ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഇന്ന് യുകെയിലെ റെയില്‍ ഗതാഗതം സ്തംഭിക്കും. ജീവനക്കാര്‍ ഫുട്‌ബോള്‍ മാച്ച് കാണുന്നതിനായി കൂട്ടത്തോടെ ലീവെടുത്തതോടെ നോര്‍ത്തേണ്‍ 170 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കാനിടയുണ്ടെന്നും വിവരമുണ്ട്. ചെഷയര്‍, ലങ്കാഷയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളെ സര്‍വീസ് റദ്ദാക്കല്‍ സാരമായി ബാധിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സും ക്രൊയേഷ്യയുമായുള്ള ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നത്.

നോര്‍ത്തേണ്‍ ജീവനക്കാരുടെ കോണ്‍ട്രാക്റ്റ് അനുസരിച്ച് ഏഴ് ദിവസത്തെ നോട്ടീസ് നല്‍കിയില്ലെങ്കിലും ഞായറാഴ്ച ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതില്‍ തടസമില്ല. ഇങ്ങനെയുണ്ടായ പ്രതിസന്ധിയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും ലിവര്‍പൂള്‍ മേയര്‍ സ്റ്റീവ് റോത്തര്‍ഹാമും നോര്‍ത്തേണിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നോര്‍ത്തേണും ഗോവിയ തെംസ് ലിങ്ക് റെയില്‍വേയും മെയ്മാസത്തിലെ ഷെഡ്യൂള്‍ മാറ്റത്തിനു ശേഷം നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സര്‍വീസ് വൈകലുകളും റദ്ദാക്കലുകളും പതിവാകുകയും ഈ സംഭവങ്ങള്‍ വിവാദമാകുകയും ചെയ്തതോടെ ഗോവിയ തെംസ് ലിങ്ക് റെയില്‍വേ ചീഫ് എക്‌സിക്യൂട്ടീവ് ചാള്‍സ് ഹോള്‍ട്ടന്‍ രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു. ഫൈനല്‍ ദിനത്തില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതില്‍ നോര്‍ത്തേണ്‍ വക്താവ് ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ 170 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും വക്താവ് പറഞ്ഞു.