ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന്റെ ഉറവിടം അന്വേഷിക്കുന്നു. അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം പവൻ സ്വര്‍ണവും രണ്ട് ലക്ഷത്തിലേറെ രൂപയും .
പൊലീസ് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ക്ഷേത്രദർശനം കഴിഞ്ഞുള്ള യാത്രയിൽ ഇത്രയുമധികം സ്വർണവും പണവും കണ്ടതിലാണ് സംശയം.വീട്ടിലുള്ള ആഭരണങ്ങളെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് സജീവ അന്വേഷണം ആരംഭിച്ചത്. രണ്ടു ബാഗുകളില്‍നിന്നാണ് കാറിൽ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തത്.ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ഒരു ബാഗുകളിലുണ്ടായിരുന്നു.
രണ്ടു ലക്ഷത്തോളം രൂപയും കാറിൽ നിന്നും കണ്ടെടുത്തിരുന്നു.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചത് അർജുൻ ആയിരുന്നെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പൊലീസിനോട് പറഞ്ഞു. അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു.
അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകടവിവരം വിളിച്ചറിയിച്ചത്. ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്. പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശന്‍ മൊഴി നൽകി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
സ്വർണക്കടത്ത് കേസിൽ ബാലുവിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്. മകൻ അറിയപ്പെടുന്ന വലിയ സംഗീതജ്ഞനായി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത. കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച മകന്റെ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തി. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്ന് കുടുംബം പറയുന്നു. ഇതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും.
പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം. അതുവരെ ഇതെല്ലാം വേദനയോടെ കണ്ടുനിൽക്കാൻ മാത്രമാണ് ലക്ഷ്മിയുടെ വിധി എന്നതും മലയാളിയെ വല്ലാതെ വേദനിപ്പിക്കുന്നു.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്.
നാട്ടുകാരും വഴിയാത്രക്കാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മകൾ തേജസ്വിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ശരീരമാസകലം ഗുരുതര പരുക്കേറ്റ ലക്ഷ്മിയെയും കാലുകൾ തകർന്ന അർജുനെയും നഗരത്തിലെ അനന്തപുരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കു ശേഷം ചികിൽസയിലിരിക്കെ ബാലഭാസ്കറും മരിച്ചു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തിരുമലയിലെ ‘ഹിരൺമയി’ എന്ന വീട്ടിലുണ്ട് ലക്ഷ്മിയിപ്പോൾ.
Leave a Reply