ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
നോട്ടിംഗ്ഹാം: ആറുദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനത്തില്‍ ദൈവാനുഗ്രഹം സമൃദ്ധമായി സ്വീകരിച്ച് നോട്ടിംഗ്ഹാം വിശ്വാസികള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ വിശ്വാസികളുടെയും ഭവനങ്ങള്‍ വെഞ്ചരിക്കുകയും നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും രൂപതാധ്യക്ഷനെ അനുഗമിച്ചു.
ലെന്റന്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ നടന്ന വി. കുര്‍ബാനയ്ക്കും മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. പ്രീസ്‌ററ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നമ്മോടു തെറ്റു ചെയ്യുന്ന എല്ലാവരോടും പൂര്‍ണമായി ക്ഷമിക്കുക എന്നതാണ് സ്വര്‍ഗ്ഗത്തിന്റെ നിയമമെന്നും ആ നിയമത്തിനനുസരിച്ച് ജീവിക്കേണ്ടവനാണ് ക്രിസ്ത്യാനിയെന്നും വചന സന്ദേശത്തില്‍ അ്‌ദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബൈബിളിലെ നിര്‍ദയനായ ഭൃത്യന്റെ ഉപമ വായിച്ച് വ്യാഖ്യാനം നല്‍കുകയായിരുന്നു അദ്ദേഹം.
വി. കുര്‍ബാനയുടെ സമാപനത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നവര്‍ക്കും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിമെന്‍സ് ഫോറം അംഗങ്ങളുടെ പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാവ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആലോചന നടത്തുകയും ചെയ്തു. തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി പ്രീസ്റ്റ് ചാന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും സമാപനത്തില്‍ ട്രസ്റ്റി ബേബി കുര്യാക്കോസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.
ഇടവക സന്ദര്‍ശനത്തിനും ദിവ്യബലിക്കും ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദിവ്യബലിക്കും മറ്റു പൊതു ചടങ്ങുകള്‍ക്കും ശേഷം എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു. ഇടയസന്ദര്‍ശനത്തിലൂടെ ദൈവസ്‌നേഹത്തിന്റെ പുതിയ തലങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഇടവക സമൂഹം ഒന്നായി ദൈവത്തിനു നന്ദി പറഞ്ഞു.
Leave a Reply