ബ്രിട്ടനില്‍ നിന്നുള്ള എംഇപിമാരെ തെരഞ്ഞെടുക്കാതെ ബ്രെക്‌സിറ്റ് വൈകിപ്പിക്കല്‍ സാധ്യമാകില്ലെന്ന് ലീക്കായ രേഖകള്‍. എംഇപിമാരെ തെരഞ്ഞെടുത്ത് അയച്ചില്ലെങ്കില്‍ യുകെയുടെ നീട്ടിയ അംഗത്വ കാലാവധി ബ്രസല്‍സ് റദ്ദാക്കിയേക്കുമെന്നാണ് വിവരം. മാര്‍ച്ച് 29ന് അപ്പുറത്തേക്ക് മൂന്നു മാസത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിവെച്ചാല്‍ അത് ഉപാധി രഹിതമായിരിക്കും. എന്നാല്‍ അതിനു ശേഷം കാലാവധി നീട്ടേണ്ടി വന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കേണ്ടി വരും. എംഇപിമാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ നടപടികളില്‍ പങ്കെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്. അംബാസഡര്‍മാരെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞുവെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ദീര്‍ഘിപ്പിക്കാന്‍ ഒന്നിലേറെത്തവണ ആവശ്യപ്പെടാന്‍ ബ്രിട്ടന് കഴിയില്ലെന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിക്കാന്‍ ഇടയില്ലെന്ന് രേഖ പറയുന്നു.

മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ അതിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്‌സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത വ്യാഴാഴ്ച നടക്കുന്ന യൂറോപ്യന്‍ സമ്മിറ്റില്‍ യൂകെ നല്‍കാനിരിക്കുന്ന ബ്രെക്‌സിറ്റ് എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ സംബന്ധിച്ച് 27 യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചര്‍ച്ച ചെയ്യും. തെരേസ മേയുടെ ഡീല്‍ മൂന്നാം വട്ടവും പരാജയപ്പെട്ടാല്‍ ജൂണ്‍ 30 വരെ ബ്രെക്‌സിറ്റ് നീട്ടാന്‍ യൂണിയനോട് ആവശ്യപ്പെടാന്‍ കോമണ്‍സ് വോട്ട് ചെയ്‌തേക്കും. തന്റെ ഡീല്‍ പരാജയപ്പെടുകയാണെങ്കില്‍ കൂടുതല്‍ നീളുന്ന എക്‌സ്റ്റെന്‍ഷന്‍ ആവശ്യമായേക്കുമെന്നാണ് തെരേസ മേയ് തന്റെ പാര്‍ട്ടിയിലെ റിബല്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.