ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രിയെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച എൻഎച്ച്എസ് നഴ്സ് ജോലി ഉപേക്ഷിച്ചു. പകർച്ചവ്യാധിയും നഴ്‌സുമാരുടെ ശമ്പളം സർക്കാർ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് വിമർശിച്ചാണ് ജെന്നി മക് ഗീ പടിയിറങ്ങിയത്. ജോലിയിൽ ഏറ്റവും പ്രയാസമേറിയ വർഷത്തിനുശേഷം എൻ‌എച്ച്‌എസിൽ നിന്ന് പടിയിറങ്ങുകയാണെന്ന് ജെന്നി പറഞ്ഞു. മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നഴ്‌സുമാർക്ക് അവർ അർഹിക്കുന്ന ബഹുമാനവും ഇപ്പോൾ ശമ്പളവും ലഭിക്കുന്നില്ലെന്ന് ചാനൽ 4 ഡോക്യുമെന്ററിയോട് അവർ പറഞ്ഞു. എൻ‌എച്ച്‌എസ് ജീവനക്കാർക്ക് ഈ വർഷം ഒരു ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയുടെ കാലങ്ങളിൽ തളരാതെ പോരാടുന്നവർക്ക് സർക്കാർ മതിയായ പരിഗണന നൽകുന്നില്ലെന്ന വാദമാണ് ജെന്നി ഉയർത്തുന്നത്.

ന്യൂസിലാന്റിൽ നിന്നുള്ള മക് ഗീ ഇപ്പോൾ സ്വന്തം നാട്ടിൽ സമയം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു. “അതെ, ഞങ്ങൾ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുന്നു. ഞങ്ങൾ മുൻനിര പോരാളികളാണെന്ന് പരക്കെ പറയപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകുന്നുണ്ടെങ്കിലും എനിക്ക് അതിൽ പൂർണ്ണ സംതൃപ്തിയില്ല. അതിനാൽ ജോലി രാജിവയ്ക്കുകയാണ്.” മക്ഗീ പറഞ്ഞു. “സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തതിലും അത്തരമൊരു മികച്ച ടീമിന്റെ ഭാഗമായതിലും ഞാൻ അഭിമാനിക്കുന്നു.” പടിയിറങ്ങുന്നതിന് മുമ്പായി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രിയെ ചികിത്സിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളാണ് ജെന്നി.

എൻ‌എച്ച്‌എസിന്റെ 72 വർഷം ആഘോഷിക്കുന്നതിനായി ഒരു ഗാർഡൻ പാർട്ടിക്ക് ജൂലൈയിൽ ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് അവളെ ക്ഷണിച്ചിരുന്നു. നഴ്സുമാരുടെ ശമ്പളവർധനവിനെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുന്നില്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് യൂണിസൺ യൂണിയനിലെ ആരോഗ്യ മേധാവി സാറാ ഗോർട്ടൺ പറഞ്ഞു. മലയാളികൾ അടക്കമുള്ള നിരവധി വിദേശ നഴ്സുമാർ ബ്രിട്ടനിൽ ജോലി നോക്കുന്നുവെന്നിരിക്കെ അവരെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ യാത്ര കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.