ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തെ തടയുവാന്‍ പ്ലാൻ സി തയ്യാറാക്കി ബോറിസ് ജോൺസൻ. ഭരണകക്ഷി എം പിമാരിൽ നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും പുതിയ പദ്ധതികളുമായി മുന്നോട്ട് നീങ്ങാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പബ്ബുകളിലും റെസ്റ്റോറന്റുകളിലും എന്‍ എച്ച് എസ് കോവിഡ് ആപ്പ് ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യുക, എല്ലാ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുക, കെയർ ഹോം സന്ദർശനം പരിമിതപ്പെടുത്തുക തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് പ്ലാൻ സിയിൽ ഉൾപ്പെടുന്നത്. ക്രിസ്മസ് കാലത്ത് വാണിജ്യ – വ്യവസായ മേഖലയെ തകർക്കുന്ന പ്ലാൻ ബിയ് ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്മസ് ദിനത്തിൽ മൂന്നിൽ കൂടുതൽ സന്ദർശകരെ കാണുന്നതിൽ നിന്ന് കെയർ ഹോം നിവാസികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിയേറ്ററുകളിലും സിനിമാശാലകളിലും ആരാധനാലയങ്ങളിലും ഇന്ന് മുതൽ മാസ്ക് നിർബന്ധമാണ്. നിലവിൽ യുകെയിൽ 817 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ലണ്ടനോടൊപ്പം യുകെയിലെ ഒമിക്രോൺ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്‌കോട്ട്‌ലൻഡ്. സ്‌കോട്ട്‌ലൻഡിലെ കോവിഡ് കേസുകളിൽ 13.3 ശതമാനവും ഒമിക്രോണാണ്.

അതേസമയം കേസുകൾ ഉയരുന്നതിനാൽ രാജ്യം ‘ഒമിക്രോൺ സുനാമി’യെ നേരിടേണ്ടി വരുമെന്ന് സ്കോട്ട്ലൻഡ്‌ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ഇന്ന് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം മന്ദഗതിയിലാക്കാൻ ക്രിസ്മസ് പാർട്ടികളിൽ നിന്ന് മാറിനിൽക്കാൻ അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മുഴുവൻ കുടുംബാംഗങ്ങളും 10 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നും സ്റ്റർജിയൻ പ്രഖ്യാപിച്ചു. ഒമിക്രോണിന് മുൻപിൽ രാജ്യം കഠിനമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.