ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾ അടച്ചുപൂട്ടുന്നത് തുടർക്കഥയാവുന്നു. പത്തുവർഷത്തിനിടെ ഏഴായിരം പബ്ബുകളാണ് അടച്ചുപൂട്ടിയതെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ആൾട്ടസ് ഗ്രൂപ്പ് പറഞ്ഞു. ജൂണിലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇപ്പോൾ 39,970 പബ്ബുകൾ ഉണ്ട്. കോവിഡ് പ്രതിസന്ധിയും കുതിച്ചുയരുന്ന വിലയും ഉയർന്ന ഊർജ്ജ ചെലവുമാണ് വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നത്. പ്രതിസന്ധി നേരിടാനായി നികുതി വെട്ടിക്കുറച്ചിരുന്നുവെന്ന് സർക്കാർ പറഞ്ഞു. എന്നാൽ കൂടുതൽ സഹായം ആവശ്യമാണെന്ന് വ്യവസായ ഗ്രൂപ്പുകൾ അഭ്യർത്ഥിച്ചു.
പബ്ബുകളിലേക്ക് എത്തുന്ന യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായി. ഒപ്പം സൂപ്പർമാർക്കറ്റുകൾ വിലകുറഞ്ഞ മദ്യം വിൽക്കാൻ തുടങ്ങിയതോടെ ആളുകൾ അതിലേക്ക് തിരിഞ്ഞു. ആൾട്ടസ് പറയുന്നതനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും 400 പബ്ബുകൾ കഴിഞ്ഞ വർഷം പൂട്ടി. 2022 ന്റെ ആദ്യ പകുതിയിൽ ഏകദേശം 200 പബ്ബുകളാണ് അടച്ചുപൂട്ടിയത്.
2022ലെ ആദ്യ ആറ് മാസങ്ങളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത് വെസ്റ്റ് മിഡ്‌ലാൻഡിലാണ്; 28 എണ്ണം. ലണ്ടനിലും ഈസ്റ്റ് ഓഫ് ലണ്ടനിലും 24 എണ്ണം വീതം അടച്ചു. കോവിഡിൽ കനത്ത പ്രതിസന്ധി നേരിട്ട ഈ മേഖല തിരിച്ചുവരവിന്റെ പാതയിൽ ആയിരുന്നെങ്കിലും ഊർജ വിലയും ഭക്ഷ്യ വിലയും നികുതിയും വർധിച്ചതോടെ പിടിച്ചുനിക്കാനാവാത്ത അവസ്ഥയിലായി.
Leave a Reply