നോ പാന്റ്സ് ഡേ ആഘോഷിക്കാന്‍ പാന്റ്സ് ഊരി ബാഗില്‍ വച്ച് ലോകമെമ്പാടും യാത്ര ചെയ്തത് ആയിരക്കണക്കിന് ആളുകള്‍. ന്യൂയോര്‍ക്ക്, മോസ്കോ, ജറുസലേം, ലണ്ടന്‍, ടോക്കിയോ എന്ന് വേണ്ട ലോകമെങ്ങുമുള്ള ഇരുപത്തിയേഴ് നഗരങ്ങളില്‍ ആളുകള്‍ പാന്റ് ഇല്ലാതെ യാത്ര ചെയ്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പുതു വത്സരത്തിലെ ആദ്യ ഞായറാഴ്ചയാണ് നോ പാന്റ്സ് റൈഡിന് തെരഞ്ഞെടുക്കുന്നത്. സംഘം ചേര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയ ശേഷം പാന്റ് ഊരി ബാഗില്‍ വച്ച് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ യാത്ര ചെയ്യുക എന്നതാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത്.
രണ്ടായിരത്തി പതിനെട്ടിലെ ആദ്യ ഞായറാഴ്ച ആയ ഇന്നലെ ആയിരുന്നു ഈ പരിപാടി വീണ്ടും അരങ്ങേറിയത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകള്‍ ഇത്തവണ പാന്റ് ഊരാന്‍ തയ്യാറായി എന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഒരു തമാശ എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കാര്യം തമാശ ആണെങ്കിലും കടുത്ത തണുപ്പില്‍ പാന്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് അല്‍പ്പം കടുപ്പം തന്നെയാണ് എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം.
നോ പാന്റ്സ് സബ് വേ റൈഡിന്റെ ചരിത്രം
2002ല്‍ ഒരു പ്രതിഷേധം എന്ന നിലയിലാണ് ന്യൂയോര്‍ക്കില്‍ ഇത് ആദ്യം തുടങ്ങിയത്. തുടക്കത്തില്‍ പങ്കെടുത്തത് ആകെ ഏഴു പേര് മാത്രം. തുടങ്ങാനുള്ള കാരണം ഇതാണ്, ന്യൂയോര്‍ക്കിലെ മെട്രോ സബ് വേ റെയിലില്‍ കയറുന്ന യാത്രക്കാര്‍ പത്രമോ പുസ്തകമോ ഒക്കെ കയ്യില്‍ കരുതിയാണ് കയറുന്നത്. ആരും ആരെയും ശ്രദ്ധിക്കുകയോ സംസാരിക്കുകയോ ഇല്ല. പുസ്തകത്തിലോ പത്രത്തിലോ മുഖം താഴ്ത്തി ഇരിക്കും. ഇതിനെതിരെ പ്രതിഷേധം ആയിട്ടാണ് ഇത് ആദ്യം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാര്‍ ഓരോ സ്റ്റേഷനില്‍ നിന്ന് ഓരോരുത്തരായി ട്രെയിനില്‍ കയറി, ആരും പാന്റ് ധരിച്ചിരുന്നില്ല. എന്നാല്‍ പലരും ഇതൊന്നും ശ്രദ്ധിച്ചതേ ഇല്ല. ശ്രദ്ധിച്ചവര്‍ ആവട്ടെ എന്ത് പറ്റി എന്ന് ചോദിച്ചെങ്കിലും മറന്നു പോയി എന്ന മറുപടിയില്‍ തൃപ്തരായി തങ്ങളുടെ കാര്യങ്ങളില്‍ മുഴുകി. എന്നാല്‍ ഒരു വിരുതന് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഡോളറിന് ഒരു പാന്റ് എന്ന ഓഫറുമായി ട്രെയിനില്‍ എത്തി. ഇതും ഇവരില്‍ ഒരാള്‍ തന്നെ ആയിരുന്നു.
രണ്ടാം വര്‍ഷത്തില്‍ പാന്റ് ഊരിക്കളയാന്‍ മുന്‍പോട്ടു വന്നത് മുപ്പത് പേര് ആയിരുന്നു. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍ 2006ല്‍ കളി മാറി. പാന്റിടാതെ വന്ന എട്ടു പേരെ ഒരു പോലീസുകാരന് കസ്റ്റഡിയില്‍ വയ്ക്കുകയും ബാക്കിയുള്ളവരെ ട്രെയിനില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഇതോടെ സംഭവം ജനശ്രദ്ധ ആകര്‍ഷിച്ചു. സംഭവം കോടതിയില്‍ എത്തിയപ്പോള്‍ കോടതി പ്രതിഷേധക്കാരുടെ കൂടെ നിന്നു. ന്യൂയോര്‍ക്കില്‍ എവിടെയും ആര്‍ക്കും അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്യാം എന്നും പാന്റ്സ് ധരിക്കണം എന്നൊരു നിയമം അമേരിക്കയില്‍ ഇല്ലയെന്നും പറഞ്ഞ കോടതി എല്ലാവരെയും വെറുതെ വിട്ടു.
2010 ആയതോടെ ന്യൂയോര്‍ക്കില്‍ തുടങ്ങിയ ഈ പരിപാടി ലോകത്തെ പല നഗരങ്ങളിലും ആയി. ചിലയിടങ്ങളില്‍ മേയ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും ചിലയിടങ്ങളില്‍ ജനുവരി 8നും ഇത് ആചരിക്കുന്നുണ്ട്. എന്തായാലും ലണ്ടനില്‍ ഇന്നലെ ആയിരുന്നു പാന്റില്ലാത്ത യാത്രികര്‍ ട്യൂബ് ട്രെയിനില്‍ നിറഞ്ഞത്.
Leave a Reply