ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീവ്രവാദ നിലപാടുകളുള്ള കുട്ടികളുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ രണ്ടു വർഷത്തെ കാലയളവിൽ തീവ്രവാദ നിലപാടുകളുള്ള കുട്ടികളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്റർ ആയ ഓഫീസ് ഫോർ സ്റ്റുഡൻറ്സ് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൊതു സമൂഹത്തിൽനിന്ന് വേറിട്ട് നിൽക്കുന്ന ചില പ്രത്യയ ശാസ്ത്രങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളവരാണ് ഈ ഗണത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2021 – 22 കാലഘട്ടത്തിൽ ഇത്തരം വിദ്യാർത്ഥികളുടെ എണ്ണം 165 ആയിരുന്നു. 2020- 21 കാലത്ത് ഇവരുടെ എണ്ണം 139 മാത്രമായിരുന്നു. 2022- 23 കാലത്ത് 210 പേരെയാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഈ കണക്കുകൾ ആശങ്കാജനകമാണെന്നത് വംശീയതയ്ക്കും ഫാസിസത്തിനുമെതിരെ പ്രചാരണം നടത്തുന്ന ഹോപ്പ് നോട്ട് ഹെറ്റിലെ മുതിർന്ന ഗവേഷകനായ പാട്രിക് ഹെർമൻസൺ പറഞ്ഞു. യുകെയിലെ യുവാക്കൾക്കിടയിൽ തീവ്രവാദ ആശങ്കകൾ കൂടുന്നതിന്റെ നേർചിത്രമാണ് പുറത്തുവരുന്ന കണക്കുകൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ ഇസ്‌ലാമിസ്റ്റ്, തീവ്ര വലതുപക്ഷ തീവ്രവൽക്കരണം കേന്ദ്രീകരിച്ചുള്ള കേസുകൾ കഴിഞ്ഞ വർഷം നേരിയ തോതിൽ വർധിച്ചിട്ടുണ്ട്, നിലവിലെ പുറത്തു വരാനിരിക്കുന്ന വിവരങ്ങൾ 2023 – 24 അധ്യായന വർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒക്ടോബർ 7- ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള കാലയളവിൽ ഇസ്രയേലിന്റെ തുടർന്നുള്ള യുദ്ധവും ക്യാമ്പസുകളെ എങ്ങനെ സ്വാധീനിച്ചു എന്നത് അടുത്ത വർഷത്തെ ഡേറ്റയിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തുന്നത്.