ഫാ.ഹാപ്പി ജേക്കബ്
നാല്‍പത് ദിവസം നോമ്പ് നോറ്റ് കര്‍ത്താവിന്റെ പീഡാനുഭവത്തെ ഓര്‍ക്കുവാനും പാപമോചനം പ്രാപിക്കുവാനുള്ള സമയമാണ്. ഹോശന്നാ ഹോശന്നാ ദാവീദ് പുത്രന് ഹോശന്ന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്ന് ആര്‍ത്ത് വിളിച്ച് കര്‍ത്താവിനെ സ്വീകരിക്കുന്ന വായനാഭാഗങ്ങളും ധ്യാനചിന്തകളും ഇന്ന് നാം കേള്‍ക്കും. പണ്ട് നടന്ന ഒരു സംരംഭത്തിന്റെ ഓര്‍മ്മ പുതുക്കല്‍ അല്ല, ഇന്നത്തെ ജീവിതത്തില്‍ നാം കര്‍ത്താവിനെ പകര്‍ത്തുകയും സ്വീകരിക്കയും ചെയ്യുമ്പോഴാണ് ഈ ഓശാന പെരുന്നാള്‍ അര്‍ത്ഥപൂര്‍ണമായി തീരുന്നത്. ഇന്ന് ചിന്തയ്ക്കായി ഭവിച്ചിരിക്കുന്ന വേദഭാഗം വി. മത്തായി എഴുതിയ സുവിശേഷം 21:1-11 വരെയുള്ള ഭാഗങ്ങളാണ്.
എളിമയുടെയും താഴ്മയുടെയും പ്രതീകമായ കഴുതക്കുട്ടിയെ തെരഞ്ഞെടുക്കുന്നു തന്റെ യാത്രക്കായി. അനേകരുടെ വിശപ്പ് മാറ്റിയവന്‍, അനേകരുടെ രോഗങ്ങളെ സൗഖ്യമാക്കിയവന്‍, മരിച്ചവരെ ഉയിര്‍പ്പിച്ചവന്‍ ഇങ്ങനെ പല കാര്യങ്ങള്‍ കേട്ടറിഞ്ഞ ആളുകള്‍ അവിടെ തടിച്ച് കൂടി. കൂടാതെ വലിയ പെരുന്നാള്‍ ആഘോഷിക്കുവാനായി പല നാടുകളില്‍ കഴിഞ്ഞവരും ഇന്ന് ഈ യാത്രയില്‍ പങ്കാളികളായി. പ്രവാചകന്മാര്‍ അരുളിച്ചെയ്തവനായി ഇസ്രായേല്‍ ജനത കാത്തിരുന്നവനായി രക്ഷകനായ കര്‍ത്താവിനെ അവര്‍ സ്വീകരിക്കുന്നു. എന്നാല്‍ ഒരു തെറ്റിദ്ധാരണ അവര്‍ക്കുണ്ടായിരുന്നു. രാജാവായി വരുന്നവന്‍ ഇസ്രായേല്‍ ജനതയെ റോമന്‍ അടിമത്വത്തില്‍ വീണ്ടെടുക്കും എന്ന പ്രത്യാശ അവരെ ഭരിച്ചു. ഐഹികമായ ഒരു രാജാവിനെ അവര്‍ പ്രതീക്ഷിച്ചു.
്
ഇന്ന് നാം പല അവസരങ്ങളിലും നമ്മുടെ ലൗകീക കാര്യസാധ്യത്തിന് വേണ്ടിയാണ് ദൈവത്തെ അന്വേഷിക്കുന്നത്. എന്നാല്‍ താന്‍ അരുളിച്ചെയ്ത നിത്യ ജീവനും ലോകം തരാത്ത സമാധാനവും സ്‌നേഹവുമാണ് ക്രിസ്തു എന്ന രാജാവിനെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. അതല്ലേ ഇന്ന് നമുക്ക് ആവശ്യമായിട്ടുള്ളതും.
