ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. സൗഖ്യദാന ശുശ്രൂഷയുടെ ധ്യാനാത്മക ചിന്തയില്‍ നാമും അടുത്ത് വന്ന് പ്രാപിച്ച ദൈവകൃപ നമ്മളില്‍ ധാരാളം ആയി വളരുവാന്‍ പ്രാര്‍ത്ഥിക്കാം. ഇന്നത്തെ ചിന്തയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നതും മറ്റൊരു സൗഖ്യദാന ശുശ്രൂഷയാണ്. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം കര്‍ത്താവ് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് സൗഖ്യം കൊടുക്കുന്ന വായനാഭാഗം ആണ്.

കാഴ്ചയുടെ അഭാവം അന്ധകാരത്തിന് തുല്യമാണ്. എല്ലാം കാണുന്നു എന്ന് നിരൂപിക്കുന്ന നാം ഓരോരുത്തരും നമ്മുടെ ഉള്ളിലേക്ക് ഒന്നു നോക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങള്‍ നമുക്ക് കാണുവാനും അറിയുവാനും താല്‍പര്യം ഉള്ളവരാണല്ലോ. അങ്ങനെ ഉള്ള നമ്മുടെ നയനങ്ങള്‍ യഥാര്‍ത്ഥമായ കാഴ്ചയുടെ അനുഭവം ആണോ ഉള്‍ക്കൊള്ളുന്നത്. കാണേണ്ടത് കാണുവാനും കാണരുതാത്തത് കാണാതിരിക്കുവാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.

ആരുടെ പാപം നിമിത്തം ആണ് ഇവന്‍ അന്ധനായത് എന്ന് അവന്റെ ശിഷ്യന്മാര്‍ ചോദിക്കുമ്പോള്‍ കര്‍ത്താവിന്റെ നാമം മഹത്വവത്കരിക്കുവാനാണ് അവന്‍ അങ്ങനെ ജനിച്ചതെന്ന് അവന്‍ മറുപടി പറയുന്നു. എന്നിട്ട് നിലത്ത് തുപ്പി മണ്ണ് കുഴച്ച് കണ്ണില്‍ പുരട്ടുന്നു. ശീലോഹാമില്‍ പോയി കഴുകുവാന്‍ ആവശ്യപ്പെടുന്നു. അവന്‍ പോയി കഴുകി സൗഖ്യം പ്രാപിച്ചു. യഹൂദന്മാരെ പേടിച്ച് സൗഖ്യം പ്രാപിച്ചവനെ സമൂഹം നിരസിക്കുന്നു.

കര്‍ത്താവ് വീണ്ടും അവനോട് ചോദിക്കുന്നു. നിനക്ക് മനുഷ്യ പുത്രനില്‍ വിശ്വാസം ഉണ്ടോ. നിന്റെ മുന്നില്‍ നില്‍ക്കുന്നവന്‍തന്നെ എന്ന് അറിഞ്ഞപ്പോള്‍ അവന്‍ പ്രതിവചിച്ചു. സത്യമായും നാന്‍ വിശ്വസിക്കുന്നു. ദൈവകൃപയില്‍ അവന്‍ നിറഞ്ഞ് എന്ന് അവന്‍ മനസിലാക്കി ദൈവത്തെ സാക്ഷിക്കുന്നു.

കര്‍ത്താവില്‍ സഹോദരങ്ങളെ, ദൈവാനുഗ്രഹങ്ങള്‍ ധാരാളം ലഭിച്ച നാമോരുത്തരും നമ്മുടെ ആന്തരീയ നയനങ്ങള്‍ തുറന്ന് കര്‍ത്താവിനെ സാക്ഷിക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. പലതരം ബന്ധനങ്ങള്‍ കാരണം കാണുന്നു എന്ന് ഭാവിക്കുന്നുണ്ടെങ്കിലും കാഴ്ച പോയ്‌പോയത് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ.

നോമ്പിന്റെ അനുഭവങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി നാം തിരിച്ചറിയേണ്ട ഒരു ഗുണമാണ് കാണേണ്ടത് കാണുവാന്‍. നമ്മുടെ ചുറ്റുപാടുകള്‍ നാം വീക്ഷിക്കുമ്പോള്‍ ദൈവ സൃഷ്ടികളൈ തിരിച്ചറിയുവാന്‍ കഴിയണം. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുമ്പോള്‍ ദൈവ ചൈതന്യം നാം ഉള്‍ക്കൊള്ളണം. വേദനയുടേയും കഷ്ടതയുടേയും തേങ്ങലുകള്‍ കേള്‍ക്കുമ്പോള്‍ ശുശ്രൂഷയുടെ മനോഭാവം നമ്മളില്‍ ഉണരണം.

അറിവ് നേടുന്നതും ബുദ്ധി തെളിയുന്നതും ജ്ഞാനം പ്രാപിക്കുന്നതും നമ്മുടെ കണ്ണുകളെ തെളിയിക്കുവാന്‍ പര്യാപ്തമാണ്. അതിന്റെ പരമമായ അവസ്ഥയാണ് സകലത്തിലും ദൈവ ചേതസ് കാണുക എന്നത്. അന്ധകാരമയമായ ലോകത്ത് നാം ജീവിക്കുമ്പോഴും ആത്മ നയനങ്ങളെ തുറന്ന് ജീവിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ സ്വര്‍ഗ്ഗരാജ്യം അനുഭവം നമുക്ക് പ്രദാനം ചെയ്യുവാന്‍ നമുക്ക് കഴിയും. ഈ നോമ്പിന്റെ വലിയ ഫലം അത് തന്നെ ആവട്ടെ

ദൈവം അനുഗ്രഹിക്കട്ടെ