ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നേഴ്‌സ് രണ്ട് പേര്‍ തമ്മിലുണ്ടായ പോരാട്ടത്തില്‍ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നുവെന്ന് സ്ഥിരീകരണം. ജോവാന്‍ റാന്‍ഡ് എന്ന നേഴ്‌സാണ് കഴിഞ്ഞ ജൂണില്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. ജൂണ്‍ 14ന് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ച് ഇവര്‍ മരിച്ചു. മകളുടെ കുഴിമാടം സന്ദര്‍ശിച്ച ശേഷം ഒരു സിഗരറ്റ് വലിക്കാനിരുന്ന ഇവരുടെ ശരീരത്തിലേക്ക് സള്‍ഫ്യൂരിക് ആസിഡ് വീഴുകയായിരുന്നു. ബക്കിംഗ്ഹാംഷയറിലെ ഹൈ വൈക്കോമ്പിലായിരുന്നു സംഭവം. ആസിഡ് വീണ് പൊള്ളലേറ്റ ഇവര്‍ അടുത്തുള്ള കെഎഫ്‌സിയിലേക്ക് ഓടിക്കയറി ശരീരത്തില്‍ വെള്ളം ഒഴിച്ചു.
സംഭവത്തില്‍ പ്രതിയായ സെനറല്‍ വെബ്‌സ്റ്റര്‍ എന്ന 19കാരന്‍ കുറ്റം നിഷേധിച്ചു. സാഖ്വിബ് ഹുസൈന്‍ എന്നയാളുടെ സൈക്കിള്‍ വെബ്സ്റ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ ആലിസണ്‍ ഹണ്ടര്‍ ക്യുസി റീഡിംഗ് ക്രൗണ്‍ കോടതിയില്‍ പറഞ്ഞു. വെബ്സ്റ്റര്‍ ഒരു കുപ്പിയില്‍ ആസിഡുമായി എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഹുസൈനു നേര്‍ക്ക് ഇയാള്‍ ആസിഡ് എറിയുകയായിരുന്നു. ഇത് ആസിഡ് ആണെന്ന് പറഞ്ഞാണ് വെബ്സ്റ്റര്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചത്.
പെട്ടെന്ന് തന്നെ ഹുസൈന്‍ ഇയാളുടെ കയ്യില്‍ നിന്ന് ആസിഡ് കുപ്പി തട്ടിത്തെറിപ്പിച്ചു. കുറച്ചപ്പുറത്ത് ഇരിക്കുകയായിരുന്ന റാന്‍ഡിന്റെ ശരീരത്തിലാണ് ആസിഡ് പതിച്ചത്. മുടി നനഞ്ഞതും മുഖത്ത് പൊള്ളലേറ്റതും മനസിലായതോടെ ഇവര്‍ ഓടി കെഎഫ്‌സിയില്‍ കയറുകയായിരുന്നു. സംഭവത്തിനു ശേഷം ആസിഡ് കൊണ്ടുവന്ന കുപ്പി എടുക്കാനായി വെബ്സ്റ്റര്‍ ഒരു മുഖാവരണം ധരിച്ചുകൊണ്ട് എത്തുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്.
Leave a Reply