കരിയിലകാറ്റിലൂടെ

അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു കൊട്ടാരം കോശി സാമുവല്‍. രാവിലെ എഴുന്നേറ്റ് പത്രം വായിച്ചതു മുതല്‍ പറയാനാവാത്തത്ര സന്തോഷവും അഭിമാനവും അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കതിരിട്ടു നില്‍ക്കുന്ന നെല്‍പ്പാടങ്ങളിലേക്ക് നോക്കിക്കൊണ്ട് കോശി വളര്‍ത്തുനായ കിട്ടുവിന്റെ തലയില്‍ തലോടി നിന്നു.

താമരക്കുളത്തെ പുരാതന ധനാഢ്യകുടുംബമാണ് കൊട്ടാരം തറവാട്. അന്‍പതിനോടടുത്ത് പ്രായമുള്ള കൊട്ടാരം കോശിയുടെ നീണ്ട മുടിയും താടിയും കറുപ്പും വെള്ളയും നിറഞ്ഞതാണ്. പ്രായം ഇത്രയുണ്ടെങ്കിലും പ്രവൃത്തികള്‍ ചുറുചുറുക്കുള്ള ഒരു യുവാവിനെപോലെയാണ്. വീടിന്റെ പടിഞ്ഞാറുഭാഗം തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളുമാണ്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും കണ്ടാല്‍ തന്നെ കോശിയുടെ പ്രകൃതിസ്‌നേഹം  വ്യക്തമാകും. ചുറ്റുമുള്ള പാടങ്ങളെല്ലാം വിളയാറായ നെല്ലുമായി തലയുയര്‍ത്തി നിന്നു. നെല്‍പ്പാടത്ത് ഇന്നും കോശി ജൈവവളം മാത്രമേ ഉപയോഗിക്കാറുള്ളൂ.

ചുറ്റുമുള്ളവരെല്ലാം നല്ല വിളവിന് വേണ്ടി രാസവളങ്ങള്‍ ഉപയോഗിക്കുമ്പോഴും കോശി തന്റെ നിലപാടില്‍ നിന്നും തരിമ്പും പിന്നോട്ടു മാറിയില്ല.  പ്രകൃതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തനിക്ക് താല്പര്യമില്ലെന്ന ഒരൊറ്റ ഉത്തരം മതിയായിരുന്നു രാസവളങ്ങളുടെ മികവുകള്‍ പറഞ്ഞു വരുന്നവരുടെ വായടപ്പിക്കാന്‍.  രാവിലെ എണീറ്റാല്‍ വീട്ടിലെ മറ്റുള്ളവര്‍ ഉണരുന്നതിന് മുമ്പ് തന്നെ കോശി എല്ലാ പത്രങ്ങളും വായിച്ചു തീര്‍ക്കും. ആഴ്ചകളിലെത്തുന്ന വാരികകള്‍ വായിക്കുന്നത് മകള്‍ ഷാരോണും ഭാര്യ ഏലിയാമ്മയുമാണ്. കോശിക്ക് മക്കള്‍ രണ്ടാണ്. മൂത്ത മകന്‍ കുടുംബമായി ജര്‍മ്മനിയില്‍ പാര്‍ക്കുന്നു. ഇളയമകള്‍ ഷാരോണ്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയാണ്.

ഏലിയാമ്മ ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. രാവിലെയും വൈകിട്ടും അടുത്ത വീട്ടിലെ സ്ത്രീ ഏലിയാമ്മയെ സഹായിക്കാനായി എത്താറുണ്ട്. ഇടവേളകളില്‍ പറമ്പിലെ പണികളും അവള്‍ ചെയ്യും. വക്കീല്‍ ആണെങ്കിലും കൊട്ടാരം കോശി വളരെ കുറച്ച് കേസുകള്‍ മാത്രമേ എടുക്കാറുള്ളൂ. കൂടുതല്‍ സമയവും കൃഷിയിലാണ് ശ്രദ്ധ. പാടത്തോട് ചേര്‍ന്ന് മീന്‍ കുളവുമുണ്ട്.

