കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയെ എതിർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ബിഷപ് ജാമ്യാപേക്ഷ നൽകി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യം. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.
ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയിലും പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയിലും പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അല്പസമയത്തികം വിധി പറയും. മൂന്നുദിവസം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നാണ് ബിഷപ്പിന്‍റെവാദം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും തീരുമാനം അല്പസമയത്തിനകം ഉണ്ടാകും.
കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടിരുന്നു. ഇതിൽ ആശങ്കപ്പെടാനില്ലെന്നും ഉയർന്ന രക്തസമ്മർദത്തെ തുടർന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ കുടുക്കിയത് സ്വന്തം മൊഴികള്‍ തന്നെയാണ്. മാത്രമല്ല രണ്ടാം ഘട്ടത്തില്‍ പോലീസ് നടത്തിയ തെളിവ് ശേഖരണവും ഫ്രാങ്കോയ്ക്ക് വിനയായി. ചോദ്യം ചെയ്യലില്‍ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പലയിടത്തും ബിഷപ്പിന് അടിതെറ്റി. അന്വേഷണ സംഘം തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന് പിടിച്ചുനില്‍ക്കാനായില്ല. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ രേഖകള്‍ നിരത്തിയതോട് ബിഷപ്പിന്റെ അടിതെറ്റി.
ബലാത്സംഗത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉത്തരം പറഞ്ഞ് തുടങ്ങിയപ്പോള്‍ അതവസാനിച്ചത് പ്രകൃതി വിരുദ്ധ പീഡനത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍. ഇതോടെ ബിഷപ്പ് തളര്‍ന്ന് പോയി. പക്ഷെ വീണ്ടും പ്രതിരോധം തീര്‍ത്തു.
കന്യാസ്ത്രീയുടെ പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും അന്വേഷണ സംഘം പൊളിച്ചു. 2017 മെയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് തന്നോട് പകവീട്ടുകയാണ് കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പ് വാദിച്ചിരുന്നത്. എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി.
ഏതാനും വൈദികരോടും അന്ന് കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാടുള്ള മിഷന്‍ ഹോമില്‍ താന്‍ താമസിച്ചിട്ടില്ലെന്നും അന്ന് താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി.
മിഷിണറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നായിരുന്നു ബിഷപ്പ് വാദിച്ചത്. താന്‍ ആത്മീയ ഗുരുമാത്രമായരുന്നു മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഈ വാദവും പോലീസ് പൊളിച്ചു. കന്യാസ്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് ആദ്യ പരാതിയില്‍ കന്യാസ്ത്രീ ലൈംഗിക പീഡനം എന്ന് പറഞ്ഞിട്ടില്ലെന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതി മറ്റൊരാള്‍ വഴിയാണ് നല്‍കിയതെന്നും വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് പീഡനവിവരം മറച്ചുവെച്ചതെന്നും മേലധികാരികളോട് പീഡനം നടന്നു എന്ന് തുറന്ന് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഉത്തരം മുട്ടിയ ബിഷപ്പ് കന്യാസ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദീസ ചടങ്ങില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും കാണിച്ച് ബിഷപ്പിന്റെ ആ വാദവും പോലീസ് പൊളിച്ചു.
Leave a Reply