ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാൻഡ് വിച്ചിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തിൽ 86 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഇൻഫെക്ഷൻ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 256 ആയിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങൾ അധികൃതർ എടുത്തു മാറ്റിയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ച എല്ലാവരും മെയ് 31ന് മുമ്പ് ലക്ഷണങ്ങൾ കണ്ടവരാണ്.


ചില രോഗികളുടെ സാമ്പിളുകൾ ഇനിയും പരിശോധിക്കേണ്ടതിനാൽ നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഈ പ്രശ്നത്തിന്റെ മൂലകാരണം തിരിച്ചറിയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് യുകെ എച്ച് എസ് എയുമായി ചേർന്ന് വിഷയത്തിൽ അന്വേഷണം നടത്തുന്ന ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസിയിൽ നിന്നുള്ള ഡാരൻ വിൽബി പറഞ്ഞു. ഉപഭോക്താക്കളിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും റീറ്റെയിൽ ചെയിനുകളിലും വിൽക്കുന്ന സാൻഡ് വിച്ചുകളിലും റാപ്പുകളും സാലഡുകളും നിർമ്മാതാക്കൾ തിരിച്ചെടുത്തു.


ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 168, സ്കോട്ട് ലൻഡിൽ 56, വെയിൽസിൽ 29, നോർത്തേൺ അയർലണ്ടിൽ 3 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളിൽ സാധാരണയായി കാണുന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ- കോളി. ഇവയിലെ ചില തരങ്ങൾ നിരുപദ്രവകാരികളാണെങ്കിലും മറ്റുള്ളവ ഗുരുതര രോഗങ്ങൾക്ക് കാരണമാകും. നിലവിൽ ശിഖ ടോക്സിൻ ഉത്പാദിപ്പിക്കുന്ന ഇ- കോളി ബാക്ടീരിയ ഗ്രൂപ്പാണ് ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിനെ ദോഷകരമായി ബാധിക്കും. വയറുവേദന, പനി, ഛർദ്ദി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും കൊച്ചു കുട്ടികളെ ഇവ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇ- കോളി ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് പ്രത്യേക ചികിത്സ ഒന്നും തന്നെയില്ല. മിക്കവരും വൈദ്യസഹായം ഇല്ലാതെ തന്നെ സുഖം പ്രാപിക്കാറുണ്ട്. ഈ സമയങ്ങളിൽ ദ്രാവക രൂപത്തിൽ ഭക്ഷണങ്ങൾ കഴിക്കാൻ രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അണുബാധ തടയാൻ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകാൻ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.