പത്രങ്ങളെല്ലാം ഒരു തവണ വായിച്ചു തീര്‍ത്തതാണ്. എങ്കിലും കോശി ഒന്നു കൂടി ഇംഗ്ലീഷ് പത്രത്തിന്റെ താളുകള്‍ മറിച്ചു. അകത്തെ പേജിലെ ഒരുഫോട്ടോയില്‍ ആ കണ്ണുകള്‍ ഉടക്കി നിന്നു. കൗതുകത്തോടെ ആശ്ചര്യത്തോടെ സഹതാപത്തോടെ മൗനിയായി ആ പടത്തില്‍ നോക്കിയിരിക്കേ ഹൃദയത്തുടിപ്പ് ഉയരുന്നുണ്ടെന്നു തോന്നി. അതെ… അതെ….. തന്റെ സഹോദരി തന്നെ. അപ്പന്റെ അതേ മൂക്കുകളും കണ്ണുകളും. സ്വന്തം രക്തത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടവള്‍ ഇന്നിതാ പത്രത്താളിലൂടെ വീടിനുള്ളിലേക്ക് കടന്നു വന്നിരിക്കുന്നു. അഭിമാനമാണ് തോന്നുന്നത്. മനസ്സില്‍ എന്നന്നേക്കുമായി കുഴിച്ചുമൂടിയ ആ സത്യം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മരണക്കിടക്കയില്‍ അപ്പച്ചന് കൊടുത്ത വാക്ക് സംരക്ഷിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനാണ്. മരണം വരെ എന്ത് വില കൊടുത്തും താനത് സംരക്ഷിക്കും. ആ രഹസ്യം മറ്റാര്‍ക്കും ചര്‍ച്ചയാകാന്‍ പാടില്ല. മരിക്കും മുന്‍പ് അപ്പച്ചന്‍ ആ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ അവിശ്വസനീയതയായിരുന്നു ആദ്യം. അപ്പച്ചന് മറ്റൊരു  സ്ത്രീയുമായി ബന്ധം, അതില്‍ പിറന്ന ഒരു മകള്‍…

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അന്ന് തന്റെ മുന്നില്‍ വെളിപ്പെട്ടത്. തനിക്കൊരു സഹോദരിയുണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യം നിര്‍വികാരതയായിരുന്നു തോന്നിയത്. പക്ഷേ തന്നേക്കാള്‍ മുന്‍പേ ഈ രഹസ്യങ്ങളെല്ലാം അറിഞ്ഞിട്ടും യാതൊരവകാശവും ഉന്നയിക്കാതെ മറ്റാരെയും അറിയിക്കാതെ  കര്‍ത്താവിന്റെ മണവാട്ടിയായി കഴിയുകയാണവളെന്നറിഞ്ഞപ്പോള്‍ സ്‌നഹേവും ബഹുമാനവും മനസില്‍ നിറഞ്ഞു. മറ്റൊരു സ്ത്രീയില്‍ അപ്പച്ചന് ജനിച്ച സ്വന്തം സഹോദരി കാര്‍മേലിനെ  അഗാധമായി സ്‌നേഹിക്കുന്നുണ്ട്. അക്കാലത്തെല്ലാം അവളെ ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച് സഹോദരി വളര്‍ന്ന കന്യാസ്ത്രീകളുടെ മഠത്തിലേക്കും ചെന്നു.

പക്ഷേ വിധി മറ്റൊന്നായിരുന്നു. അപ്പോഴേയ്ക്കും അവള്‍ മെഡിസിന് ഉപരിപഠനത്തിനായി ഇറ്റലിയിലേക്ക് പോയിരുന്നു. അപ്പച്ചന്‍ മറ്റാരുമറിയാതെ മകളെ കാണാന്‍ ആലപ്പുഴയ്ക്ക് പോകുമായിരുന്നു. അതും സ്വന്തം പിതാവായിട്ടല്ല. മകളുടെ സാമ്പത്തിക കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് നടത്തുന്ന ഉദാരമനസുള്ള മാന്യനായി. മകളോട് വളരെ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ഒരു ക്രിസ്തുമസ് ദിനത്തില്‍ മനസിലെ ഭാരം ഇറക്കി വയ്ക്കാനായി അപ്പച്ചന്‍ എല്ലാകാര്യങ്ങളും മകളോട് പറഞ്ഞു. അവളുടെ നിശബ്ദമിഴികള്‍ വിഷാദം നിറഞ്ഞു. മനസ് വികാരാധീനമായി.

