ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധ നോമ്പിലേയ്ക്ക് വീണ്ടും പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ആത്മീയ വിശുദ്ധിക്കും തീവ്രമായ പ്രാര്‍ത്ഥനയ്ക്കുമായി വേര്‍തിരിക്കപ്പെട്ട ദിനങ്ങള്‍. എപ്രകാരം ഉള്‍കൊള്ളുന്നുവോ അപ്രകാരം ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ജനസമൂഹവും പേരിനു വേണ്ടി മാത്രം നോമ്പ് നോക്കുന്ന മറ്റൊരു കൂട്ടരും. പിതാക്കന്മാരുടെ പ്രാര്‍ത്ഥനാ ശകലങ്ങളില്‍ നോമ്പിനേക്കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരമാണ്. ‘ശുദ്ധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവാകുന്ന സാത്താനെ ചെറുക്കുവാനുള്ള ആയുധവുമാകുന്നു.’
ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സര്‍വ്വ സൃഷ്ടിയും നൊമ്പും പ്രാര്‍ത്ഥനയും നോറ്റു അനുതാപത്തോടെ സൃഷ്ടാവിങ്കലേയ്ക്ക് തിരിയേണ്ടത് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. തിന്മയുടെയും അഹന്തയുടേയും മുത്തീ ഭാവങ്ങളായി സമൂഹവും നേതൃത്വവും അധംപതിക്കുമ്പോള്‍ നമ്മുടെ ഇടയില്‍ വിശുദ്ധന്മാര്‍ ഉണ്ടായേ മതിയാവുകയുള്ളൂ ഇനിയത്തെ നിലനില്പിന്.

പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ നമുക്ക് മാറ്റത്തിന്റെ വക്താക്കളാകാം. നോമ്പിലെ ആരംഭ ദിവസത്തിലെ വേദവായനാ ഭാഗത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു ചിന്താധാരയാണ് വി.യോഹന്നാന്റെ സുവിശേഷം അധ്യയം രണ്ട്. ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള ഭാഗം. ‘ കാനായിലെ കല്യാണ വിരുന്നില്‍ പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത് ‘. ഒരു വലിയ മാറ്റത്തിന്റെ സന്ദേശം നോമ്പിലേയ്ക്കു പ്രവേശിക്കുന്ന ദിനത്തില്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു. നിറമോ, ഗുണമോ, രുചിയോ ഇല്ലാതിരുന്ന വെള്ളത്തെ ഏറ്റവും മെല്‍ത്തരമായ വീഞ്ഞാക്കി രൂപാന്തരപ്പെടുത്തി. പലപ്പോഴും പല തരം ഒഴിവ് കഴിവുകള്‍ പറഞ്ഞ് ദൈവ പദ്ധതിയില്‍ നിന്ന് അകന്നു കഴിയുന്ന നമുക്ക് നമ്മുടെ ബലഹീനതകള്‍ മറന്ന് ദൈവത്തില്‍ ശരണപ്പെടാം. അവന്‍ നമ്മെ രൂപാന്തരത്തിന്റെ പാതയില്‍ വിശുദ്ധിയിങ്കലേയ്ക്ക് നയിക്കട്ടെ. അതിലൂടെ ഏറ്റവും ശ്രേഷ്ഠമായ ജീവിതത്തിന്റെ ഉടമകളാകാം.
രൂപാന്തരം വ്യക്തി ജീവിതത്തില്‍ ആരംഭിക്കാം…
ദൈവം അനുഗ്രഹിക്കട്ടെ….

00088532_810976669

ഹാപ്പി അച്ചന്‍ എന്ന്‍ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഫാ. ഹാപ്പി ജേക്കബ് നോമ്പ് കാലത്തെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെ വായനക്കാര്‍ക്കായി നോമ്പ് കാല സന്ദേശം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ ഹാപ്പി അച്ചന്‍ ഇപ്പോള്‍ യുകെയിലെ ഹാരോഗേറ്റ് ഇടവകയില്‍ സേവനം അനുഷ്ഠിക്കുകയാണ്.