കേരളത്തിലെ ക്രൈസ്തവ സഭയിൽ അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങൾ യഥാർത്ഥ വിശ്വാസികൾക്ക് മനോവേദനയ്ക്കും ഇടർച്ചയ്ക്കും കാരണമാവുന്നു. തങ്ങൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നതും പിന്തുടരുന്നതും ആചരിക്കുന്നതുമായ വിശ്വാസ സത്യങ്ങളെ പൊതുജനമദ്ധ്യത്തിൽ താറടിച്ചു കാണിക്കപ്പെടുന്ന സ്ഥിതിയിൽ അവർ തീർത്തും ദു:ഖിതരാണ്. സഭയെ നെഞ്ചോട് ചേർത്ത് കൊണ്ട് സഭയിലെ അപചയത്തിനെതിരെ പ്രതികരിക്കാൻ വെമ്പൽ കൊള്ളുകയാണ് യഥാർത്ഥ സഭാ വിശ്വാസികൾ. സഭാധികാരികളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു തലമുറയുടെ പിൻതുടർച്ചക്കാർ സഭാ നേതൃത്വത്തെ അടിമുടി വിമർശിക്കുന്ന അവസ്ഥ സൃഷ്ടിച്ചതിന്റെ യഥാർത്ഥ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാൻ സഭാധികാരികൾക്ക് കഴിയില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു.
1980 കളിൽ ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമെന്ന ബോർഡ് തൂങ്ങിയപ്പോൾ തന്നെ യഥാർത്ഥ വിശ്വാസികൾ സഭയുടെ മുൻനിരയിൽ നിന്ന് തള്ളപ്പെട്ടു. ദൃഡമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമായി കഴിഞ്ഞിരുന്ന പാരമ്പര്യവാദികളായ വിശ്വാസികളെ പുതിയ ശുശ്രൂഷയുടെ അത്ഭുത പ്രവർത്തകർ വെട്ടിമാറ്റി. സഭയ്ക്കെതിരെ പ്രതികരിക്കാൻ ഉള്ളിലെ ദൈവഭയം യഥാർത്ഥ വിശ്വാസികളെ അനുവദിക്കാത്തത് ഇവർ മുതലെടുത്തു. രോഗശാന്തി ശുശ്രൂഷയെയും ധ്യാനകേന്ദ്രങ്ങളെയും സഭ വളർത്താൻ ഉപയോഗിക്കുന്ന സഭാ നേതൃത്വത്തെയാണ് പിന്നെ ദൃശ്യമായത്. ഇതിനെ എതിർത്തിരുന്ന വൈദികർക്കും വിശ്വാസികൾക്കും സഭയിൽ സ്ഥാനമില്ല എന്ന സ്ഥിതി വന്നു. സഭയും വളരും പണവും വരും എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ കൂട്ടുകൃഷിയും വളർന്നു.
വിശ്വാസ പ്രമാണങ്ങളുടെ അന്ത:സത്ത തകർക്കുന്ന രീതിയിൽ രോഗശാന്തി ശുശ്രൂഷകൾ ലോകത്തെമ്പാടും വിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാർ വിറ്റഴിച്ചു. പണമെത്തിയതോടെ ആളും കൂടി. വിദേശ രാജ്യങ്ങളിലൊക്കെ ഇത് വൻ ബിസിനസാക്കി മാറ്റി. ദീർഘകാല വിസയും സംഘടിപ്പിച്ച് ലോകമെങ്ങും കറങ്ങി നടന്ന് വിശ്വാസികളെ നവീകരിക്കുന്ന അഭിനവ പ്രവാചകന്മാർ പണിതു കൂട്ടിയത് മണിമന്ദിരങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും. ഇവരുടെ അനിയന്ത്രിതമായ വളർച്ചയെ തടയാനാവാത്ത രീതിയിൽ അത്ഭുത സിദ്ധികൾ സമൂഹത്തിൽ വിറ്റഴിക്കപ്പെട്ടതിനാൽ സഭാ നേതൃത്വവും പരോക്ഷമായി ഇതിന് പിന്തുണ നല്കി. പാരമ്പര്യ മൂല്യങ്ങളെ കാറ്റിൽ പറത്തി സ്വന്തം സ്വാർത്ഥതയുടെയും വ്യക്തി ചിന്തകളുടെയും വിത്തുകൾ കുടുംബങ്ങളിലും സമൂഹത്തിലും പാകിയ പ്രഘോഷകർ യഥാർത്ഥ വിശ്വാസ മൂല്യങ്ങൾ വിശ്വാസികൾക്ക് അന്യമാക്കി. ആത്മീയതയ്ക്ക് പ്രാമുഖ്യം നല്കി ഭൗതിക ദാരിദ്യം വ്രതമാക്കിയ സന്യസ്ഥരായിരുന്നു സഭാ സമൂഹങ്ങളുടെ മുതൽക്കൂട്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് ഏറ്റവും കൂടുതൽ വസ്തുവകളും ബാങ്ക് ബാലൻസും ഉള്ള സഭകൾ പ്രേഷിത വേലയ്ക്കു പകരം സ്വയം പോഷിപ്പിക്കുന്ന വൻ ബിസിനസുകളായി മാറി.