എല്ലാം വളരെ ക്ഷമയോടെയാണ് അവള്‍ കേട്ടത്. മകളെ ദയനീയമായി നോക്കിയെങ്കിലും ആ മുഖത്ത് അത്രവലിയ സന്തോഷമൊന്നും പ്രകടമായിരുന്നില്ല. തന്നെ ഉപേക്ഷിച്ചു പോയ പിതാവിനോട് പകയോ വിദ്വേഷമോ തോന്നിയില്ല. എന്നിരുന്നാലും സ്വന്തം പിതാവ് ആരെന്ന് ചൂണ്ടിക്കാണിക്കാന്‍ ഭാഗ്യമില്ലാത്ത ഒരു മകള്‍.  അവളോട് പിതൃത്വം ഏറ്റു പറഞ്ഞ ദിവസത്തെക്കുറിച്ച് അപ്പച്ചന്‍ പറഞ്ഞതെല്ലാം കോശിയുടെ മനസിലേക്ക് ഓടിയെത്തി. അന്ന് അവള്‍ അപ്പനെ തുറിച്ചുനോക്കിയിട്ട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ.””എന്റെ അമ്മ ജീവനോടെയുണ്ടോ?”. വര്‍ഷങ്ങള്‍ക്കു ശേഷം അതേക്കുറിച്ച് തന്നോട് പറയുമ്പോഴും അപ്പച്ഛന്റെ മുഖത്ത് നഷ്ടബോധവും കുറ്റബോധവും നിരാശയും നിറഞ്ഞു നിന്നിരുന്നതിനെക്കുറിച്ച് കോശി ഓര്‍ത്തു.. അമ്മയാരാണെന്നറിയുന്നതിനുള്ള ആശ അവളുടെ മുഖത്തു പ്രകടമായിരുന്നു. പക്ഷേ സന്തോഷിക്കാന്‍ വകയുള്ള ഒന്നും ശാമുവലിന് അവളോട് പറയാനുണ്ടായിരന്നില്ല. അന്നാദ്യമായി ശാമുവല്‍ മകളോട് അവളുടെ അമ്മയെക്കുറിച്ച് സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയമവിദ്യാര്‍ത്ഥികളായി ബാംഗ്ലൂരില്‍ പഠിക്കുന്ന കാലം. അക്കാലത്തായിരുന്നു ആ പ്രണയം മൊട്ടിട്ടത്. കണ്ടാല്‍ ആരും മോഹിച്ചു പോകന്ന അതിസുന്ദരിയായ പെണ്‍കുട്ടി സാറ.  അവരുടെ ഇരുവരുടെയും ജീവിതത്തിലെ ആദ്യത്തെ പ്രണയം.
നാട്ടിലുള്ള ആര്‍ക്കും തന്നെ ആ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. ശാമുവലിന് അതൊരിക്കലും ഒരു ക്യാംപസ് പ്രണയമായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടില്‍ പോയി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അവരെ കാത്തിരുന്നിരുന്നത്.  വിവാഹം കഴിക്കും മുമ്പേ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഭയവും ഭീതിയും സാറയെ ബാധിച്ചു.

പക്ഷേ ശാമുവലിനപ്പോഴും ഭയമുണ്ടായിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും മനസ്സില്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. മറ്റാരുമറിയാതെ ബാംഗ്ലൂരില്‍ വച്ച് പ്രസവം നടത്താമെന്ന് തീരുമാനിച്ചതും ശാമുവല്‍ ആയിരുന്നു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായി നാട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സാറയ്ക്കും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അല്ലറചില്ലറ ജോലികള്‍ ചെയ്തിട്ടാണെങ്കിലും സാറയ്ക്കു വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നതില്‍ ഉത്സാഹവാനായിരുന്നു ശാമുവല്‍. സാറ പൂര്‍ണ ഗര്‍ഭിണയായിരിക്കുന്ന കാലം.

