സോള്‍: അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹ വിക്ഷേപണമാണ് നടന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം. മിസൈല്‍ പരീക്ഷണമായിരുന്നുവെന്നും ഭൂഖണ്ഡാന്തര ആക്രമണത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നും ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ആരോപിച്ചു.
ഉത്തര കൊറിയന്‍ സമയം ഞായറാഴ്ച രാവിലെ 9.30നാണ് മിസൈല്‍ പരീക്ഷണം നടന്നത്. മിസൈല്‍ കുതിക്കുന്ന ദൃശ്യം ജപ്പാനിലെ ഫുഡി ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് പുറത്തുവിട്ടിട്ടുണ്ട്. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള അതിര്‍ത്തിയില്‍ നിന്നും പകര്‍ത്തിയാണ് ദൃശ്യം. മിസൈല്‍ പരീക്ഷണം വിജയമായോ എന്ന് വ്യക്തമല്ല.

ബാലിസ്റ്റിക് മിസൈല്‍ സാങ്കോതിക വിദ്യ ഉപയോഗിക്കുന്നതിന് ഐക്യരാഷ്ട്ര സമിതി ഉത്തര കൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ യു.എന്‍ രക്ഷാസമിതി ഇന്നു തന്നെ അടിയന്തര യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്താരാഷ്ട്ര വിലക്കുകള്‍ക്കിടയിലും ആണവ, ഹൈഡ്രജന്‍ ബോംബുകള്‍ പരീക്ഷിച്ച് ഞെട്ടിച്ച ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള പ്രകോപനമായാണ് ലോകരാഷ്ട്രങ്ങള്‍ ഈ നടപടിയെ കാണുന്നത്. റോക്കറ്റ് വിക്ഷേപണം വീക്ഷിച്ചുവരികയാണെന്നു അമേരിക്ക പറഞ്ഞു. ഇതു തങ്ങള്‍ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും യു.എസ് പ്രതിരോധ അധികൃതര്‍ അറിയിച്ചു. വിക്ഷേപണത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജപ്പാന്റെ നിലപാട്. കഴിഞ്ഞ മാസം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ ഈ നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.