന്നു. പലപ്പോഴും അവൾക്കു പല ആഗ്രഹങ്ങളാണ്. ഡോക്ടർ, പൈലറ്റ്, ട്രാവലർ തുടങ്ങി ഒട്ടേറെ മോഹങ്ങൾ അമ്മയോടു പങ്കു വച്ചിരുന്നു.
ട്രാവലർ എന്ന ആഗ്രഹത്തിൽ അവളുടെ മനസ്സുടക്കി. മൊബൈൽ ഫോണിലെ വിഡിയോകളിലൂടെ അവൾ ഒട്ടേറെ യാത്രകൾ നടത്തി. അവളുടെ മനസ്സിലേക്ക് അങ്ങനെ ഗോവയും കടന്നു വന്നു. ഗോവയിൽ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താൻ ഗോവയ്ക്കു പോകുമെന്ന് പറഞ്ഞു തുടങ്ങി. പിണക്കത്തിലും വാശിയിലും ‘ഗോവ’ ഇടയ്ക്കിടെ കടന്നു വന്നിരുന്നു. എന്നാൽ വീട്ടുകാർ അതൊന്നും കാര്യമാക്കിയിരുന്നില്ല.
കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണർത്തിയത്. ബുക്ക് സ്റ്റാളിൽ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛൻ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണർത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി. അച്ഛൻ രാധാകൃഷ്ണൻ അപ്പോൾ ആലത്തൂരിൽ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൾ ഇറങ്ങി.
അച്ഛന്റെ അടുത്തേക്കാകും പോകുന്നതെന്ന് അമ്മ കരുതി. പക്ഷേ ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാൻ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്. അവൾ ബുക്ക് വാങ്ങാൻ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു.
സൂര്യയെ കാണാതായ വിവരം മണിക്കൂറുകൾക്കുള്ളിൽതന്നെ രാധാകൃഷ്ണൻ ആലത്തൂർ പൊലീസിനെ അറിയിച്ചു. പൊലീസ് വൈകിട്ട് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സൂര്യ ഉപയോഗിച്ചിരുന്നു മുറിയും ഫോണും ബുക്കുകളും പരിശോധിച്ചു. എന്നാൽ സൂര്യയെ കണ്ടെത്തുന്നതിലേക്കുള്ള സൂചനകൾ ലഭിച്ചില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറഞ്ഞു. പൊലീസ് അന്വേഷണം പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും വ്യാപിപ്പിച്ചു.
അമ്മ സുനിതയുടെ മാതാപിതാക്കളെ കാണാൻ അച്ഛനമ്മമാർക്കൊപ്പം 4 വർഷം മുൻപു സൂര്യ പൊള്ളാച്ചിയിൽ പോയിട്ടുണ്ട്. പൊലീസ് പൊള്ളാച്ചിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിനു 3 വർഷം മുൻപ് ഇവർ കുടുംബസമേതം ഉദുമൽപേട്ടയിൽ പോയിരുന്നെന്ന മൊഴി പ്രകാരം പൊലീസ് അവിടെയും അന്വേഷിച്ചിരുന്നു.
ഗോവയിൽ പോകുമെന്ന് സൂര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവിടെയും അന്വേഷിച്ചെത്തി. അവിടത്തെ പൊലീസ് സ്റ്റേഷനുകളിലും മലയാളി സമാജങ്ങളിലും വിവരം നൽകിയിരുന്നു. പക്ഷേ സൂര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അന്വേഷണം തെക്കൻ ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യുവജന കമ്മിഷൻ വീട്ടിലെത്തിയിരുന്നു. പാലക്കാട്ട് നടന്ന കമ്മിഷന്റെ അദാലത്തിലും സൂര്യയുടെ കേസ് എത്തി.
പണമോ ഫോണോ ആഭരണങ്ങളോ എടിഎം കാർഡോ ഇല്ലാതെയാണ് സൂര്യ വീടുവിട്ടിറങ്ങിയത്. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും അവൾ ഉപയോഗിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോഴോ കോളജിലോ അധികം കൂട്ടുകാർ ഉണ്ടായിരുന്നില്ല. ഓഗസ്റ്റ് 30ന് 12ന് ബുക്ക് സ്റ്റാളിൽ എത്താനാണ് അച്ഛൻ പറഞ്ഞിരുന്നത്. 11.30നു ശേഷമാണ് സൂര്യ ഇറങ്ങിയത്.
ആലത്തൂർ മേഖലയിലെ ഒരു സിസിടിവിയിൽ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. പാതയോരത്തു കൂടി ബാഗും തൂക്കി നടന്നു പോകുന്ന സൂര്യയുടെ വിഡിയോ വീട്ടുകാർ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതിനുശേഷം വിവരങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. തൃശൂർ ഭാഗത്തേക്കാണോ പാലക്കാട് ഭാഗത്തേക്കാണോ സൂര്യ സഞ്ചരിച്ചിരുന്നതെന്നും വ്യക്തമല്ല. ദേശീയപാതയിലെ സ്വാതി ജംക്‌ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30നു പോയത്. വീട്ടുകാർക്കൊപ്പം പോലും ആ വഴി സൂര്യ മുൻപ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ട്രെയിനിൽ പോലും കയറിയിട്ടില്ല. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിലും താമസിച്ചിട്ടില്ല. യാത്രയ്ക്കുപോലും പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.
ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുന്നു. എവിടെയാണെങ്കിലും സുഖമായിരിക്കുന്നു എന്നു മാത്രം അറിഞ്ഞാൽ മതി അച്ഛനും അമ്മയ്ക്കും. പിണക്കത്തിന്റെയോ ദേഷ്യത്തിന്റെയോ പേരിലാണ് അവൾ പോയതെങ്കിൽ, എവിടെയുണ്ട് എന്ന് വിളിച്ചറിയിച്ചാലെങ്കിലും സമാധാനമുണ്ടാകുമെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുമ്പോൾ പെയ്തു തോരാത്ത കണ്ണിൽ പിന്നെയും ആശങ്ക ഒഴുകി നിറയുന്നുണ്ടായിരുന്നു.
Leave a Reply