ലണ്ടന്‍: ജിപിമാരുടെ എണ്ണത്തിലുള്ള കുറവ് നികത്താന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് തിരിച്ചടിയായി നേരത്തേ വിരമിക്കുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ജിപി അപ്പോയിന്റ്‌മെന്റുകളുടെ വെയിറ്റിംഗ് ലിസ്റ്റ് അനന്തമായി നീളുന്നതുമൂലമുണ്ടാകുന്ന അമിതജോലിയും ടോറികള്‍ ഏര്‍പ്പെടുത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജനസംഖ്യാനുപാതികമായി ജിപിമാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനറല്‍ പ്രാക്ടീസ് സംരക്ഷിക്കണമെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

2016-17 കാലയളവില്‍ 60 വയസില്‍ താഴെ പ്രായമുള്ള 784 ജിപിമാരാണ് വിരമിച്ചത്. 2009-10 കാലയളവില്‍ ഇത് 384 പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 4000 ജിപിമാര്‍ ജോലിയില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. പ്രൊഫഷനിലുള്ളവരുടെ പത്തിലൊന്ന് പേര്‍ വരും ഇത്. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം രോഗികള്‍ക്കാണ് ദുരിതമാകുന്നത്. ശരാശരി 13 ദിവസത്തെ കാത്തിരിപ്പ് ജിപി വിസിറ്റിന് രോഗികള്‍ക്കുണ്ടാകുന്നുണ്ട്. 2015ല്‍ ഇത് 10 ദിവസമായിരുന്നു. ഈ നിരക്ക് മൂന്നാഴ്ചയായി വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. 2020ഓടെ 5000 ജിപിമാരെ പുതുതായി നിയമിക്കുമെന്ന് 2015ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിപികള്‍ക്ക് നല്‍കിയിരുന്ന ഫണ്ടില്‍ പോലും വെട്ടിക്കുറയ്ക്കലുകള്‍ വരുത്തിയിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത് പറഞ്ഞു. മൊത്തം ഹെല്‍ത്ത് ബജറ്റിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ജിപികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. രോഗികള്‍ ഇത്രയും കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. എന്‍എച്ച്എസിനും കെയര്‍ സെക്ടറിനും ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതി ആവശ്യമാണെന്നും ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടി ഉന്നയിച്ച ചോദ്യത്തിന് പാര്‍ലമെന്റിലാണ് ഈ കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജിപിമാരുടെ ജോലിഭാരം 16 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ജിപിസ് അറിയിക്കുന്നു.