ദൈവത്തെ പാടി സ്വീകരിക്കുമ്പോള്‍, തങ്ങളുടെ വസ്ത്രങ്ങളെ വിതറി, ഒലിവിന്‍ ചില്ലകളും കുരുത്തോലകളും വീശുമ്പോഴും ചില പരീശന്മാര്‍ തന്റെ ശിഷ്യന്മാരെ വിലക്കുവാന്‍ ആയി കര്‍ത്താവ് മറുപടിയായി പറുന്നു, നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും. (ലൂക്കോസ് 19: 40). ദൈവത്തെ സ്‌തേത്രം ചെയ്യുവാനും സ്തുതിക്കുവാനും നല്ല അവസരങ്ങള്‍ ധാരാളം നമ്മുടെ ജീവിതത്തില്‍ ദൈവദാനമായി ലഭിച്ചിട്ടും നമ്മുടെ വായ്കളെ സ്തുതികള്‍ ഒരുക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ. പ്രകൃതി പോലും മഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നമുക്കെന്തേ കഴിയാതെ പോകുന്നു. നമ്മുടെ ഉള്ളം രക്ഷകന് ഹോശന്ന പാടി സ്വീകരിക്കുവാന്‍ ഇതുവരേയും എന്തേ കഴിയാതെ പോയത്. ഉത്തരം തേടി മറ്റെങ്ങും പോകാനില്ല. നമുക്കറിയാം നാം വായിച്ചിട്ടുണ്ട്. ആരവാരത്തോടെ അവന്‍ ദേവലയത്തിലേക്കാണ് ചെന്നത്. പ്രാര്‍ത്ഥനാലയത്തെ അവര്‍ കള്ള ഗുഹയാക്കി തീര്‍ത്തിരിക്കുന്നു. ദൈവാലയത്തെ അശുദ്ധമാക്കാതെ എല്ലാ തിന്മകളില്‍ നിന്നും അവന്‍ ആലയത്തെ ശുദ്ധീകരിക്കുന്ന ഈ ക്രിയകള്‍ അവര്‍ക്ക് തീരെ രസിച്ചില്ല. അവനെ കുറ്റംം വിധിക്കാന്‍ അവര്‍ തീരുമാനിക്കുന്നു.
ഇപ്പോള്‍ വരണമേ എന്ന് അര്‍ത്ഥമുള്ള ഹോശന്നയുടെ അടുത്തത് വിശുദ്ധീകരണമാണ്. നമ്മുടെ അന്തരംഗങ്ങളെ ഉള്ളില്‍ കുടിയില്‍ ജഡികവും പാപപങ്കിലവും ആയ അവസ്ഥകളെ തൂത്തെറിഞ്ഞേ രക്ഷകന് വേണ്ടി ഒരുങ്ങാന്‍ നമുക്ക് കഴിയൂ. അതിന് നമുക്ക് മനസില്ലാത്തത് കൊണ്ട് കുരുത്തോല പിടിക്കുവാനുള്ള ഒരു പെരുന്നാളായി മാത്രം ഈ ദിനം നാം ആചരിക്കുന്നു. എന്നാല്‍ നോമ്പിന്റെയും പ്രാര്‍ത്ഥനയുടേയും വിശുദ്ധീകരണം ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുവാനുള്ള അവസരമാണ്. അര്‍ത്ഥം മനസിലാക്കി നമുക്ക് പെരുന്നാളില്‍ പങ്കുചേരാം. രക്ഷകന് വേണ്ടി ഒരുക്കത്തോടെ ഹോശാന്ന പാടാം. ഹോശന്ന ഹോശന്ന ദാവീദാത്മജന് ഹോശന്ന.
പ്രാര്‍ത്ഥനകളോടെ
ഹാപ്പി ജേക്കബ് അച്ചന്‍
Leave a Reply