അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച അലസിയതിനു പിന്നാലെ ഉത്തര കൊറിയ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയെയും നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വധിച്ചെന്ന് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ പരിഭാഷകയെ തെറ്റുവരുത്തിയതിന് തടവിന് ശിക്ഷിച്ചതായും ദക്ഷിണ കൊറിയയിലെ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ വഞ്ചിച്ചെന്ന കുറ്റമാണ് ഹാനോയ് കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ കിം ഹ്യോകിനു മേല്‍ ചുമത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചകളില്‍ അമേരിക്കയ്ക്കായി കിം ഹ്യോക് പ്രവര്‍ത്തിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ മിറിം വിമാനത്താവളത്തില്‍ വച്ചാണ് അഞ്ചുപേരെയും വെടിവച്ചുകൊന്നത്.

ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടെ വരുത്തിയ തെറ്റിന് പരിഭാഷക ഷിന്‍ ഹ്യെ യോങ്ങിനെ തടവിന് ശിക്ഷിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയ്ക്കെതിരെയുളള ഉപരോധങ്ങളെല്ലാം പിൻവലിക്കണമെന്ന ആവശ്യത്തിൽ കിം ജോങ് ഉന്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 28ന് നടന്ന ഉച്ചകോടി അലസിയത്. അതേസമയം, വാര്‍ത്ത സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.