ഫാ. ഹാപ്പി ജേക്കബ്
ദൈവ കൃപയാല്‍ വലിയ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിട്ടു. പ്രാര്‍ത്ഥനയാലും നോമ്പാലും പിശാചിന്റെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് രക്ഷയുടെ കഷ്ടാനുഭവത്തോട് നാം അടുത്ത് വന്നിരിക്കുന്നു. ലോകത്തില്‍ നടമാടുന്ന പൈശാച്യ പ്രവര്‍ത്തനങ്ങളെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നാം ഉള്‍ക്കൊള്ളേണ്ട ആവശ്യകത നാം മനസിലാക്കേണ്ടിയിരിക്കുന്നു. രോഗ സൗഖ്യത്തിനുവേണ്ടി അനേകര്‍ ദൈവസന്നിധിയില്‍ വന്നുചേര്‍ന്ന ചിന്തകളായിരുന്നു നാം കഴിഞ്ഞ ആഴ്ചകളില്‍ ധ്യാനിച്ചിരുന്നത്. എങ്കില്‍ ഇന്ന് കര്‍ത്താവ് കണ്ട ഒരു ദാസിക്ക് സൗഖ്യം പ്രദാനം ചെയ്യുന്ന ഭാഗമാണ് ധ്യാനവിഷയമാകുന്നത്.
വി. ലൂക്കോസിന്റെ സുവിശേഷം 13-ാം അധ്യായം 10-17 വരെയുള്ള ഭാഗം വായിക്കാം. കര്‍ത്താവ് ദേവാലയത്തില്‍ ഉപദേശിച്ച് കൊണ്ടിരിക്കുമ്പോള്‍ പതിനെട്ട് സംവത്സരമായി നിവരുവാന്‍ കഴിയാത്ത കൂനിയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. യേശു അവളെ അടുത്ത് വിളിച്ച് ‘സ്ത്രീയേ നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞ് അവളുടെ തലയില്‍ കൈ വച്ച് സൗഖ്യമാക്കി. ഉടനെ അവള്‍ നിവര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തി.
ഒട്ടും നിവരുവാന്‍ കഴിയാത്ത അവസ്ഥ; ശാരിരികമാകാം ആത്മീകമാകാം. ഒരു മനുഷ്യന്റെ മുഖത്ത് നോക്കുവാന്‍ കഴിയുന്നില്ല, ദൈവ സന്നിധിയില്‍ മുഖമുയര്‍ത്തി നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നില്ല; സമൂഹത്തില്‍ വ്യത്യസ്തരായി കഴിയുന്നവരല്ലേ നാമും. പാപഭാരത്താല്‍ നിവരുവാന്‍ നമുക്ക് കഴിയാത്ത ദൈവസന്നിധിയില്‍ ആയിരിക്കുമ്പോള്‍ പാപമോചനം ലഭിക്കുന്നു. പാരമ്പര്യ സഭകളില്‍ എല്ലാം നോമ്പില്‍ കുമ്പസാരം നിര്‍ബന്ധമാണ്. അനുതപിച്ച് നമ്മുടെ ഉള്ളില്‍ നാം കൊണ്ടുനടക്കുന്ന പാപങ്ങളെ ദൈവ സന്നിധിയില്‍ ഏറ്റുപറഞ്ഞ് കൂനുമാറി നിവര്‍ന്നു നില്‍ക്കാന്‍ കുമ്പസാരം സഹായിക്കുന്നു. കാലാകാലങ്ങളായി ലോകത്തിന്റെ മോഹങ്ങളും പാപ ചിന്തകളും സ്വഭാവത്തില്‍ ഉള്ള അശുദ്ധിയും നമ്മെ പാപികളാക്കുന്നു എന്നത് തീര്‍ച്ചയായ വസ്തുത ആണ്. എന്നാല്‍ സത്യ കുമ്പസാരം നമുക്ക് കര്‍ത്താവിന്റെ ശരീര രക്തങ്ങളില്‍ പങ്കുകാരാകാന്‍ അവസരം തരുന്നു. അനുതപിച്ച് പാപമോചനം നേടിയേ വി. കുര്‍ബാന നടത്താവൂ എന്നും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
രോഗാത്മാവിനെ ശാസിച്ച് അവളുടെ തലയില്‍ കൈ വച്ചപ്പോള്‍ അവള്‍ക്ക് സൗഖ്യം വന്നു. ആശ്വാസം നല്‍കുന്ന കരം കര്‍ത്താവിന്റെ സന്നിധിയില്‍ നമുക്കായി കാത്തിരിക്കുന്നു. നമ്മുടെ ഭാരങ്ങള്‍ എന്തുമായി കൊള്ളട്ടെ പാപങ്ങള്‍ എത്രമാത്രം കഠിനമായി കൊള്ളട്ടെ ആ കര സ്പര്‍ശനത്താല്‍ മോചനം സാധ്യമെന്ന് നാം അറിയുന്നു. കര്‍ത്താവിന്റെ പ്രതിരൂപമായ പട്ടക്കാര്‍ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ പാപബന്ധങ്ങള്‍ അഴിക്കപ്പെടുവാന്‍ തക്കവണ്ണം നാം നിര്‍മ്മലമായ ദേവാലയത്തില്‍ കടന്നുവരണം എന്ന് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
അതോടൊപ്പം ഈ ദൗത്യം നാം ഓരോരുത്തരും ഏറ്റുവാങ്ങേണ്ടതാണ്. മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകുവാന്‍, ആശ്വാസം പകര്‍ന്ന് നല്‍കുവാന്‍, അവര്‍ക്ക് പാപബോധം നല്‍കുവാന്‍ നമ്മുടെ ജീവിതം സാക്ഷ്യമുള്ളതായിരിക്കണം. പാപക്കുന്ന് മാറ്റി ദൈവ മുഖത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുവാന്‍ നാം ശീലിക്കണം. അതിന് തടസ്സം നില്‍ക്കുന്ന ഏത് മോഹങ്ങളെയും നാം ഒഴിവാക്കി മുന്നോട്ട് പോകുവാന്‍ ഈ നോമ്പിന്റെ ദിവസങ്ങള്‍ നമ്മെ ഒരുക്കുന്നു. നോമ്പിന്റെ കാഠിന്യം ഏറും തോറും ആത്മീയ ബലം നമ്മുക്ക് ധാരാളം ലഭിക്കുന്നു. ആ ബലത്തില്‍ ശരണപ്പെട്ടു നമ്മുക്ക് രക്ഷയുടെ അനുഭവത്തിലേക്ക് നടന്നടുക്കാം.
ദൈവം അനുഗ്രഹിക്കട്ടെ