അസമിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) പുതുക്കി, എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി അന്തിമ പട്ടിക വന്നതോടെ വെട്ടിൽ. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണെന്നതാണു നിലപാടു മാറ്റത്തിനു കാരണം.

അസമിനെ മറ്റൊരു കശ്മീർ ആക്കാൻ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നുമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. പൗരത്വ റജിസ്റ്റർ രാജ്യവ്യാപകമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനമേറ്റ ശേഷം ഇതെ കുറിച്ച് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്.

ബംഗ്ലദേശ് അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള പട്ടികയില‍െ 20 % പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറഞ്ഞു. യഥാർഥ ഇന്ത്യൻ പൗരന്മാർ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശർമയും പറഞ്ഞിരുന്നു.

പുറത്തായവരിൽ 25 % പേരേ അപ്പീലിലൂടെ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്നാണു ബിജെപി കരുതുന്നത്. ഇതിലേറെയും 1971 മാർച്ച് 24നു മുൻപ് എത്തിയ ബംഗാളി ഹിന്ദുക്കളാണ്. പുറത്താകുമെന്നു കരുതിയ 2 ലക്ഷം പേരെങ്കിലും വ്യാജരേഖകൾ നൽകി കടന്നുകൂടിയതായും പാർട്ടി കരുതുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻആർസി കമ്മിഷണർ പ്രതീക് ഹാജലയുടെ നിലപാട്. ഇദ്ദേഹത്തിനെതിരെയാണു ബിജെപി പടയൊരുക്കം നടത്തുന്നത്.

പുറത്തായവരെ ഉൾപ്പെടുത്താൻ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത്. അസമിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ സമരം ചെയ്ത ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (ആസു) നേതാവായിരുന്ന സോനോവാൾ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2015ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാർ പൗര റജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയപ്പോൾ അതു ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. പിന്നീടാണ് മോദി സർക്കാരിന്റെ പദ്ധതിയാണെന്നും വിദേശ കുടിയേറ്റക്കാരെ തുരത്തുമെന്നുമുള്ള നിലപാടിലേക്ക് പാർട്ടി മാറിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തയാഴ്ച അസം സന്ദർശിക്കും. വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിനെത്തുന്ന അദ്ദേഹം പൗര റജിസ്റ്റർ വിഷയവും ചർച്ച ചെയ്യുമെന്നാണു സൂചന. ഗുവാഹത്തിയിൽ ബിജെപി നേതാക്കളുമായി ചർച്ചയും നടത്തും.