നല്ല മഴയുള്ള ഒരു ദിവസമായിരുന്നു സാറയ്ക്ക് പ്രസവവേദന ആരംഭിച്ചത്. പ്രസവത്തിനായി കാറില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആ അപകടം. നിയന്ത്രണം വിട്ടു വന്ന ഒരു ലോറി കാറിലിടിച്ച് സാറ ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ. അപകടത്തില്‍ ശാമുവലിനും മുറിവുകളേറ്റിരുന്നു. ആശുപത്രിയില്‍ ദിവസങ്ങള്‍ കിടന്നു. അന്ന് ശാമുവലിന്റെ അമ്മായി ആ ആശുപത്രിയിലെ ഡോക്ടറായിരുന്നു. കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങാനിരുന്ന ശാമുവലിനെ തടഞ്ഞതും കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതും ശാമുവലിനെ അവിടെ പഠിക്കാന്‍ നിര്‍ബന്ധിച്ചതും എല്ലാം അമ്മായി ആയിരുന്നു.

പഴയ കഥകള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശ്രദ്ധയോടെ കേട്ടിരുന്ന കോശിയുടെ മുഖം ദുഃഖാര്‍ദ്രമായി. ശാമുവലിന്റെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകുകയായിരുന്നു.  തീവ്രവേദനയുമായി ഇരിക്കുന്ന പിതാവിനെ ആശ്വസിപ്പിക്കാന്‍ എന്താണൊരു വഴി. പിതാവിന്റെ മോഹങ്ങള്‍ ഒരു ദുര്‍മോഹമെന്ന് പറയാനാവില്ല. ആദരവോടെ പിതാവിനോട് പറഞ്ഞു. വിശുദ്ധ പൗലോസ് റോമറില്‍ പറയുന്നത് നാം ദൈവതേജസ്സിന്റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു. അതുതന്നെയല്ല. കഷ്ടത സഹിഷ്ണുതേയും. സഹിഷ്ണത സിദ്ധതയേയും. സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു എന്നറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശക്കോ ഭംഗം വരുന്നില്ല. അതിനാല്‍ ഈ ലോകത്ത് ഏറ്റവും വലിയ കഷ്ടമായ മരണം നേരിട്ടാലും നമുക്ക് യഹോവയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാം. ഞാനോ ലോകാവസാനത്തോളം നിങ്ങളോടുകൂടെത്തന്നെയുണ്ട് എന്ന വാഗ്ദത്തം ചെയ്ത യേശുനാഥന്‍ തന്നെ ഇനിയും ജീവാന്ത്യം വരെ വഴി നടത്തും. അതിനാല്‍ ഈ ലോകത്തിലെ എല്ലാം കഷ്ടതകളും വേര്‍പെടുത്തലും നമ്മെ വേദനിപ്പിക്കും. നമുക്കാവശ്യം പുതുജീവനും ചൈതന്യവുമാണ്. നിത്യവും നമ്മില്‍ വിശുദ്ധിയുള്ള ഹൃദയത്തെ സൃഷ്ടിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം. താനിത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ അപ്പച്ചന്റെ കണ്ണുകളില്‍ നിര്‍വൃതിയുടെ നീര്‍കണങ്ങള്‍.
കോശി ചിന്തകളില്‍ നിന്നുണര്‍ന്ന്  പത്രത്തിലേക്ക് വീണ്ടും ശ്രദ്ധിച്ചു. സിസ്റ്റര്‍ കാര്‍മേല്‍ തന്റെ സ്വന്തം സഹോദരി…സമൂഹത്തില്‍ നിന്നും തള്ളപ്പെട്ട് അഴുക്ക് ചാലുകളില്‍ ജീവിക്കുന്ന വേശ്യകളെ കണ്ടെത്തി അവരെ ശുശ്രൂഷിക്കുന്ന ജോലി. ജീവിത  ഭൂപടത്തിലെ ഗുണോന്മുഖമായ കര്‍മ്മപരിപാലനജോലി.  അവിടുത്തെ ചില സംഘടനകളും സഹായത്തിനായുണ്ട്. ബ്രിട്ടനിലെ ഒരു പ്രമുഖപത്രമാണ് സഹോദരിയുടെ സേവനങ്ങളെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയതിനാലാണ് സിസ്റ്റര്‍ കാര്‍മേല്‍  ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ഇടം തേടിയത്. ഈ സഹോദരനെ അറിയുമോ? അതറിയില്ല. ഇല്ല….ഇല്ല…… അറിയില്ല.

കേരളത്തില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ എന്നല്ലാതെ മറ്റൊരു വിവരവും കൊടുത്തിട്ടില്ല. അതിന്റെ കാരണം അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ടാകണം. തന്റെ സഹോദരിയെന്ന സത്യം ഈ ലോകത്ത് തനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല.

