ലണ്ടന്‍: പെണ്‍കുട്ടികളില്‍ നടത്തുന്ന ചേലാകര്‍മം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങളേക്കാള്‍ വലുതാണ് യാഥാര്‍ത്ഥ്യമെന്ന് യുണിസെഫ്. എഫ്ജിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന ഈ ക്രൂരതയ്‌ക്കെതിരേ ആചരിക്കുന്ന ലോക എഫ്ജിഎം വിരുദ്ധ ദിനത്തിലാണ് യുണിസെഫിന്റെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എഫ്ജിഎമ്മിന് വിധേയരായ 200 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും ലോകമെമ്പാടുമായി ജീവിക്കുന്നുണ്ടെന്ന് യുണിസെഫ് പറയുന്നു. ആചാരങ്ങളുടെ ഭാഗമായാണ് പലരും എഫ്ജിഎമ്മിന് വിധേയരാകുന്നത്. പലരാജ്യങ്ങളിലും ഈ ആചാരത്തിന് നിയമപരമായ വിലക്കുണ്ട്.
ഇന്തോനേഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എഫ്ജിഎം നടക്കുന്നത്. 2006ല്‍ നിയമം മൂലം ഇവിടെ ഇത് നിരോധിച്ചെങ്കിലും ഇന്നും ഈ സാംസ്‌കാരിക ശൂന്യമായ ആചാരം നടന്ന് വരുന്നു.ഇവിടെ 70 ദശലക്ഷത്തിലേറെ സ്ത്രീകളും കുട്ടികളും എഫ്ജിഎമ്മിന് വിധേയരാക്കപ്പെട്ടിട്ടുണ്ടെന്ന് 2014ല്‍ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പത് രാജ്യങ്ങളിലെ കണക്കുകള്‍ രാജ്യാന്തര എഫ്ജിഎം വിരുദ്ധ ദിനത്തില്‍ യുണിസെഫ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന ഈ ക്രൂരതയുടെ പകുതിയും നടക്കുന്നത് ഇന്തോനേഷ്യയിലും ഈജിപ്റ്റിലും എത്യോപ്യയിലുമാണ്. സൊമാലിയയിലെ 15നും 49നും ഇടയില്‍ പ്രായമുളള മൊത്തം സ്ത്രീകളിലും കുട്ടികളിലും 98 ശതമാനവും എഫ്ജിഎമ്മിന് വിധേയരായവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനില്‍ വര്‍ഷം തോറും 5500 പെണ്‍കുട്ടികള്‍ എഫ്ജിഎമ്മിന് വിധേയരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യത്തിന്റെ ചെറിയൊരു അംശം മാത്രമാണെന്നും പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും ഗവേഷകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. രാജ്യത്ത് ഓരോ 96 മിനിറ്റിലും ഒരു എഫ്ജിഎം സംഭവിക്കുന്നുണ്ട്. മതപരമായ ആചാരങ്ങളുടെ ഭാഗമായ എഫ്ജിഎം രാജ്യത്ത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലെയും എഫ്ജിഎമ്മിന്റെ കണക്കുകള്‍ ലഭ്യമല്ല. പല പെണ്‍കുട്ടികളും അഞ്ച് വയസിന് മുമ്പ് തന്നെ എഫ്ജിഎമ്മിന് വിധേയരാകുന്നു. ഗയാനയിലെ പതിനഞ്ചിനും 49നും ഇടയില്‍ പ്രായമുളള 97ശതമാനം പെണ്‍കുട്ടികളും എഫ്ജിഎമ്മിന്റെ ഇരകളാണ്.
എഫ്ജിഎം നടത്താന്‍ വിസമ്മതിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെ ഗ്രാമത്തിലെ അധികാരികള്‍ വീട്ടില്‍ നിന്ന് പിടിച്ച് കൊണ്ടു പോകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല കുട്ടികളും ഇതിന്റെ ഇരകളായി മരിക്കുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ നിന്ന് ശുഭസൂചനകളുമുണ്ട്. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടെ ലൈബീരിയയില്‍ എഫ്ജിഎംന്റെ നിരക്കില്‍ 41 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബുര്‍ക്കിനാഫാസോയില്‍ മുപ്പത്തൊന്ന് ശതമാനവും കെനിയയില്‍ മുപ്പത് ശതമാനവും ഈജിപ്തില്‍ 27 ശതമാനവും കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. പല യുവതികളും ഈ കാടത്തത്തിനെതിരെ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ടെന്നും നല്ല സൂചനയാണ്. വ്യാപകമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കണമെന്നും ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്ത്രീ ലൈഗികാവയവത്തിന്റെ ബാഹ്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന രീതിയാണ് ചേലാകര്‍മ്മം. നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യങ്ങളിലും അപരിഷ്കൃത രാജ്യങ്ങളിലും തികച്ചും അശാസ്ത്രീയമായും ക്രൂരമായും ആണ് ഇത് നടക്കുന്നത്. പലപ്പോഴും രഹസ്യമായി നടത്തുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഭാഗമായുണ്ടാകുന്ന രക്തസ്രാവം മൂലം പെണ്‍കുട്ടികള്‍ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്