നോർഫോക്ക്: പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തെ വളരെയധികം വേദനിപ്പിച്ച ഒന്നായിരുന്നു അനസൂയ ചന്ദ്രമോഹന്റെ (55) മരണം. ഏപ്രിൽ ആദ്യ വാരത്തിൽ അമ്മ അനസൂയയും, മകളും നഴ്സുമായ ജെന്നിഫറും കോവിഡ്-19 ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം അൽപം ഒന്ന് ശമിച്ചപ്പോൾ അനസൂയ ഡിസ്‌ചാർജ് ചെയ്‌ത് വിശ്രമത്തിലിരിക്കുമ്പോൾ ആണ് പെട്ടെന്ന് അസ്വസ്ഥത തോന്നുന്നതും ആംബുലൻസ് വിളിച്ചതും.
പാരാമെഡിക്‌സ് പെട്ടെന്ന് വീട്ടിൽ എത്തുകയും ചെയ്‌തു.. സ്റ്റെപ്പ് ഇറങ്ങിവന്ന ജെനിഫറുടെ ‘അമ്മ അനസൂയ പാരാമെഡിസിസിന്റെ മുന്നിലോട്ട് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അനസൂയയുടെ ജീവൻ രക്ഷിക്കാൻ പാരാമെഡിക്‌സ് ആവുന്നതുപോലെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.ഏപ്രിൽ ആദ്യവാരത്തിൽ കൊറോണ വൈറസ് പിടിയിൽ വീണ ജെനിഫറിന്റെ നില അനുദിനം വഷളായികൊണ്ടിരുന്നു. അനസൂയയുടെ മരണം നടക്കുമ്പോൾ ജെനിഫറിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിൽ നിന്നും കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ എക്‌മോ മെഷീനിലേക്ക് മാറ്റിയിരുന്നു. പ്രതീക്ഷകൾ മങ്ങിയപ്പോഴും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ.. ഒരു വയസ്സ് മാത്രമുള്ള കുട്ടിയുമായി കണ്ണീരണിഞ്ഞ് ഭർത്താവ് ശരവണൻ…
കിങ്‌സ് ലിൻ ക്യുൻ എലിസബത്ത്, കെയിംബ്രിജ് പാപ് വേർത് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ… ചികിത്സയും പ്രാർത്ഥനകളും ഒരുപോലെ ചേർന്നപ്പോൾ കിങ്‌സ് ലിൻ മലയാളി സമൂഹത്തിനും സഹപ്രവർത്തകർക്കും ആശ്വാസത്തിന്റെ വാർത്തകൾ എത്തിച്ചേർന്നത്.. അതെ മരണത്തെ മുഖാമുഖം കണ്ട ജെന്നിഫർ ജീവിതത്തിലേക്ക് തിരിച്ചുകയറി. ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ ആണ് സഹായിക്കാൻ വന്ന തന്റെ ‘അമ്മ തന്നെ വിട്ട് ഇതിനകം മണ്ണോട് ചേർന്നു എന്ന സത്യം ആശുപത്രി അധികൃതർ ജെന്നിഫറിനെ അറിയിച്ചത്.
ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയപ്പോൾ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ തുടർചികിത്സക്കായി ജെനിഫറിനെ മാഞ്ചെസ്റ്റെർ ഹോസ്പിറ്റലിലേക്ക് മാറ്റി. ആഴ്ചകളോളം കോമയിൽ ഉള്ള ചികിത്സകൾ കാലുകൾക്ക് സ്വാധീനക്കുറവ് ഉണ്ടാവുക സാധാരണമാണ്. ഫിസിയോ തുടങ്ങി പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ജെന്നിഫർ കഴിഞ്ഞ വ്യാഴാഴ്ച്ച, പതിനാലാം തിയതി 38 ദിവസത്തോളം നീണ്ട ആശുപത്രി ചികിത്സ വിട്ട് കുടുംബത്തോടൊപ്പം ചേർന്നു. സംസാരിക്കാൻ പറ്റിയ ആരോഗ്യ നിലയിൽ എത്തിയപ്പോൾ തുടങ്ങി മലയാളികളായ കൂട്ടുകാരികളും സഹപ്രവർത്തകരും വീഡിയോ കോളിലൂടെ ജെനിഫറിനോട് സംസാരിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
കിങ്‌സ് ലിൻ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ കൂട്ടായ്മയിലെ സജീവ സാന്നിദ്യമായിരുന്നു ഗോവയിൽ ജനിച്ചു വളർന്ന മലയാളി തായ്‌വേരുകൾ ഉള്ള, നന്നായി മലയാളം സംസാരിക്കുന്ന ജെന്നിഫർ എന്ന നഴ്‌സും കുടുംബവും.
