ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ചാൾസ് രാജകുമാരൻ തന്റെ ചാരിറ്റി ഫണ്ടിലേക്ക് സ്വീകരിച്ച 2.5 മില്യൻ പൗണ്ട് തുകയെ സംബന്ധിച്ച് അന്വേഷണം ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാരിറ്റി കമ്മീഷൻ. നിരവധി തവണകളായി ചാൾസ് രാജകുമാരൻ മുൻ ഖത്തർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽതാനിയിൽ നിന്നും പണം സ്വീകരിച്ചതായും, എന്നാൽ ഒരു പ്രാവശ്യം സ്യൂട്ട്കേസിലും ക്യാരിബാഗിലുമായി പണം സ്വീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതേ തുടർന്ന് ചാൾസ് രാജകുമാരനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ പണം സംബന്ധിച്ച് യാതൊരുവിധ അന്വേഷണങ്ങളും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാരിറ്റി റഗുലേറ്റർ. ഇനി മുതൽ ഇത്തരത്തിലുള്ള വലിയ തുകകൾ പണമായി സ്വീകരിക്കില്ലെന്ന് മുതിർന്ന രാജകുടുംബ വക്താവ് വ്യക്തമാക്കി. ചാരിറ്റി ഓർഗനൈസേഷൻ നൽകിയ വിവരങ്ങൾ വ്യക്തമായി പഠിച്ചതായും, നിലവിൽ ചാരിറ്റി കമ്മീഷന്റെ ഇടപെടലുകൾ ആവശ്യമില്ലെന്നും ചാരിറ്റി കമ്മീഷൻ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും തങ്ങൾക്കില്ലെന്ന് അവർ വ്യക്തമാക്കി.
യാതൊരുവിധ തെറ്റായ നടപടികളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സർ ഇയാൻ ചെഷയർ വ്യക്തമാക്കി. 40 വർഷം നീണ്ട തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 2011 മുതൽ 2015 വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് തവണകളായി ചാൾസ് രാജകുമാരൻ പണം കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം വേണമോ എന്നതിൽ ചാരിറ്റി കമ്മീഷൻ ഒരു മാസത്തോളം ആലോചനകൾ നടത്തിയെന്നും, നിലവിൽ അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തിലാണ് എത്തിച്ചേർന്നതെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.
Leave a Reply