മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ഫാത്തിമയ്ക്ക് നീതി തേടി സോഷ്യൽ മീഡിയ ക്യാംപെയിനും ആരംഭിച്ചു. ഇതിനൊപ്പം ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവെറി എന്ന ആരോപണവും ശക്തമാവുകയാണ്.‘എന്റെ പേരു തന്നെ പ്രശ്നമാണ്‌ വാപ്പിച്ചാ..’ എന്ന് ഫാത്തിമ കുറിച്ച വരികൾ ജാതിവെറിയിലേക്ക് വിരൽചൂണ്ടുകയാണ്. സുദർശന്‍ പത്മനാഭൻ എന്ന അധ്യാപകനാണ് മരണത്തിനു കാരണക്കാരനെന്ന് ഫാത്തിമ കുറിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രംഗത്തെത്തി. രോഹിത്‌ വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിമർശനം.

സംഭവത്തില്‍ പൊലീസ് ഇതുവരെ അന്വേഷണം തുടങ്ങിയില്ല. അസ്വഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായത്. ആത്മഹത്യാകുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നുമാണ് ചെന്നൈ കോട്ടൂര്‍പുരം പൊലീസിന്റെ വിശദീകരണം

ശനിയാഴ്ചയാണ് മദ്രാസ് ഐ.ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ ഹോസ്റ്റലില്‍ വച്ച് ആത്മഹത്യ ചെയ്തത്. മരണത്തിനുത്തരവാദി അധ്യാപകനാണെന്ന് മൊബൈല്‍ ഫോണില്‍ കുറിപ്പെഴുതിയതിനു ശേഷമായിരുന്നു ആത്മഹത്യ. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന ഫോണില്‍ ഇത്തരം കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫാത്തിമയുടെ ഫോണിലെയും ലാപ്ടോപിലെയും തെളിവുകള്‍ നശിപ്പിക്കപെടുമെന്ന ഭയമുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് ഫോറന്‍സിക് പരിശോധന ആവശ്യപെടാമെന്നും കേസ് അന്വേഷിക്കുന്ന കോട്ടൂര്‍പുരം പൊലീസ് വിശദീകരിച്ചു.
അതേ സമയം വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപെട്ട കേസില്‍ പൊലീസുമയി സഹകരിക്കുമെന്ന് ഐ.ഐ.ടിയിലെ ഫാത്തിമ പഠിച്ചിരുന്ന ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വകുപ്പിന്റെ വിശദീകരണം.അധ്യാപകനെതിരെയുള്ള ആരോപണത്തെ കുറിച്ച് അറിയില്ലെന്നും വകുപ്പ് േമധാവിയടക്കമുള്ളവര്‍ വിശദീകരിക്കുന്നു.

ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികൾക്ക് ഒന്നരമാസത്തെ അവധി നല്‍കി. സെമസ്റ്റര്‍ പരീക്ഷകള്‍ പോലും മാറ്റിവച്ചു അവധി നല്‍കിയത് ദുരൂഹതയുണ്ടാക്കുന്നു. പരസ്പരം താരതമ്യം ചെയ്തു മാര്‍ക്കിടുന്ന പഠന രീതിയാണ് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്.

 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്റെ പേര്‌ തന്നെയാണ്‌ എന്റെ പ്രശ്നം വാപ്പിച്ചീ..
2016 ജനുവരി 17 ന്‌ സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ രോഹിത്‌ വെമുല കുറിച്ച്‌ വച്ചത്‌ ഈ വാക്കുകളായിരുന്നു.എന്റെ ജന്മമാണ്‌ എന്റെ കുറ്റം.
മൂന്നര വർഷത്തിന്‌ ശേഷം ഫാത്തിമ ലത്തീഫ്‌ എന്ന ഐ.ഐ.ടി വിദ്യാർത്ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നു,

എന്റെ പേരു തന്നെ പ്രശ്നമാണ്‌ വാപ്പിച്ചാ..നിങ്ങളോർക്കണം, ദക്ഷിണേന്ത്യയിലെ, മദ്രാസിലെ ,ഒരു കാമ്പസിനകത്ത്‌ പോലും ഇതാണ്‌ ജീവിതമെങ്കിൽ ഉത്തരേന്ത്യൻ കാമ്പസുകളിലെ ജാതിവെറിയിൽ എങ്ങിനെയാകും ഇനി കുട്ടികൾ പിടിച്ച്‌ നിൽക്കുക?

രോഹിത്‌ വെമുലക്ക്‌ വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ പോലും ഇനി ഉയരില്ല. ഭയം അഡ്മിൻ ഓൺലികളാക്കിയ മനുഷ്യരിൽ നിന്ന് എന്ത്‌ പ്രതിഷേധ സ്വരമാണ്‌ പ്രതീക്ഷിക്കാനാവുക?മനുഷ്യരെ പച്ചക്ക്‌ അടിച്ച്‌ കൊന്ന് വീഡിയോ ഷൂട്ട്‌ ചെയ്തവർക്ക്‌ വീര ചക്രം കൊടുത്ത്‌ ആനയിക്കപ്പെടുന്ന കാലമാണിത്‌. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്‌. തിളച്ച്‌ മറിയേണ്ട തെരുവുകളിൽ മഞ്ഞ്‌ മലകളാണുള്ളത്‌. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പോലെ കുട്ടികൾ ഇനിയും ആത്മഹത്യാ കുറിപ്പുകൾ എഴുതുന്നത്‌ തടയേണ്ടേ?പുതപ്പിനുള്ളിൽ നിന്ന് ഇനി ഞെട്ടിയുണരുക എന്ത്‌ കേൾക്കുമ്പോഴാണ്‌?
നാട്ടിൽ ഇനി പ്രതിഷേധങ്ങളുയർത്താനുള്ള ചങ്കുറപ്പ്‌ ആർക്കാണുള്ളത്‌?ഇത്‌ ആൾക്കൂട്ട കൊലപാതകങ്ങളുടെ കാമ്പസ്‌ വേർഷനാണ്‌. ജനാധിപത്യം ഊർദ്ധശ്വാസം വലിക്കുന്ന ഈ ഘട്ടത്തിൽ മനുഷ്യത്വമുള്ളവർ ഒന്നിച്ചിറങ്ങിയില്ലെങ്കിൽ നമുക്ക്‌ അനുശോചനം രേഖപ്പെടുത്താൻ പോലും ആരും ബാക്കിയുണ്ടാവില്ല.

മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി.ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയാണ് ഫാത്തിമ ലത്തീഫ് വിജയിച്ചത്.