രണ്ടു വർഷം മുൻപ്, ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. കുഞ്ഞുണ്ടായപ്പോൾ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അനസൂയ മകളായ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുന്നതും തുടർന്ന് കൊറോണ പിടിപെടുന്നതും. ഇതിനകം മൂന്ന് മാസം പൂർത്തിയായ പിറകെ പിതാവ് ഗോവയിലേക്ക് തിരിച്ചു പോവുകയും ചെയ്‌തിരുന്നു.
അനസൂയയുടെ മരണത്തോടെ കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ പിടിപെട്ട ജെന്നിഫർ.. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സക്കുള്ള പണം, തുടർന്ന് മരണം… ചിലവുകൾ താങ്ങാൻ ജെനിഫറുടെ കുടുംബത്തിന് സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഉണർന്ന് പ്രവർത്തിച്ചു.അങ്ങനെയാണ് കിങ്‌സ് ലിൻ മലയാളി അസോസിയേഷന്റെ സഹായ അഭ്യർത്ഥന മലയാളം യുകെ വാർത്തയിലൂടെ പുറത്തുവിട്ടത്. സത്യസന്ധമായ വാർത്തകളോട് എന്നും ക്രിയാത്‌മകമായി പ്രതികരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന യുകെ മലയാളികളെയാണ് പിന്നീട് കണ്ടത്… ഒരേ ഒരു വാർത്ത മാത്രം.. ശവസംസ്ക്കാര ചടങ്ങുകൾക്ക് മാത്രം പണം കണ്ടെത്താൻ ഇറങ്ങിയ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ നിമേഷ് മാത്യു, ജെയ്‌മോൻ ജേക്കബ്, ജോമി ജോസ് എന്നിവരെ അത്ഭുതപ്പെടുത്തുകയായിരുന്നു യുകെ മലയാളികൾ.. ഒൻപതിനായിരത്തോളം പൗണ്ട് ആണ് അസോസിയേഷന്റെ അക്കൗണ്ടിൽ എത്തിച്ചേർന്നത്. ഇതുകൂടാതെ GOFUNDME വഴി £6500 കിങ്‌സ് ലിൻ മലയാളികൾ ഉൾപ്പെടെ ശരവണന്റെ അക്കൗണ്ടിൽ നേരിട്ടും പണം നല്‌കുകയുണ്ടായി.
ഇതിനിടെ ജെന്നിഫർ സുഖം പ്രാപിക്കുന്നതുവരെ അനസൂയയുടെ മൃതദേഹം സൂക്ഷിക്കുന്നു എന്നുള്ള വാർത്ത ഐ ടീവി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. എന്നാൽ അതിഭീമമായ തുക വേണ്ടിവരും എന്നതിനാലും എന്ന് ജെന്നിഫർ സുഖമായി പുറത്തുവരും എന്നിനെക്കുറിച്ചു ഒരു രൂപവും ഇല്ലാതിരുന്നതിനാൽ ഏപ്രിൽ ഇരുപത്തിനാലിന് അനസൂയയുടെ സംസ്‌കാരം നടത്തുകയും ചെയ്‌തിരുന്നു. ഏപ്രിൽ ഇരുപത്തിരണ്ടിന് തന്നെ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ തുക ജെനിഫറിന്റെ ഭർത്താവ് ആയ ശരവണന് കൊടുത്തിരുന്നു.
പ്രിയ യുകെ മലയാളികളെ നിങ്ങൾ ഓരോരുത്തരും ചെയ്‌ത അനുകമ്പാർദ്രമായ സഹായത്തിന് മലയാളം യുകെയും അതോടൊപ്പം കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളും യുകെ മലയാളികളോട് നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ജെനിഫറുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളെപ്പോലെ തന്നെ മരണ വാർത്തകൾ കണ്ടു മനസ്സ് മരവിച്ച യുകെ മലയാളികൾക്ക് ആശ്വാസത്തിന്റെ സന്തോഷത്തിന്റെ ഓർമ്മകൾ സമ്മാനിക്കും എന്ന വിശ്വാസത്തോടെ…. ഒരിക്കൽ കൂടി നന്ദി…
Leave a Reply