പത്രം മടക്കിവച്ചിട്ട് കോശി ആകാംക്ഷയോടെ ഓര്‍ത്തു. നമുക്ക് ചുറ്റും എത്രയോ സാമൂഹ്യപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, മതനേതാക്കളുണ്ട്. ഇവരൊക്കെ വലയില്‍ അകപ്പെട്ട മത്സ്യങ്ങളെപ്പോലെ ജീവിക്കാതെ ഇവരെപ്പോലെ തെരുവിലേക്ക് ഇറങ്ങിച്ചെല്ലാത്തത് എന്താണ്? സഹോദരിയുടെ പുണ്യപ്രവൃത്തി ഓര്‍ത്തപ്പോള്‍ വഴിപിഴച്ച വേശ്യകളെ വീണ്ടും ജീവനുള്ളവരാക്കി തീര്‍ക്കുന്നതില്‍ പാശ്ചാത്യരാജ്യക്കാരെപ്പോലെ മലയാളിക്കും അഭിമാനിക്കാം എന്ന് തോന്നി. ഈ സന്തോഷവാര്‍ത്ത ഭാര്യയെയും മക്കളെയും അറിയിക്കണമെന്നുണ്ട്. അതിനാകുന്നില്ല. പിതാവിന് കൊടുത്ത ഉറപ്പല്ലേ. അത് തെറ്റിച്ചാല്‍ അപ്പച്ചന്റെ ആത്മാവ് പൊറുക്കത്തില്ല. മാത്രവുമല്ല പാപബോധവുമായി മരണം വരെ ജീവിക്കേണ്ടതായും വരും. അപ്പച്ചന്‍ ബ്രീട്ടീഷ്ഭരണകാലത്ത് പാവങ്ങളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്ന നാട്ടിലെ ജന്മിമാര്‍ക്കെതിരെയും മാടമ്പികള്‍ക്കെതിരെയും വെള്ളക്കാര്‍ക്കെതിരെയും വാദിക്കാന്‍ കോടതിയിലെത്തുമായിരുന്നു. അപ്പച്ചന്റെ ചില കൊലപാതകക്കേസുകളുടെ വാദം കേള്‍ക്കാന്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് താനും പോകുമായിരുന്നു. കോടതിക്കുള്ളില്‍ എതിര്‍ഭാഗം വക്കീലിനെ ശ്വാസംമുട്ടിക്കുന്ന ചോദ്യങ്ങള്‍ കേട്ട് ന്യായാധിപന്‍പോലും അന്ധാളിച്ചിരുന്നിട്ടുണ്ട്.

അപ്പച്ചനെതിരെ വാദിക്കാന്‍ പലപ്പോഴും എതിര്‍ഭാഗം വക്കീലന്മാര്‍ കോടതിയില്‍ വരാതെയിരുന്നു. അപ്പച്ചനെപ്പോലെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിവുള്ളവര്‍ ചുരുക്കമായിരുന്നു. റോഡില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ അപ്പച്ചന്‍ ഘോരഘോരം കോടതിക്കുള്ളില്‍ പാവങ്ങള്‍ക്കായി വാദിച്ചുകൊണ്ടിരുന്നു. വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചുവീഴുമ്പോള്‍ കൊട്ടാരം ശാമുവല്‍ പാതകികള്‍ക്ക് കൊലക്കയര്‍ കൊടുത്ത് ജയിലേക്ക് അയയ്ക്കുകയായിരുന്നു. സത്യത്തിനും നീതിക്കുംവേണ്ടി പോരാടി മരിച്ച പിതാവ് ഇന്നും എത്രയോ മനസുകളില്‍ ജീവിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ ഒരു നിധിപോലെ മനസ്സില്‍ സുഷിച്ചിരുന്ന സഹോദരിയുടെ ഫോട്ടോയിലേക്ക് നിഷ്കളങ്കമായ കണ്ണുകളോടെ ഉറ്റുനോക്കി. ഒറ്റ നോട്ടത്തില്‍ അപ്പച്ചനും മകളും ഒരുപോലെ മുഖസാദൃശ്യമുള്ളവര്‍.

Malayalam UK Android App