ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ പാലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾ ഭരണ നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചു വരികയാണ്. ഇസ്രയേൽ ഹമാസ് സംഘർഷം ആരംഭിച്ചപ്പോൾ മുതൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ഭരണനേതൃത്വത്തിന്റെ ഇസ്രയേൽ അനുകൂല നിലപാടിനെതിരെ പ്രതിഷേധ റാലികളുടെ പരമ്പര തന്നെയാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥ അനുസരിച്ച് പാലസ്തീൻ അനുകൂല മാർച്ചുകൾ നിരോധിക്കാനാവില്ലെന്ന് മെറ്റ് പോലീസ് മേധാവി പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.
വാരാന്ത്യത്തിൽ നടന്നു വരുന്ന പ്രതിഷേധ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആയിരങ്ങൾ തടിച്ചു കൂടുന്ന ഇത്തരം പ്രതിഷേധ മാർച്ചുകൾ സമാധാനപരമായിരിക്കുമെന്ന് ആർക്ക് ഉറപ്പു പറയാൻ സാധിക്കുമെന്നാണ് ഈ വിഷയത്തോട് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. ഇത്തരം സന്ദർഭങ്ങളിലെ പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് മെറ്റ് പോലീസ് മേധാവിയിൽ നിന്ന് വിശദീകരണം തേടുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 11-ാം തീയതി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാർച്ചിന്റെ സമയത്തെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇസ്രയേലിനോട് വെടി നിർത്തലിന് യുകെ ആഹ്വാനം ചെയ്യണമെന്നത് പാലസ്തീൻ അനുകൂല പ്രതിഷേധ റാലികൾകളിൽ മുഴങ്ങി കേൾക്കുന്ന സ്ഥിരം മുദ്രാവാക്യമാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇസ്രയേൽ വെടി നിർത്തണമെന്ന അഭിപ്രായമുള്ള എംപിമാർ ഉണ്ട് . ലേബർ പാർട്ടിയുടെ ഔദ്യോഗിക നിലപാടിനോട് പ്രതിഷേധിച്ച് പലരും പാർട്ടിയിൽ നിന്ന് രാജി വച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
Leave a Reply