ആയിരക്കണക്കിന് രോഗികളുടെ രോഗവിവരങ്ങള്‍ ചോര്‍ത്തിയ നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. എലൈയ്‌ന ലൂയിസ് എന്ന വാര്‍ഡ് നഴ്‌സിനാണ് ജോലി നഷ്ട്ടപ്പെട്ടത്. രാത്രി ഷിഫ്റ്റുകളില്‍ സ്ഥിരമായി ജോലി ചെയ്തിരുന്നു വ്യക്തിയായിരുന്നു ലൂയിസ്. ഹോസ്പിറ്റല്‍ രേഖകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന രോഗികളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ നഴ്‌സ് പരിശോധിച്ചതായി തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ ഒരു നഴ്‌സിന് ആവശ്യമുള്ള വിവരങ്ങളെക്കൂടാതെ രോഗികളെ സംബന്ധിച്ച അധിക വിവരങ്ങള്‍ ഇവര്‍ പരിശോധിക്കുകയായിരുന്നു. ചോര്‍ത്തിയ വിവരങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഡാറ്റ ചോര്‍ന്ന സംഭവം പുറത്തായതോടെ ഹെല്‍ത്ത് ചീഫ് രോഗികളോട് പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. നഴ്‌സ് വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഇതര ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്.
ഏതാണ്ട് 3000ത്തോളം രോഗികളുടെ ഔദ്യോഗിക മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ചോര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ലൂയിസ് രേഖകള്‍ ചോര്‍ത്തിയത് 1998 ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ടിന് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞതോടെ ഇവരോട് 650 പൗണ്ട് പിഴ നല്‍കാനും കോടതി ആവശ്യപ്പെട്ടു. 2013 ജൂലൈ മുതല്‍ 2015 സെപ്റ്റബംര്‍ വരെയുള്ള കാലഘട്ടത്തിലാണ് നഴ്‌സ് അനധികൃതമായി ആശുപത്രി രേഖകള്‍ പരിശോധിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ ലൂയിസ് കുറ്റം ചെയ്തതായി വ്യക്തമായതോടെ ഇവരെ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്ന് ഇവരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. മറ്റൊരു ആശുപത്രിയിലും എലൈയ്‌ന ലൂയിസിന് നഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കുകയില്ല.
എലൈയ്‌നക്ക് എതിരായ വാദം കേള്‍ക്കാന്‍ അവരെത്തിയിരുന്നില്ല. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഡാറ്റാ ബ്രീച്ച് ഗുരുതരമായി വീഴ്ച്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവരുടെ രോഗവിവരങ്ങള്‍ സംബന്ധിച്ച പരിശോധന നടത്താന്‍ അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് മാത്രമെ അവകാശമുള്ളു. പ്രസ്തുത നിയമം നിലനില്‍ക്കെ ലൂയിസിന്റെ അനധികൃത പരിശോധന ഗുരുതരമായി കുറ്റകൃത്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. രോഗികളുടെ രേഖകളില്‍ യാതൊരുവിധ മാറ്റവും നഴ്‌സ് വരുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രോഗവിവരങ്ങള്‍ സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.
Leave a Reply