ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്. ഇതോടെ ബിഷപ്പിനെതിരായ കേസില്‍ മദര്‍ സുപ്പീരിയറെ ചോദ്യം ചെയ്യും. അവര്‍ക്കെതിരേ കേസെടുക്കുന്നതും ആലോചനയിലുണ്ട്. ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയര്‍ക്കു നല്‍കിയ പരാതിക്കുള്ള മറുപടിക്കത്തിലാണ് ബിഷപ്പിനെതിരായ ആരോപണം അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നത്.ഇതിന്റെ പകര്‍പ്പ് ഒരു പ്രമുഖ മാധ്യമത്തിന് ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 23-നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കു കത്തയച്ചത്. മേയ് അഞ്ചിനു നല്‍കിയ മറുപടിയിലാണ് ബിഷപ്പുമായുള്ള കന്യാസ്തീയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നു പറഞ്ഞിരിക്കുന്നത്.
ബിഷപ്പുമായി കന്യാസ്ത്രീക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മനസിലാക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഒരു ബിഷപ്പിനെതിരേ നടപടി സ്വീകരിക്കാന്‍ നമുക്കു കഴിയുക. നമ്മുടെ സഭയുടെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്.വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സഭയുടെ പേരിനു കളങ്കമുണ്ടാക്കുന്ന സമീപനം കന്യാസ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മദറിന്റെ കത്തിലുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്ക് അയച്ച കത്തില്‍ ബിഷപ്പിനെതിരേ അതിരൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്. ബിഷപ്പിന്റെ ഓരോ ഇടപെടലിലും മദറിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ് കത്തിലെ ഒരു പരാമര്‍ശം. നിരവധി കന്യാസ്ത്രീകളുടെ പരീക്ഷ മുടക്കുന്ന സാഹചര്യം വരെ ഉണ്ടായി.
കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കുമെന്ന് ബിഷപ്പ് ഭീഷണി മുഴക്കി. ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്നതാ പരിശോധനയ്ക്കു വരെ തന്റെ സഹോദരിക്കു നില്‍ക്കേണ്ടിവന്നു. ഇങ്ങനെയൊരു സാഹചര്യം ഒരു കന്യാസ്ത്രീക്കു നേരിടേണ്ടിവന്നത് എത്രയേറെ വേദനാജനകമാണെന്ന് ഓര്‍ക്കുമല്ലോ എന്നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കുളള കത്തില്‍ ചോദിച്ചിരിക്കുന്നത്. തന്റെ സഹോദരിയും ബിഷപ്പുമായി തെറ്റിയെന്നു മനസിലാക്കി നിങ്ങള്‍ ഗൂഢനീക്കം നടത്തുകയാണെന്നും കത്തിലുണ്ട്.ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പരിയാരത്തും പരവൂരിലുമുള്ള മഠങ്ങളില്‍ ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. കുറവിലങ്ങാട്ടെ മഠത്തില്‍ 13 തവണ വന്ന കാലഘട്ടതില്‍ ഈ മഠങ്ങളില്‍ ബിഷപ് ഫ്രാങ്കോ നാലു തവണയേ ചെന്നിട്ടുള്ളുവെന്ന് കണ്ടെത്തി.
ഈ സന്ദര്‍ശന വേളയില്‍ മഠത്തില്‍ താമസിച്ചതിനു രേഖയില്ല. കണ്ണൂര്‍ പരിയാരം ആയുര്‍വേദ ആശുപത്രിക്കു പിന്‍വശ ത്തുള്ള മീഷനറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ സംഘം പരിശോധനയ്‌ക്കെത്തിയത്.കോട്ടയം കുറവിലങ്ങാട്, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളി ലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങള്‍.കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ് കേരളത്തില്‍ എത്തുമ്ബോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ എന്നാണ് അന്വേഷിച്ചത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുത്തു. രേഖകള്‍ പരിശോധിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാടിനു പുറത്ത് എവിടെങ്കിലും താമസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്. സഭ വിട്ടുപോയ ഒരു കന്യാസ്ത്രീയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബിഷപ്പിന് എതിരായാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് അറിയുന്നു. സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പോലീസ് ഭോപ്പാലിനു പോയേക്കും.
Leave a Reply