ഫാ.ഹാപ്പി ജേക്കബ്

വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കയാണ്. നോമ്പിന്റെ കഠിനതയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും തീക്ഷ്ണതയില്‍ കഴിഞ്ഞ നാളുകള്‍ ക്രിസ്തുവിന്റെ പീഡാനുഭവവും യാതനയും നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ത്തു എങ്കില്‍ അനുഗ്രഹമായി ഈ ദിനങ്ങള്‍ എന്ന് നിരൂപിക്കാം. പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന ഭാഗമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. വി.യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ ആണ് ഇത് വിവരിച്ചിരിക്കുന്നത്. മറ്റ് സൗഖ്യധ്യാന ശുശ്രൂഷയില്‍ നിന്ന് വ്യത്യസ്തമായി ഇവന്‍ സൗഖ്യം പ്രാപിക്കുവാന്‍ അപേക്ഷിക്കുന്നില്ല, അടുത്തേക്ക് വരുന്നില്ല, ആരും ഇവന് വേണ്ടി അപേക്ഷിക്കുന്നുമില്ല. കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ അവനെ കാണുന്നു. അവന്റെ ശിഷ്യന്മാര്‍ അവനോട് ഇവന്‍ കുരുടന്‍ ആയി പിറക്കുവാന്‍ കാരണം എന്ത്? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തത്? യേശു അവരോട് ആരും പാപം ചെയ്തിട്ടല്ല, ദൈവ പ്രവൃത്തി ഇവനില്‍ വെളിപ്പെടുവാനേ്രത എന്ന് അരുളി ചെയ്തു.

ലോകം എന്തെന്ന് കാണുവാന്‍ പറ്റാത്ത അവസ്ഥ. ദൈവസൃഷ്ടികളുടെ മനോഹാരിത അവന് ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭിക്ഷയാചിച്ച് അവന്‍ കഴിഞ്ഞുവന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥമായ അന്ധത എന്താണെന്ന് അത് മറ്റാര്‍ക്കുമല്ല, നാം ഓരോരുത്തര്‍ക്കും ആണെന്ന് മനസിലാകും.

ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് പറഞ്ഞ് ചേറ് അവന്റെ കണ്ണില്‍ പൂശി. അന്ധനായ ഈ മനുഷ്യന്‍ കര്‍ത്താവ് പറഞ്ഞപോലെ അനുസരിച്ച് കാഴ്ചപ്രാപിക്കുന്നു. കാഴ്ചയുണ്ട് എന്ന് അവകാശപ്പെടുന്ന നാം ഓരോരുത്തരും കാണേണ്ടത് കാണുവാനോ കര്‍തൃകല്പന അനുസരിച്ച് പ്രവര്‍ത്തിക്കുവാനോ ജീവിക്കുവാനോ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി അന്ധത പ്രാപിച്ച് സഹസൃഷ്ടികളെ കാണാതെ എങ്ങനെ ദൈവികത ദര്‍ശിക്കുവാന്‍ സാധിക്കും. കാഴ്ച എന്നത് ദൈവീകമായ ദാനമാണ്. സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ ഒന്നു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപദേശങ്ങളും ആദര്‍ശങ്ങളും പ്രസംഗിക്കുവാന്‍ കാണിക്കുന്ന മിടുക്ക് സ്വജീവിതത്തില്‍ പ്രകാശിക്കുവാനും മറ്റുള്ളവരില്‍ എത്തിക്കുവാനും നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്. ഈ വേദഭാഗത്ത് തന്നെ നമ്മുടെ പ്രതിനിധികളേയും നമുക്ക് കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാഴ്ച ലഭിച്ച് ഇവന്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സംശയങ്ങളും ആരോപണങ്ങളുമായി ജനങ്ങള്‍ അവിടെ ചോദ്യശരങ്ങളുമായി കാത്ത് നില്‍പുണ്ടായിരുന്നു. പ്രകാശം കൊടുക്കുവാനോ കഴിയില്ല എങ്കിലും അതിനെ അംഗീകരിക്കുവാനുള്ള മനസ് എങ്കിലും അവരില്‍ ഉണ്ടായില്ല എന്നു കാണുമ്പോള്‍ ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിരൂപം അല്ലാതെ മറ്റെന്താണ്.

സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ കാണുവാനും ആ പ്രകാശത്തെ അനേകരില്‍ എത്തിക്കുവാനും വരും ദിനങ്ങളില്‍ നമുക്ക് കഴിയണം. പ്രകാശം ദൈവീകമാകുമ്പോള്‍ അന്ധത പാപലക്ഷണമാണ്. കാണുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ആത്മീയാന്ധത നമ്മെ ഇരുളിന്റെ മക്കളാക്കി തീര്‍ക്കുന്നു. പ്രത്യാശയും സ്‌നേഹവും കരുണയും ആശ്വാസവും വെളിച്ചത്തിന്റെ ഗുണങ്ങള്‍ ആകുമ്പോള്‍ അതില്ലാത്തവര്‍ക്ക് ഈ നോമ്പിന്റെ ദിനങ്ങളില്‍ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക് കഴിയണം. കര്‍ത്താവ് ഇവന്റെ ശാരീരിക അന്ധതയും നീക്കി കാഴ്ചയും ദൈവിക സാന്നിധ്യവും മനസിലാക്കി കൊടുത്തത് പോലെ ഈ നോമ്പിലൂടെ ദൈവത്തെ ദര്‍ശിച്ച് പ്രകാശത്തിന്റെ മക്കളായി നമുക്ക് തീരാം. കാണേണ്ടവയെ കണ്ടും തിരിച്ചറിയേണ്ടവയെ തിരിച്ചറിഞ്ഞും യഥാര്‍ത്ഥ ദൈവികതയെ പുല്‍കുവാനും ദൈവസൃഷ്ടിയെ പരിപാലിക്കുവാനും കരുതുവാനും നമുക്ക് ശീലിക്കാം. പ്രകാശമായ ദൈവത്തെ പിന്തുടര്‍ന്ന് ഇരുളിലും മരണ നിഴലിലും കഴിയുന്നവര്‍ക്ക് നമുക്ക് ആശ്വാസം ഏകാം. വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായി സ്വീകരിക്കുവാന്‍ ദൈവം നമ്മെ വിശുദ്ധീകരിക്കട്ടെ.

കര്‍ത്തൃ സ്‌നേഹത്തില്‍
ഹാപ്പി ജേക്കബ് അച്ചന്‍