നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലായാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കടുത്ത യാത്രാ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ പുറത്തു വിട്ട അഡൈ്വസ് പേപ്പറുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡ്, റെയില്‍, വിമാന യാത്രകളിലെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം എന്നാണ് മുന്നറിയിപ്പ്. ധാരണകളില്ലാത്ത ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സാധുതയില്ലാത്തതായി മാറും. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേക പെര്‍മിറ്റുകള്‍ എടുക്കേണ്ട അവസ്ഥയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകും. യൂറോസ്റ്റാര്‍ ട്രെയിന്‍ സര്‍വീസുകളെയും ബ്രിട്ടീഷ് വിമാന സര്‍വീസുകളെയും ബ്രെക്‌സിറ്റ് ബാധിച്ചേക്കാമെന്ന ഫ്രഞ്ച് യൂറോപ്പ് മിനിസ്റ്ററുടെ മുന്നറിയിപ്പ് നിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
യുകെയില്‍ നിര്‍മിക്കുകയും അംഗീകാരം നേടുകയും ചെയ്യപ്പെടുന്ന വാഹനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍പനയ്ക്ക് യോഗ്യതയില്ലാത്തതായി മാറുമെന്നും നോ ഡീല്‍ ഡോക്യുമെന്റുകള്‍ പറയുന്നു. യുകെ കാര്‍ വ്യവസായ മേഖലയ്ക്ക് ഇത് വന്‍ തിരിച്ചടി സമ്മാനിക്കും. രണ്ടു ദിവസം മുമ്പാണ് ജാഗ്വാര്‍ ലാന്‍ ഡ് റോവര്‍ തലവന്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തിനെതിരെ രംഗത്തു വന്നത്. പ്രധാനമന്ത്രിയുടെ നയം കാര്‍ വ്യവസായ മേഖലയില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജോലിയെ ബാധിക്കുമെന്ന് ജാഗ്വാര്‍ തലവന്‍ പറഞ്ഞിരുന്നു. 28 ടെക്‌നിക്കല്‍ നോട്ടീസസ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ വ്യാപക വിമര്‍ശനത്തിന് വിധേയമാകുകയാണ്.
നോ ഡീല്‍ വ്യവസായങ്ങള്‍ക്ക് കനത്ത പ്രഹരമായി മാറുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക പോകണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റുകള്‍ തേടേണ്ട അവസ്ഥയിലേക്കാണ് ഡ്രൈവര്‍മാര്‍ നീങ്ങുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറഞ്ഞു. ഹോളിഡേ മേക്കേഴ്‌സിന് ഇത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും എഎ അറിയിക്കുന്നു. പാസ്‌പോര്‍ട്ട് കാലാവധി ആറു മാസം മാത്രമേ ശേഷിക്കുന്നുള്ളുവെങ്കില്‍ ഷെങ്കന്‍ മേഖലയില്‍ പ്രവേശനം ലഭിക്കില്ല, മൊബൈല്‍ റോമിംഗ് ചാര്‍ജുകള്‍ തിരികെ വരും, ഫെറി, കാര്‍ഗോ സര്‍വീസുകളില്‍ പരിശോധനകള്‍, യുകെ കോടതി വിധികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നതിനാല്‍ സിവില്‍, ലീഗല്‍ കേസുകളില്‍ ആശയക്കുഴപ്പം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് ടെക്‌നിക്കല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Leave a Reply