ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ കടുത്ത ദുരിതം പേറി അസം. സംസ്ഥാനത്ത് മാത്രം 43 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇതുവരെ 11 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ പ്രമുഖ ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ കാസിരംഗയുടെ 95 ശതമാനവും വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വന്യമൃഗങ്ങൾ ഇതിനോടകം ചത്തതായി സൂചനകളുണ്ട്.
സംസ്ഥാനത്തെ 33 ജില്ലകളിൽ 30ലും പ്രളയ ദുരിതം ബാധിച്ചിട്ടുണ്ട്. ബാർപ്പേട്ട ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയരുന്നത് സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തുന്നുണ്ട്. അസമിലെ പത്തോളം നദികൾ കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം 80,000ത്തിലധം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അസമിന്റെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് മാർഗ്ഗങ്ങൾ പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജലഗതാഗത സംവിധാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഇതുവരെ 183 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 90000 ഹെക്ടർ കൃഷി ഇതിനോടകം നശിച്ചതായാണ് വിലയിരുത്തൽ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 380 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്.
ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകയിതോടെയാണ് ഹിമാലയൻ താഴ്വരകളായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാക്കിയത്. ബ്രഹ്മപുത്രക്ക് പുറമെ ജിൻജി റാം നദിയും കരകവിഞ്ഞതോടെ മേഘാലയയിലും സ്ഥിതി രൂക്ഷമാവുകയായിരുന്നു. 1.14 ലക്ഷം പേരെയാണ് സംസ്ഥാനത്ത് പ്രളയം ബാധിച്ചത്. 164 ഗ്രാമങ്ങളെയും പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്.
ത്രിപുരയിൽ 10,000 പേർക്ക് വീടുൾപ്പെടെയുള്ള സൗകര്യങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാംപുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, കനത്ത മഴയും പ്രളയവും രൂക്ഷമായ നേപ്പാളിൽ 88 പേർക്ക് ജീവഹാനി സംഭവിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷങ്ങളാണ് അഭയാർത്ഥി ക്യാംപുകളിലേക്ക് മാറിയിട്ടുള്ളത്. 38 പേർക്ക് പരിക്കേറ്റതായും മണ്ണിടിച്ചിലില്‍ ഉൾപ്പെടെ മുപ്പതിലധികം പേരെ കാണാതായായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 10,000ത്തിലധികം കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്. ഇതിനോടകം 1400 ലധികം പേരെ രക്ഷപ്പെടുത്തിയെന്നും നേപ്പാൾ പോലീസ് അറിയിച്ചു. ബംഗ്ലാദേശിലെ റൊഹംഗ്യൻ അഭയാർത്ഥി ക്യാംപിലുൾപ്പെടെ കനത്ത മഴ ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Leave a Reply