ബിനോയി ജോസഫ്

പ്രധാനമന്ത്രി തെരേസ മേയെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൻമേൽ വോട്ടിംഗ് ആറു മണിക്ക് ആരംഭിക്കും. പാർട്ടിയിലെ 48 എംപിമാർ തെരേസ മേയുടെ മേൽ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്കിയതിനാൽ ആണിത്. രണ്ടു മണിക്കൂർ നേരമാണ് കൺസർവേറ്റീവ് പാർലമെൻററി പാർട്ടി പ്രതിനിധികൾ നിർണായകമായ വോട്ടിംഗിൽ പങ്കെടുക്കുന്നത്. രാത്രി ഒൻപതു മണിയോടെ റിസൽട്ട് പുറത്തുവരും. അവിശ്വാസ പ്രമേയം പാസായാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം തെരേസ മേ രാജിവയ്ക്കേണ്ടി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ തെരേസ മേയ്ക്ക് 159 പാർലമെൻററി പാർട്ടി പ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. 174 എംപിമാർ ഇതുവരെ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ബാലറ്റായതിനാൽ ഇതിന് മാറ്റം വരാം. 34 എം.പിമാർ എതിർത്ത് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. 315 എംപിമാരാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളത്. തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിൽ അസംതൃപ്തരായ റിബൽ വിഭാഗമാണ് തെരേസ മേയെ പുറത്താക്കാൻ ശ്രമം നടത്തുന്നത്.

ഇയു റെഫറണ്ടത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് വിമതരുടെ പരാതി. ബ്രിട്ടീഷ് അറ്റോർണി ജനറൽ ബ്രെക്സിറ്റ് വിഷയത്തിൽ ഗവൺമെന്റിന് നല്കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാർലമെന്റിൽ ഗവൺമെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടർന്ന് ലീഗൽ അഡ് വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു. ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രാപ്തിയുള്ള നേതാവ് കൺസർവേറ്റീവ് പാർട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. തനിക്കെതിരായ അവിശ്വാസ പ്രമേയത്തെ സർവ്വ സന്നാഹങ്ങളുമൊരുക്കി പ്രതിരോധിക്കുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആ പദവിയിൽ തുടരാൻ സാധിക്കുമോ എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.