മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്‌നക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീരപ്രദർശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകൾ നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദർശനം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മുൻപ് 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും വേറെയും കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന പ്രതിയുടെ വാദം കോടതി തള്ളി. ദൃശ്യങ്ങൾ പരിശോധിച്ച കോടതി പ്രതി കുട്ടികളെ ലൈംഗിക സംതൃപ്‌തിക്ക് വേണ്ടി ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.
കുട്ടികൾ ദേഹത്ത് ചിത്രങ്ങൾ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോസ്ഥൻ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ മാതാവിന് അവകാശമുണ്ടെന്നും നിയമം വിലക്കുന്നില്ലെങ്കിൽ അത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആവുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുട്ടികൾക്കും ലൈംഗിക ബോധവത്‌കരണത്തിനു വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി.
സമൂഹത്തിൽ മാതാവിന്റെ സ്ഥാനം മഹത്തരമാണന്ന് കോടതി ഓർമ്മിപ്പിച്ചു. കുട്ടിയുടെ ജീവിതത്തിൽ അമ്മയുടെ പങ്ക് വലുതാണ്. കുഞ്ഞിന്റെ ജീവിത നങ്കൂരമാണ് അമ്മ. പ്രതിസന്ധികളിൽ കുഞ്ഞിന് വൈകാരിക പിന്തുണയാകുന്നത് അമ്മയാണ്. അമ്മയിലൂടെയാണ് കുഞ്ഞ് ലോകത്തെ കാണുന്നത്. അമ്മക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും കുട്ടികൾക്ക് അമ്മയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി.അരുൺ പ്രകാശിന്റെ പരാതിയിൽ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെ തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അതു വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.
സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.
Leave a Reply