സൂര്യന്റെ കേന്ദ്രത്തിലെ താപനില വരെ എത്തിച്ചേരുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍മാര്‍. 15 മില്യന്‍ ഡിഗ്രി സെല്‍ഷ്യസ് താപനില വരെ പരീക്ഷണ ഘട്ടത്തില്‍ റിയാക്ടര്‍ എത്തി. ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാങ്കേതികത ഉപയോഗിച്ച് ഊര്‍ജ്ജോദ്പാദനം സാധ്യമാക്കാനുള്ള ശ്രമത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ്ഷയറിലാണ് ടോകോമാര്‍ക്ക് റിയാക്ടറിന്റെ പരീക്ഷണം നടന്നത്. 2030ഓടെ ഈ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി യുകെ ഗ്രിഡില്‍ ലഭ്യമാക്കാനാണ് പദ്ധതി. 50 വര്‍ഷത്തിലേറെയായി ഭൗതികശാസ്ത്രജ്ഞന്‍മാര്‍ കാണുന്ന സ്വപ്‌നം കൂടിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ടോകാമാക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയാണ് ഈ റിയാക്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.
ഇതിന് അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് ലൈറ്റ് ഫ്യൂഷന്‍ എന്ന കമ്പനി ഭൂമിയില്‍ ഏറ്റവും സാന്ദ്രതയേറിയ പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പരാജയപ്പെട്ട ഫ്യൂഷന്‍ സാങ്കേതിക മേഖലയില്‍ ഗവേഷണ, വികസന ദൗത്യങ്ങളുമായി ആരംഭിച്ചിരിക്കുന്ന രണ്ട് സ്റ്റാര്‍ട്ടപ്പുകളാണ് ഈ രണ്ടു കമ്പനികളും. ആണവോര്‍ജ്ജം രണ്ടു വിധത്തിലാണ് പുറത്തു വരുന്നത്. ആറ്റങ്ങളെ വിഭജിച്ച് ഊര്‍ജ്ജോദ്പാദനം സാധ്യമാക്കുന്ന ന്യൂക്ലിയര്‍ ഫിഷനും, ആറ്റങ്ങള്‍ സംയോജിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷനും. ഇതില്‍ ഫിഷന്‍ സാങ്കേതിക വിദ്യയാണ താരതമ്യേന ചെലവു കുറഞ്ഞതും ശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയതും. ഫിഷന്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനാകുമെന്നതിനാലാണ് ഇത് ഉപയോഗപ്രദമായത്.
സൂര്യനിലും ഹൈഡ്രജന്‍ ബോംബിലും ഊര്‍ജ്ജോദ്പാദനം ഫ്യൂഷനിലൂടെയാണ് സാധ്യമാകുന്നത്. സൂര്യനില്‍ രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ച് ഹീലിയം ആയി മാറുന്നു. ഹൈഡ്രജന്‍ ബോംബിലും ഇതു തന്നെ സംഭവിക്കുന്നു. റേഡിയേഷന്‍ കുറവാണെങ്കിലും ഈ പ്രവര്‍ത്തനത്തിലുണ്ടാകുന്ന കനത്ത താപം നിയന്ത്രിക്കാന്‍ കഴിയാത്തതായിരുന്നു പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ശാസ്ത്രലോകത്തിന് സാധിച്ചതോടെ ഫ്യൂഷന്‍ റിയാക്ടറില്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ ഒരുങ്ങുന്ന കൊച്ചു സൂര്യന്‍മാര്‍ നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറിത്തുടങ്ങും.
Leave a Reply