ഭീകരവിരുദ്ധ സേനകള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കാന്‍ ഹോം ഓഫീസ് പദ്ധതി. ഹൈ-ടെക് ന്യൂക്ലിയര്‍, റേഡിയോളജിക്കല്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 10 മൊബൈല്‍ ഗാമ, ന്യൂട്രോണ്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് സേനകള്‍ക്ക് നല്‍കുക. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. റേഡിയോ ആക്ടീവ് വസ്തുക്കള്‍ കടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
എന്നാല്‍ രാജ്യത്തിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ ആരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2012 സമ്മര്‍ ഒളിമ്പിക്‌സില്‍ ഇത്തരം ഉപകരണങ്ങള്‍ ലണ്ടനില്‍ ഉപയോഗിച്ചിരുന്നു. രാജ്യത്തിനുള്ളില്‍ അനധികൃതമായി റേഡിയോ ആക്ടീവ് വസ്തുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് പുതിയ ഉപകരണങ്ങള്‍ നല്‍കുന്നത്. ഇവ വളരെ വേഗത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാകും. മുന്‍ കെജിബി ഏജന്റായിരുന്ന അലക്‌സാന്‍ഡര്‍ ലിത്വിനെന്‍കോയെ 2006ല്‍ പൊളോണിയം 210 ഉപയോഗിച്ച് റഷ്യന്‍ ഏജന്റുമാര്‍ ആക്രമിച്ചിരുന്നു. ഇവര്‍ റേഡിയോ ആക്ടീവ് വിഷം കടത്തിയത് എങ്ങനെയെന്നത് അജ്ഞാതമാണ്.
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ 2016ലെ സ്റ്റാറ്റിസ്റ്റിസ് അനുസരിച്ച് 189 സംഭവങ്ങളില്‍ റേഡിയോആക്ടീവ് വസ്തുക്കള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് 147 സംഭവങ്ങള്‍ മാത്രമാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആണവ വികിരണം ഏറ്റിട്ടുള്ള ചില ലോഹഭാഗങ്ങളാണ് പിടിക്കപ്പെട്ടവയില്‍ ചിലത്. ഇവ അനധികൃതമായി കടത്തിക്കൊണ്ടു വന്നവയാണ്.
Leave a Reply