ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പാർപ്പിട പ്രതിസന്ധി വളരെ രൂക്ഷമാണ്. പല വ്യക്തികൾക്കും സ്വന്തമായി ഭവനങ്ങൾ ഇല്ല. ഇംഗ്ലണ്ടിൽ ഏകദേശം 8.4 ദശലക്ഷം പേർ അനുയോജ്യവും സുരക്ഷിതവും അല്ലാത്ത ഭവനങ്ങളിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർപ്പിടം സ്വന്തമാക്കുന്നതിന്റെ കഠിനമായ ചിലവ് മൂലം പല വ്യക്തികളും കാരവാനുകളിലോ അതുപോലുള്ള താത്കാലിക സ്ഥലങ്ങളിലോ താമസിക്കാൻ നിർബന്ധിതരാകുന്നുണ്ട്.
പാർപ്പിട പ്രതിസന്ധിയെ മുന്നിൽ കണ്ടാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ലേബർ പാർട്ടി 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത് . ഇതുകൂടാതെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ പ്രഖ്യാപിച്ച തൻ്റെ ഗവൺമെന്റിന്റെ നിർണ്ണായക പദ്ധതികളിലും പുതിയ ഭവനങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം ഇടം പിടിച്ചിരുന്നു. എന്ത് പ്രതിസന്ധികളുണ്ടായാലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉപപ്രധാനമന്ത്രി ആംഗല റെയ്‌നർ പറഞ്ഞതിന് വളരെ വാർത്താ പ്രാധാന്യമാണ് ലഭിച്ചത് . അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് 2029-ഓടെ ഇംഗ്ലണ്ടിൽ വീട് നിർമ്മാണ ലക്ഷ്യം കൈവരിക്കുമെന്ന് അവർ പറഞ്ഞു.
എന്നാൽ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയത് സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. അധികാരമേറ്റ് ആദ്യ 6 മാസത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പുതിയ വീടുകളുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകളും സർക്കാരിനെ വിമർശിച്ചുകൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. സർക്കാരിൻറെ ഭവന നിർമ്മാണ പദ്ധതികൾ മന്ദഗതിയിലാണെന്ന് മുൻ കൺസർവേറ്റീവ് എംപിയും വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന ഗില്ലിയൻ കീഗൻ പറഞ്ഞു. സർക്കാരിൻറെ പദ്ധതി അനുസരിച്ച് കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് ഭവന വില കുറയ്ക്കുന്നതിനും വീടുകൾ വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും സാധാരണക്കാർക്ക് താങ്ങാനാവുന്ന തലത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേബർ സർക്കാർ പ്രഖ്യാപിച്ച ഭവന നിർമ്മാണ ലക്ഷ്യത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയം ഉയർന്നു വന്നിട്ടുണ്ട് . വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമാണ് ഭവന നിർമ്മാണ ലക്ഷ്യം കൈവരിക്കാതിരുന്നതിന് നേരിടുന്ന ഏറ്റവും കാതലായ പ്രശ്നമായി ചൂണ്ടി കാണിക്കുന്നത്.
Leave a Reply