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ വരെ കേരളത്തിലെ ക്രൈസ്തവ സഭ വിചാരണ ചെയ്യപ്പെടുന്നതിൽ തങ്ങളുടെ ആത്മരോഷം വിശ്വാസികൾ പ്രകടിപ്പിക്കുന്നത് സ്വഭാവികം മാത്രം. വിശ്വാസികളെ എന്നും വരച്ച വരയിൽ നിർത്തിയിരുന്ന സഭാധികാരികളിൽ ചിലരെങ്കിലും അവരുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്തു. തെമ്മാടിക്കുഴി കാണിച്ച് പേടിപ്പിച്ചു നിർത്തപ്പെട്ട പഴയ തലമുറയല്ല ഇപ്പോഴുള്ളതെന്ന് അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു. വിശ്വാസികളെ സാമൂഹിക ജീവിതത്തിൽ നിന്ന് കഴിയുന്നതും അകറ്റി നിർത്തി സ്വയം സൃഷ്ടിച്ചെടുത്ത ചട്ടക്കൂടുകളിൽ തളച്ചിടാൻ സഭാധികാരികൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.
സഭാ വിശ്വാസികളെ നേർവഴിയ്ക്കു നയിയ്ക്കേണ്ടവരെ വിശ്വാസികൾ കൈ പിടിച്ചു ശരിയായ പാത കാണിച്ചു കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. വിശ്വാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ സഭാനേതൃത്വം എന്നും വിമുഖത പുലർത്തിയിരുന്നു. അതിനെതിരെ ശബ്ദിച്ചവരെ നിശബ്ദമാക്കുവാൻ അവർക്ക് എളുപ്പം കഴിഞ്ഞു. വചന പ്രഘോഷണത്തിന്റെയും രോഗശാന്തിയുടെയും പാത പിന്തുടർന്ന് ഉൾവിളിയോടെ വിശ്വാസത്തിലേയ്ക്ക് എടുത്തു ചാടിയ ഒരു പറ്റം ആളുകൾ പലയിടങ്ങളിലും സഭയെ ഹൈജാക്ക് ചെയ്തു. സഭാധികാരികളോട് ചേർന്ന് സഭാ ഭരണം നിയന്ത്രിക്കാൻ വേറെ കുറെയാളുകളും മിക്ക സ്ഥലത്തുമുണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന യഥാർത്ഥ വിശ്വാസികളും സന്യസ്തരും ഇതിൽ ഒന്നും ഉൾപ്പെടാത്തവരാണ്. എന്നാൽ ഇവർക്ക് സഭാ ഭരണത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റില്ല. നിയന്ത്രണയെല്ലാം തന്ത്രങ്ങളുടെ ചാണക്യന്മാരായ ഉപജാപക വൃന്ദത്തിന്റെ കൈകളിലാണ്.
ജനനം മുതൽ തങ്ങളുടെ ആത്മീയ യാത്രയുടെ ഭാഗമായ, സഭാ സംവിധാനത്തെ തകർക്കുന്ന ശക്തികൾക്കെതിരെ വിശ്വാസികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സഭയെ സ്വതന്ത്രമാക്കൂ, ഞങ്ങൾ സഭയ്ക്കൊപ്പം എന്ന സന്ദേശമുയർത്തി ലോകമെമ്പാടും വിശ്വാസികൾ സംഘടിച്ചു കഴിഞ്ഞു. കേരളത്തിലും പ്രവാസ ക്രൈസ്തവ സഭകളിലും ഇതിന്റെ അലയൊലികൾ ഉയർന്നു കഴിഞ്ഞു. നിശബ്ദരായിരുന്നവർ ഒരുമിക്കുകയാണ്.
സഭയുടെ പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും മുറുകെ പിടിച്ചു കൊണ്ട് മുന്നേറുന്ന വിശ്വാസികളുടെ ഒരു വിമോചന പ്രസ്ഥാനമാണ് ഉടലെടുക്കുന്നത്. നീതി നിഷേധത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാനുള്ള കന്യാസ്ത്രീകളുടെ ധീരമായ തീരുമാനം കേരള സഭയുടെ ചരിത്രത്തിൽ മാത്രമല്ല, ലോക ചരിത്രത്തിലും സ്ഥാനം പിടിക്കുകയാണ്. ഇവിടെ ആര് തെറ്റ് ചെയ്തു എന്നുള്ളത് നീതീ പീഠം തീരുമാനിക്കും. എന്നാൽ വിശുദ്ധ ബലിപീഠങ്ങളിൽ നിന്നു കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾക്കായി പ്രബോധനങ്ങളും ഇടയലേഖനങ്ങളും അടിച്ചേൽപ്പിക്കുന്നവരുടെ മൂല്യച്യുതി വിശ്വാസികൾക്ക് ദഹിക്കുന്നതിലും അപ്പുറമാണ്. സഭയിലെ ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം വിശ്വാസികൾ അല്ല, സഭാ നേതൃത്വം തന്നെയാണ് എന്ന് പകൽ പോലെ വ്യക്തം.
Leave a Reply