ലണ്ടന്‍: നിലവിലുള്ള ധാരണകള്‍ അനുസരിച്ച് ബ്രെക്‌സിറ്റ് നടന്നില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള ചരക്കു ഗതാഗതത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് ഫ്രാന്‍സിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ പുതിയ ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായി വരും. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുണൈറ്റഡ് നേഷന്‍സ് റോഡ് ട്രാഫിക് കണ്‍വെന്‍ഷനിലായിരിക്കും യുകെ ഒപ്പു വെക്കുക. ഇത് പാര്‍ക്കിംഗിലും സീബ്ര ക്രോസിംഗിലുമുള്‍പ്പെടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
യുകെ നല്‍കുന്ന ലൈസന്‍സുകള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നതിനാല്‍ പകരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യുകെയില്‍ നിന്നുള്ള വാഹനങ്ങളെയും ഡ്രൈവര്‍മാരെയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 1968ലെ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ബ്രിട്ടന് അംഗീകരിക്കേണ്ടതായി വരും. ഇത് നേരത്തേ ഒപ്പു വെക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നതാണ്.യൂറോപ്യന്‍ നിയമങ്ങള്‍ക്ക് പകരമായി പ്രത്യേക ധാരണകള്‍ പിന്‍മാറ്റ കാലയളവില്‍ നിലവില്‍ വരുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുഎന്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ രാജ്യത്തിനു മുന്നില്‍ ശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുകെ ലൈസന്‍സുകള്‍ അംഗീകരിക്കാന്‍ യൂറോപ്പ് വിസമ്മതിക്കുകയാണെങ്കില്‍ ട്രെയിലറുകള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുമായുള്ള നിയമങ്ങള്‍ അവതരിപ്പിക്കണം. ഇതിനായി 21 ദിവസത്തെ സൂക്ഷ്മ പരിശോധനയും ഒരു വര്‍ഷത്തോളം നീളുന്ന പാര്‍ലമെന്റ് നടപടികളും ആവശ്യമായി വരും. ഇവയെല്ലാം അനാവശ്യ നൂലാമാലകള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
Leave a Reply