കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹ ഒഴിയുന്നില്ല കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയില്‍. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍നിന്നു പൊലീസ് കണ്ടെത്തി. മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണു സ്‌കൂളും കോണ്‍വെന്റും ചാപ്പലും സ്ഥിതി ചെയ്യുന്നത്. അന്‍പതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. ഏതാനും ദിവസങ്ങളായി സൂസമ്മ വിഷാദവതിയായിരുന്നുവെന്നു മഠത്തിലെ അന്തേവാസികള്‍ പൊലീസിനോടു സൂചിപ്പിച്ചു. ആശുപത്രിയില്‍ പരിശോധനകള്‍ക്കു പോയിരുന്നതായും തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലപരിശോധന നടത്തി. കന്യാസ്ത്രീയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.
Leave a Reply